തൃശൂര്‍: ആവലാതികളും സന്തോഷങ്ങളും ഭഗവാന് മുന്നില്‍ സമര്‍പ്പിക്കാനായി ഗുരുപവനപുരിയിലെത്തുന്ന ഭക്തര്‍ക്ക് നേരെ ചില ദേവസ്വം സെക്യൂരിറ്റിക്കാരുടെ തരംതാണ സമീപനം മുന്‍പും നിരവധി തവണ വാര്‍ത്തയായിട്ടുള്ളതാണ്. ഇവര്‍ ഭക്തരെ കന്നുകാലികളെ പോലെ ആട്ടിപ്പായിക്കുന്നുവെന്ന് കാണിച്ച് പ്രതിഷേധത്തിന്റെ ശബ്ദം ആണ്‍പെണ്‍ വ്യതാസമില്ലാതെ ഉയരുന്നത് നിത്യ സംഭവമായിരിക്കുന്നു.
രണ്ടു ഗ്രൂപ്പിലായി രണ്ടു ലക്ഷം പേര് അംഗമായുള്ള ഫേസ്ബുക്കിലെ ഗുരുവായൂര്‍ ക്ഷേത്രം ഓണ്‍ലൈന്‍ ലൈവ് പേജിലാണ് ഭക്തര്‍ തങ്ങളുടെ ദുരനുഭവങ്ങള്‍ പങ്കിട്ടത്. ഭൂരിപക്ഷം പേര്‍ക്കും പറയാനുള്ളത് സെക്യൂരിറ്റി ജീവനക്കാരുടെ പെരുമാറ്റത്തെ കുറിച്ചാണ്. നല്ലവരായ സെക്യൂരിറ്റി ജീവനക്കാരും കൂട്ടത്തിലുണ്ടെന്ന് അഭിപ്രായമുണ്ട്. ഭക്തരെ ആട്ടിയോടിക്കലും അപഹാസ്യരാക്കലും അസഭ്യ വാക്കുകള്‍ പറയുകയുമാണ് ഒരു കൂട്ടം സെക്യൂരിറ്റി ജീവനക്കാരുടെ തൊഴില്‍. ദൂരെ സ്ഥലങ്ങളില്‍ നിന്നും വരുന്നവര്‍ അമ്പലത്തിലെ ആചാരങ്ങള്‍ അറിയാത്തതിനാല്‍ സംശയം ചോദിക്കാനെത്തിയാല്‍ അവിടെ പോയി ചോദിക്ക്, ഇവിടെ പോയി ചോദിക്ക് എന്ന് പറഞ്ഞ് സെക്യൂരിറ്റിക്കാര്‍ വട്ടം ചുറ്റിക്കും.
ഭക്തര്‍ക്കുള്ള സംശയങ്ങള്‍ ദൂരീകരിക്കാന്‍ കഴിവില്ലാത്തവരെയാണ് ഇതിന് നിയമിച്ചിട്ടുള്ളതെന്നത് ഖേദകരമാണ്. ഭഗവാനെ കാണാനായി വരിനില്‍ക്കാന്‍ വേണ്ടി മഴകൊണ്ട് ഓടിവന്ന സ്ത്രീയെ ദര്‍ശനത്തിന് കയറ്റി വിടാതെ തടഞ്ഞു. രണ്ടോ മൂന്നോ പേര് മാത്രം ബാക്കിയുണ്ടായിട്ടും ഇവരെ കടത്തിവിട്ടില്ല. സെക്യൂരിറ്റിക്കാരാട് കേണപേക്ഷിക്കുകയും സുഖമില്ലാത്ത ആളാണെന്നും പറഞ്ഞപ്പോള്‍ എന്നാല്‍ പിന്നെ വീട്ടിലിരുന്നാല്‍ പോരെയെന്നായിരുന്നു മറുപടി എന്ന് പരാതിയുണ്ട്. ക്ഷേത്ര മതില്‍ക്കെട്ടിനകത്ത് അയ്യപ്പ ക്ഷേത്രത്തിന് സമീപത്തു കൂടെ വയോജനങ്ങള്‍ക്കും മറ്റും പ്രത്യേക വഴിയിലൂടെ ശ്രീകോവിലില്‍ പ്രവേശിക്കാനാകും.
ഇതിനായി ദേവസ്വം മാനേജരുടെ കയ്യില്‍ നിന്നുള്ള സഌപ് ആവശ്യമാണ്. ഇതു വാങ്ങാനെത്തുന്നവരെ സെക്യൂരിറ്റിക്കാന്‍ ചീത്ത പറയുകയും പ്രധാന വരിയില്‍ പോയി നില്ക്കാന് പറഞ്ഞ് ആട്ടിയോടിക്കുകയും ചെയ്യുന്നതായി ഭക്തര്‍ ആരോപിക്കുന്നു. ഭക്തരുടെ കൈപ്പിടിച്ച് വലിക്കുക, നടയില്‍ നിന്നും പിടിച്ചു മാറ്റുക തുടങ്ങി ഭഗവാന്റെ മുന്നില്‍ വിഷമങ്ങളും സന്തോഷങ്ങളും ബോധിപ്പിക്കാനെത്തുന്നവരെ ദൈവീക അന്തരീക്ഷത്തില്‍ വച്ച് സ്ത്രീകളായ സെക്യൂരിറ്റി ജീവനക്കാരും വഴക്കു പറയുന്നതായും പറയുന്നു. ദര്‍ശനത്തിന് 500 രൂപ കൈമടക്ക് വാങ്ങി ദര്‍ശന സൗകര്യം ചെയ്തു കൊടുക്കുന്ന സെക്യൂരിറ്റി ജീവനക്കാരും ഉണ്ടത്രെ.
ദേവസ്വം വക കൗസ്തുഭം ലോഡ്ജിലും സാധാരണക്കാരായ ഭക്തര്‍ക്ക് നേരെ ക്രൂരമായ അവഗണനയാണ് നടക്കുന്നത്. ദൂരദേശങ്ങളില്‍ നിന്നും വരുന്ന സാധാരണക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ താമസിക്കാവുന്ന കൗസ്തുഭത്തില് 2 ദിവസത്തേക്ക് ബുക്ക് ചെയ്തവരോട് 1 ദിവസം കഴിയുമ്പോള്‍ ഒഴിഞ്ഞുപോകാന്‍ പറയും. ചോദ്യം ചെയ്താല്‍ കല്യാണ പാര്‍ട്ടികള്‍ ബുക്ക് ചെയ്തിട്ടുണ്ട് എന്നും മറ്റുമായിരിക്കും ഇവരുടെ പ്രതികരണം. ഇവര്‍ ബുക്ക് ചെയ്ത മുറികള്‍ എങ്ങനെ മറ്റുള്ളവരുടെ പേരില്‍ ബുക്കിങ്ങായി എന്ന ചോദ്യത്തിനും മറുപടിയില്ലെന്ന് ഭക്തജനങ്ങള്‍ ആരോപിക്കുന്നു.
അന്നദാനത്തിന് ഭക്ഷണം കഴിക്കാനെത്തുന്നവര്‍ക്ക് നേരെ വലിഞ്ഞു കയറി ചെന്ന ആളെപ്പോലെയാണ് പെരുമാറ്റമെന്ന് പറയുന്നവര്‍ ഏറെ. ചോറ് എറിഞ്ഞ് ഇടുക, രണ്ടാമത് ചോദിച്ചാല്‍ ശ്രദ്ധിക്കാതിരിക്കുക തുടങ്ങി എല്ലാംകൊണ്ടും തിക്താനുഭവങ്ങള്‍ വയറു നിറച്ചാണ് പലരും തിരികെ ഗുരുവായൂരില്‍ നിന്നും മടങ്ങുന്നത്. ഇത്തരം കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ദേവസ്വം അധികാരികള്‍ക്ക് പരാതികള്‍ നിരവധി കൊടുത്തെങ്കിലും ഇതിനെതിരെ ചെറുവിരലനക്കാന്‍ പോലും വേണ്ടപ്പെട്ടര്‍ തയ്യാറാകുന്നില്ലെന്ന് ഗുരുവായൂര്‍ ക്ഷേത്രം ഓണ്‍ലൈന്‍ ഫേസ്ബുക്ക് കൂട്ടായ്മ അഡ്മിന് ഗുരുവായൂര്‍ സ്വദേശി മധു മനയില്‍ ജന്മഭൂമിയോട് പറഞ്ഞു. ഭക്തര്‍ക്ക് എതിരെയുള്ള ദേവസ്വത്തിന്റെ കടന്നു കയറ്റത്തെ നേരിടാന്‍ ഭക്തര്‍ക്കൊപ്പം നിലകൊള്ളുമെന്നും മധു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: