ഏറെ വിവാദം സൃഷ്ടിച്ച വിസ്മയാ കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാറിന് പത്ത് വര്‍ഷം തടവും പിഴയും ശിക്ഷ വിധിച്ച വിചാരണക്കോടതിയുടെ നടപടി മാതൃകാപരമാണെന്നു പറയാം. സ്ത്രീധനത്തെച്ചൊല്ലിയുണ്ടായ നിരന്തര പീഡനങ്ങളെത്തുടര്‍ന്ന് ബിഎഎംസ് വിദ്യാര്‍ത്ഥിനിയായ വിസ്മയ കൊല്ലത്തെ ഭര്‍തൃവീട്ടില്‍ ജീവനൊടുക്കുകയായിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സ്ത്രീധന പീഡനം, ആത്മഹത്യാ പ്രേരണ, ഗാര്‍ഹിക പീഡനം എന്നീ കുറ്റങ്ങള്‍ സംശയാതീതമായി തെളിഞ്ഞതിനാല്‍ പ്രതി കുറ്റക്കാരനാണെന്ന് വിചാരണക്കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. മാതാപിതാക്കള്‍ വൃദ്ധരാണ്, അസുഖബാധിതരാണ് എന്നൊക്കെ പറഞ്ഞ് പ്രതി കനിവിനായി അപേക്ഷിച്ചെങ്കിലും കോടതി അത് അനുവദിച്ചില്ല. ഇത്തരം ആവലാതികള്‍ പരിഗണിക്കേണ്ടതില്ലെന്ന് പ്രോസിക്യൂഷന് നിലപാടെടുത്തു. സ്ത്രീധനമെന്ന സാമൂഹിക വിപത്തിനെതിരായ കേസാണിതെന്നും, വിസ്മയ ആത്മഹത്യ ചെയ്തതാണെങ്കിലും അതിനെ കൊലപാതകത്തിന് തുല്യമായി കാണണമെന്നും പ്രോസിക്യൂഷന് പറഞ്ഞത് കോടതി ശരിവയ്ക്കുകയായിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്ന പ്രതിക്ക് നിയമത്തെക്കുറിച്ച് അറിയാമെന്നും, മറ്റുള്ളവര്‍ നിയമം ലംഘിക്കുന്നുണ്ടോ എന്നു നോക്കാന്‍ ചുമതലപ്പെട്ടയാള്‍ തന്നെ കടുത്ത നിയമലംഘനം നടത്തിയത് അംഗീകരിക്കാനാവില്ലെന്നും കോടതി തീര്‍ച്ചപ്പെടുത്തിയതോടെ പ്രതിക്ക് ശിക്ഷ ഉറപ്പായി. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായിരുന്ന പ്രതിയെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടിരുന്നു.
സ്ത്രീധനത്തെ ഒരു സാമൂഹിക വിപത്തായി കാണാന്‍ ബഹുഭൂരിപക്ഷം പേരും ഇപ്പോഴും തയ്യാറല്ലെന്നതാണ് വാസ്തവം. സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും നിയമവിരുദ്ധമാണ്. പക്ഷേ വിവാഹച്ചന്തയില്‍ പെണ്‍കുട്ടികള്‍ ഇപ്പോഴും കാലികളെപ്പോലെ വില്ക്കപ്പെടുകയാണ്. വിദ്യാസമ്പന്നരെന്നോ അല്ലാത്തവരെന്നോ ഭേദമില്ലാതെ ഈ കുറ്റം ചെയ്യുന്നവരാണ് ഏറെയും. ഇത് തങ്ങളുടെ അവകാശമെന്നപോലെയാണ് വിവാഹിതരാവുന്ന യുവാക്കള്‍ കാണുന്നത്. പെണ്മക്കള്ക്ക് സ്വര്‍ണമായും പണമായുമൊക്കെ കനത്ത സ്ത്രീധനം നല്‍കുന്നത് മാതാപിതാക്കള്‍ അഭിമാനകരമായി കാണുകയും ചെയ്യുന്നു. പെണ്‍കുട്ടികള്‍ക്ക് തങ്ങളുടെ സമ്പാദ്യത്തിലെ വിഹിതം നല്കാന് മാതാപിതാക്കള്‍ക്ക് താല്‍പ്പര്യമുണ്ടാവും. അതിന് നിയമാനുസൃതമായ നിരവധി മാര്‍ഗങ്ങളുണ്ട്. എന്നാല്‍ അതിനെക്കുറിച്ചൊന്നും ആലോചിക്കുകപോലും ചെയ്യാതെയാണ് സ്ത്രീധനമെന്ന പേരിലുള്ള വിലപേശലിന് മാതാപിതാക്കള്‍ നിന്നുകൊടുക്കുന്നത്. ഈ മനോഭാവം മാറിയേ മതിയാവൂ. സ്ത്രീധനം വാങ്ങുന്നവര്‍ മാത്രമല്ല, കൊടുക്കുന്നവരും ശിക്ഷിക്കപ്പെടണം. നിയമം എതിരാണെങ്കിലും ശിക്ഷിക്കാന്‍ വകുപ്പുകളുണ്ടെങ്കിലും നടപടികള്‍ ഉണ്ടാവാറില്ല. ഭരണാധികാരികളുടെ മക്കള്‍ പോലും കിലോക്കണക്കിന് സ്വര്‍ണാഭരണങ്ങളില്‍ പൊതിഞ്ഞ് വിവാഹവേദിയിലെത്തുമ്പോള്‍ ആര്‍ക്കാണ് നപടിയെടുക്കാന്‍ ധൈര്യമുണ്ടാവുക?
സ്ത്രീധനം വാങ്ങുന്നതിനെക്കാള്‍ എത്രയോ ഹീനമാണ് അതിന്റെ പേരില്‍ അപമാനവും പീഡനവും സഹിക്കാനാവാതെ പെണ്‍കുട്ടികള്‍ക്ക് ജീവനൊടുക്കേണ്ടി വരുന്നത്. വിസ്മയയുടേത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് എല്ലാവര്‍ക്കുമറിയാം. സമീപകാലത്തു തന്നെ നിരവധി പെണ്‍കുട്ടികള്‍ ഇപ്രകാരം ആത്മഹത്യ ചെയ്യുകയുണ്ടായി. ഗാര്‍ഹികാതിക്രമങ്ങളില്‍ നല്ലൊരു ശതമാനം സ്ത്രീധനത്തെച്ചൊല്ലിയുള്ളതാണ്. കൊലപാതകങ്ങള്‍ ആത്മഹത്യകളായി എഴുതിത്തള്ളുന്ന രീതിയുമുണ്ട്. സ്ത്രീധന മരണങ്ങളില്‍ പലപ്പോഴും പ്രതിയാവുന്നത് ഭര്‍ത്താവു മാത്രമാണ്. തുല്യ കുറ്റം ചെയ്യുന്നവരാണ് മാതാപിതാക്കളും. പ്രശ്നത്തിന്റെ തുടക്കംതന്നെ പലപ്പോഴും ഇവരില്‍നിന്നാവും. പെണ്‍കുട്ടികളെ സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിക്കുന്നത് ഭര്‍ത്താവായാലും അയാളുടെ മാതാപിതാക്കളായാലും ബന്ധുക്കളായാലും കേസില്‍ പ്രതികളാവുകയും ശിക്ഷിക്കപ്പെടുകയും വേണം. ഇത് ഉറപ്പാക്കിയാല്‍ സ്ത്രീധന പീഡനങ്ങളും മരണങ്ങളും വലിയൊരളവുവരെ കുറയുമെന്ന കാര്യം ഉറപ്പാണ്. സ്ത്രീധന മരണക്കേസുകള്‍ ശരിയായി അന്വേഷിക്കപ്പെടാത്തതും തെളിവുകള്‍ ശേഖരിക്കാത്തതും പ്രതികള്‍ രക്ഷപ്പെടാനിടവരുത്താറുണ്ട്. തെളിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെ തേച്ചുമായ്ച്ചുകളയുന്നതായും ആക്ഷേപമുയരുക പതിവാണ്. വിസ്മയ കേസിലേതുപോലെ ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കുന്നത് കുറ്റം തെളിയിക്കാന്‍ സഹായിക്കും. ‘കൊലയാളിക്ക്’ ശിക്ഷ കുറഞ്ഞുപോയെന്ന് വിസ്മയയുടെ മാതാപിതാക്കള്‍ പറയുന്നത് അവരുടെ സങ്കടത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ്. മേല്‍ക്കോടതിയെ സമീപിക്കുമെന്നും അവര്‍ പറയുന്നുണ്ട്. നിയമം അതിന്റെ വഴിക്ക് പോകട്ടെ. ഈ കേസില്‍ പ്രതിക്ക് കിട്ടിയിരിക്കുന്ന ശിക്ഷ മറ്റുള്ളവരെ കുറ്റം ചെയ്യുന്നതില്‍നിന്ന് പിന്തിരിപ്പാന്‍ പര്യാപ്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: