പാലക്കാട് : ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസനെ വെട്ടിക്കൊന്ന കേസില്‍ അറസ്റ്റിലായ പ്രതികളുമായി പോലീസ് തെളിവെടുപ്പ് നടത്തി. പട്ടാമ്പി മരുതൂര്‍ സ്വദേശി അഷ്റഫ്, ഒമിക്കുന്ന് സ്വദേശി അലി എന്നിവരെ പട്ടാമ്പിയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്.
മുഖ്യസൂത്രധാരന്‍ സഞ്ചരിച്ച കാര്‍ ഒളിപ്പിച്ച നാസറിനേയും ഇവര്‍ക്കൊപ്പം തെളിവെടുപ്പിനായി കൂട്ടിയിട്ടുണ്ട്. ശ്രീനിവാസന്റെ കൊലപാതകത്തിനായി ഗൂഢാലോചന നടത്തിയതില്‍ അഷ്റഫിനും അലിക്കും പങ്കുള്ളതായി പോലീസ് കണ്ടെത്തിയിരുന്നു. ഇരുവരും എസ്ഡിപിഐ പ്രവര്‍ത്തകരാണ്. പോപ്പുലര്‍ ഫ്രണ്ട് ജനറല്‍ സെക്രട്ടറി റൗഫിന്റെ സഹോദരനാണ് മരുതൂര്‍ സ്വദേശി അഷ്റഫ്.
അതേസമയം അഷ്റഫിനെയും അലിയെയും കസ്റ്റഡിയില്‍ എടുത്തതില്‍ പാലക്കാട് എസ്പി ഓഫീസിന് മുന്നില്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ പ്രതിഷേധം അറിയിച്ചു. ബന്ധുക്കളെ അറിയിക്കാതെ കസ്റ്റഡിയിലെടുത്തെന്നാണ് പരാതി.
ഏപ്രില്‍ 16-നാണ് പാലക്കാട് പട്ടാപ്പകല്‍ കടയില്‍ കയറി പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദികള്‍ ശ്രീനിവാസനെ വെട്ടിക്കൊന്നത്. കേസില്‍ ഇതുവരെ 25 പേര് അറസ്റ്റിലായിട്ടുണ്ട്. മുഖ്യപ്രതി ഉള്‍പ്പെടെ അഞ്ചിലധികമാളുകള്‍ ഇനിയും പിടിയിലാകാനുണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: