അഹമ്മദാബാദ്: ഗുജറാത്തില്‍ വിവിധ ജില്ലകളിലായി നാല് ദിവസത്തെ തിരക്കിട്ട ഔദ്യോഗിക പരിപാടികള്‍ക്കിടയിലും ജനിച്ച വീട്ടില്‍ അരനൂറ്റാണ്ടിനു ശേഷം അമ്മ വല്ലി ചന്ദ്രശേഖര്‍ക്കൊപ്പം ഒരിക്കല്‍ക്കൂടി എത്തുന്നതിനു കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ സമയം കണ്ടെത്തി. 1964 ല്‍ അഹമ്മദാബാദ് നവരങ്പുരയിലെ ശ്രീ നികേതന്‍ എന്ന വീട്ടിലാണ് എം കെ ചന്ദ്രശേഖറിന്റേയും വല്ലി ചന്ദ്രശേഖറിന്റേയും മകനായി അദ്ദേഹം ജനിച്ചത്.
അഹമ്മദാബാദില്‍ ടെക്‌സ്‌റ്റൈല്‍ മില്‍ ഉദ്യോഗസ്ഥനായിരുന്ന അമ്മയുടെ അച്ഛന്റെ വകയായിരുന്നു അന്ന് ശ്രീനികേതന്‍. ഏറെ ജനസമ്മതനായ സാമൂഹ്യപ്രവര്‍ത്തകന്‍ കൂടിയായിരുന്ന അദ്ദേഹം 1947 മുതല്‍ കേരള സമാജം മുതലായ പൊതു പ്രസ്ഥാനങ്ങളുമായി ബന്ധപെട്ട് പ്രവര്‍ത്തിച്ചിരുന്നു. മുപ്പതു വര്‍ഷത്തിലധികം അഹമ്മദാബാദ് നഗരത്തില്‍ ജീവിച്ച വല്ലി ചന്ദ്രശേഖര്‍ 57 വര്‍ഷങ്ങള്‍ക്കു ശേഷമാണ് വീണ്ടും ആ വീട്ടിലെത്തിയത്.
നിലവില്‍ ശ്രീനികേതന്റെ ഉടമസ്ഥയായ ഹര്‍സിമ്രത് ഡാങ് , പഴയ കെട്ടിടത്തിന്റെ പ്രൗഢി തെല്ലും ചോര്‍ന്നു പോകാതെ പേര് പോലും മാറ്റാതെ തന്നെ പരിരക്ഷിച്ചിരിക്കുന്നു. ഒരുകാലത്ത് പഴയ താമസക്കാരെ തിരക്കി നിരവധി പേര്‍ ഇവിടെ വരാറുണ്ടായിരുന്നുവെന്ന് ഹര്‍സിമ്രത് ഡാങ് പറഞ്ഞു. നിലവില്‍ ഹെറിറ്റേജ് ഹോം എന്ന നിലക്ക് പരിപാലിക്കപ്പെടുന്ന ശ്രീനികേതനില്‍ പണ്ട് കാലത്ത് എല്ലാ ദിവസവും തൊഴിലാളികള്‍ക്ക് സൗജന്യ ഭക്ഷണവും ഉഷ്ണകാലത്ത് തണുത്ത പാലും നല്‍കുന്ന പതിവ് ഉണ്ടായിരുന്നു. ആ പതിവ് അതേപടി ഇപ്പോഴും തുടര്‍ന്നുവരുന്നു. പുറമെ ആഴ്ചയില്‍ മൂന്നു ദിവസം സൗജന്യ ചികിത്സ നല്‍കുന്ന ഒരു ക്ലിനിക്കും ശ്രീനികേതനില്‍ നിലവിലുണ്ട്.
നാല് ദിവസം നീണ്ട ഔദ്യോഗിക സന്ദര്‍ശനത്തിനിടയില്‍ ഗുജറാത്ത് മുഖ്യമന്ത്രി ഭുപേന്ദ്രഭായ് പട്ടേല്‍, കേന്ദ്ര കമ്മ്യൂണിക്കേഷന്‍സ് വകുപ്പ് സഹമന്ത്രി ദേവ് സിംഗ് ചൗഹാന്‍ , സംസ്ഥാന മന്ത്രിമാര്‍, മുതിര്‍ന്ന കേന്ദ്രസംസ്ഥാന ഉദ്യോഗസ്ഥര്‍ , സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ , വിദ്യാര്‍ഥികള്‍, പൊതുപ്രവര്‍ത്തകര്‍ തുടങ്ങി സമൂഹത്തിന്റെ നാനാ തുറകളില്‍പ്പെട്ടവരുമായി രാജീവ് ചന്ദ്രശേഖര്‍ ചര്‍ച്ച നടത്തി.
‘പ്രശസ്തമായ ഒരു നാമം പേരിനൊപ്പം വേണമെന്നില്ല; പകരം കഠിനാദ്ധ്വാനവും സംരംഭക മനോഭാവവുമുണ്ടെങ്കില്‍ ഇന്ന് നിങ്ങള്‍ക്ക് ഇന്ത്യയില്‍ വിജയിക്കാം’, ഗുജറാത്ത് സര്‍വകലാശാലയില്‍ സ്റ്റാര്‍ട്ടപ്പ് സംരംഭകരേയും വിദ്യാര്‍ഥികളെയും അധ്യാപകരെയും അഭിസംബോധന ചെയ്യവേ അദ്ദേഹം പറഞ്ഞു. എന്നാല്‍ താന്‍ സംരംഭകനായി വരുമ്പോള്‍ ഇതായിരുന്നില്ല രാജ്യത്തെ സ്ഥിതിയെന്ന് അദ്ദേഹം അവരെ ഓര്‍മ്മിപ്പിച്ചു. 2014 നു മുന്‍പുള്ള അവസ്ഥയല്ല ഇന്ന് ഭാരതത്തില്‍ നില നില്‍ക്കുന്നത്. നരേന്ദ്ര മോഡി സര്‍ക്കാരിന്റെ ദീര്‍ഘവീക്ഷണമുള്ള നയങ്ങള്‍ രാജ്യത്തെ യുവജനങ്ങളുടെ വിജയത്തിന് നിരവധി അവസരങ്ങള്‍ ഒരുക്കിയിരിക്കുന്നു, രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയുടെ ഏകോപനത്തിനും പ്രോത്സാഹനത്തിനുമായി നിയതമായ ചട്ടക്കൂടുകളുള്ള ദേശീയതല സ്റ്റാര്‍ട്ടപ്പ് ഹബ് സംവിധാനം താമസിയാതെ നിലവില്‍ വരുമെന്ന് ചര്‍ച്ചകള്‍ക്കിടയില്‍ കേന്ദ്രമന്ത്രി സൂചിപ്പിച്ചു. ചാന്ദ്‌ഖേഡയിലെ ഗുജറാത്ത് ടെക്‌നോളജിക്കല്‍ സര്‍വ്വകലാശാല, നവരങ്പുരയിലെ ഗുജറാത്ത് സര്‍വ്വകലാശാല , പണ്ഡിറ്റ് ദീന്‍ ദയാല്‍ എനര്‍ജി സര്‍വ്വകലാശാല , ഗാന്ധിനഗറിലെ നോളഡ്ജ് സെന്റര് കോറിഡോര്‍ തുടങ്ങിയവയും അദ്ദേഹം സന്ദര്‍ശിച്ചു. പണ്ഡിറ്റ് ദീന്‍ ദയാല്‍ എനര്‍ജി സര്‍വകലാശാല സന്ദര്‍ശിച്ച . രാജീവ് ചന്ദ്രശേഖര്‍ക്കു മുന്നില്‍ വിദ്യാര്‍ഥികള്‍ തങ്ങളുടെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളും ആശയങ്ങളും പ്രദര്‍ശിപ്പിക്കുകയുണ്ടായി.
രാജ്യത്തെ ഇടത്തരം ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കായി നാസ്സ്‌കോം വികസിപ്പിച്ച പോര്‍ട്ടലിന്റെ ഉദ്ഘാടനവും നിര്‍വ്വഹിച്ചു.ഖരെല്‍ എഡ്യൂക്കേഷന്‍ കാംപസ്, നവ്‌സരിയിലെ എ എം നായിക് ടെക്‌നിക്കല്‍ ട്രെയിനിങ് സെന്റര്‍, നിരാലി കാന്‍സര്‍ സെന്റര്‍ എന്നിവയും സന്ദര്‍ശിച്ച രാജീവ് ചന്ദ്രശേഖര്‍ നൈപുണ്യ ശേഷി വികസനത്തിന്റെ നൂതന മേഖലകളും സാധ്യതകളും സംബന്ധിച്ച് അവരുമായി ആശയവിനിമയം നടത്തി. വേള്‍ഡ് മലയാളി കൗണ്‍സില്‍ അഹമ്മദാബാദ് ഘടകം ഭാരവാഹികളും അദ്ദേഹത്തെ സന്ദര്‍ശിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: