തിരുവനന്തപുരം: തമിഴ്നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്കാര വിതരണ വേദിയായിരുന്നു അത്. അന്ന് മുഖ്യമന്ത്രിയായിരുന്ന ജയലളിതയും സദസ്സിലുണ്ട്. സംഗീത സംവിധായകന്‍ ദേവയുടെ നേതൃത്വത്തിലാണ് സ്റ്റേജില്‍ ലൈവ് സംഗീതം ഒരുക്കിയിരിക്കുന്നത്. പാടാനെത്തിയത് അന്ന് അത്രയൊന്നും അറിയപ്പെടാത്ത മലയാളി ഗായിക സംഗീത സചിത്. പാടിയത് കെ.ബി. സുന്ദരാംബാള്‍ എന്ന തമിഴ്നാട്ടിലെ പുകള്‍പ്പെട്ട ഗായികയുടെ ഗാനം. എ.പി. നാഗരാജന്‍ സംവിധാനം ചെയ്ത ‘തിരുവിളയാടല്‍’ എന്ന ചിത്രത്തില്‍ കെ.ബി. സുന്ദരാംബാള്‍ ആലപിച്ചതാണ് ഈ ഗാനം. ഈ ഗാനത്തിന് തമിഴ്നാട്ടില്‍ വലിയ പ്രാധാന്യമുണ്ട്. കാരണം തമിഴരുടെ ദൈവമായ മുരുകന്റെ കഥയുമായി ബന്ധപ്പെട്ടതാണ് ഈ ഗാനം.
സംഗീത സചിത്തിന്റെ ജയലളിതയുടെ മനം കവര്‍ന്ന പഴം നീയപ്പാ എന്ന ഗാനം:
ലോകം മുഴുവന്‍ മൂന്ന് തവണ ചുറ്റുന്നവര്‍ക്ക് ഒരു സവിശേഷമായ പഴം നല്‍കുമെന്ന ശിവന്റെ വാക്കുകള്‍ കേട്ട മൂത്ത മകനായ മുരുകന്‍ ലോകം മുഴുവന്‍ ചുറ്റാന്‍ ഇറങ്ങിത്തിരിച്ചു. ഇളയമകനായ ഗണേശനാകട്ടെ അമ്മയായ പാര്‍വ്വതീ ദേവിയെയും പിതാവ് ശിവനേയും മൂന്ന് വട്ടം വലം വെച്ചു. കാരണം ശിവനും പാര്‍വ്വതിയും തന്നെയാണ് പ്രപഞ്ചം എന്ന് ഗണേശന്‍ ചിന്തിച്ചു. സംപ്രീതരായ ശിവനും പാര്‍വ്വതിയും ഉടനെ പഴം ഗണേശന് നല്‍കി. ഉലകം മൂന്ന് വട്ടം ചുറ്റി എത്തിയ മുരുകന് പഴമില്ല. ഇതോടെ മുരുകന്‍ കുപിതനായി സന്യാസി വേഷം കെട്ടി താന്‍ ഇനി കൈലാസം വിട്ട് ദൂരെ പഴനിയില്‍ പോയി ഇരിക്കുമെന്ന് പറഞ്ഞ് പുറപ്പെട്ടു. അന്നേരം മുരുകനെ ശാന്തനാക്കാന്‍ കവയത്രി അവ്വയാര്‍ പറഞ്ഞുകൊടുക്കുന്ന വരികള്‍ തമിഴ്നാട്ടില്‍ പ്രശസ്തമാണ്. ‘നിനക്ക് പഴത്തിന്റെ ആവശ്യമില്ല. പഴം നീ തന്നെയാണ്’ എന്ന് അവ്വയാര്‍ പറഞ്ഞുകൊടുക്കുന്നതാണ് ‘തിരുവിളയാടല്‍ എന്ന സിനിമയിലെ “പഴം നീ അപ്പാ… ” എന്ന ഗാനം.
“നീയാണ് പഴം (പഴം നീയപ്പാ)
നീയാണ് ജ്ഞാനപ്പഴം (ജ്ഞാനപ്പഴം നീയപ്പാ)
നീയാണ് തമിഴ് ജ്ഞാനത്തിന്റെ പഴം”(തമിഴ് ഗാനം പഴം നീ അപ്പാ)…
ഇത്രയുമാണ് ആ ഗാനത്തിന്റെ അന്തസത്ത.
കെ.ബി. സുന്ദരാംബാള്‍ പാടിയ തിരുവിളൈയാടല്‍ എന്ന സിനിമയിലെ പഴം നീയപ്പാ എന്ന ഗാനം:
വലിയ ജ്ഞാനം പകര്‍ന്നു നല്‍കുന്ന ഈ ഗാനമടങ്ങിയ ചിത്രത്തില്‍ ഔവ്വയാറായി വേഷം കെട്ടി, ഗാനം സിനിയില്‍ പാടി അഭിനയിക്കുന്നത് കെ.ബി. സുന്ദരാംബാളാണ്. തമിഴ് മക്കളുടെ ഹൃദയം കീഴടക്കുന്നതായിരുന്നു ഈ ഗാനം. കണ്ണദാസന്റെ വരികള്‍ക്ക് കെ.വി. മഹാദേവനാണ് സംഗീതം നല്‍കിയത്. ജയലളിതയ്‌ക്ക് ഏറെ പ്രിയമുള്ളതായിരുന്നു ഈ ഗാനം.
മലയാളി ഗായികയായ സംഗീത സചിത് തനിമ ഒട്ടും ചോരാതെ സുന്ദരാംബാളിന്റെ അതേ വൈകാരിക തീവ്രതയോടെയാണ് (ഒരു പക്ഷെ അതിനേക്കാള്‍ മികവോടെ) ഈ ഗാനം സ്റ്റേജില്‍ ആലപിച്ചത്. സദസ്സില്‍ ഇരുന്ന ജയലളിതയെ ഈ ഗാനം ഇളക്കിമറിച്ചു. അവര്‍ നേരെ സ്റ്റേജിലേക്ക് കയറി പാട്ടുകാരിക്ക് തന്റെ കഴുത്തില്‍ കിടന്ന പത്തു പവന്റെ മാല ഊരിനല്‍കി. സുന്ദരാംബാളിനെ കേട്ടതുപോലെ എന്നാണ് ജയലളിത അന്ന് പറഞ്ഞത്.
കഴിഞ്ഞ ദിവസം സംഗീത സചിത് എന്ന ഗായിക ഓര്‍മ്മയായി മാറി. തന്റെ 45ാം വയസ്സില്‍ വൃക്കസംബന്ധമായ രോഗത്തെ തുടര്‍ന്നാണ് ഈ ഗായികയെ സിനിമാലോകത്തിന് നഷ്ടമായത്. മലയാളത്തില്‍ കാര്യമായി പാടിയില്ലെങ്കിലും തമിഴ്, തെലുങ്ക്, കന്നട ഭാഷകളില്‍ 200 സിനിമകളില്‍ സംഗീത സചിത് പാടി.
‘അമ്പിളി പൂവട്ടം പൊന്നുരുളി’ എന്ന എന്റെ സ്വന്തം ജാനകിക്കുട്ടി ഹിറ്റായി. പഴശ്ശിരാജയിലെ ‘ഓടത്തണ്ടില്‍ താളം കൊട്ടും’ എന്ന ഗാനത്തിനും നല്ല സ്വീകാര്യതയുണ്ടായി. കാക്കക്കുയില്‍ എന്ന മോഹന്‍ലാല്‍ സിനിമയിലെ ‘ആലാരേ ഗോവിന്ദ’ വന്‍ ഹിറ്റായിരുന്നു. രാക്കിളിപ്പാട്ടിലെ ‘ധും ധും ധും ധും ദൂരെയതോ’…എന്ന ഗാനവും സൂപ്പര്‍ ഹിറ്റായി. അയ്യപ്പനും കോശിയിലെ ‘താളം പോയി തപ്പും പോയി’ വരെ മലയാളത്തിലും സംഗീത സചിത് ചില നല്ല പാട്ടുകള്‍ പാടി. ഒടുവില്‍ കുരുതി എന്ന മലയാളം ചിത്രത്തിലെ തീം സോങ്ങ് പാടി.
തമിഴില്‍ നാളെ തീര്‍പ്പ് എന്ന ചിത്രത്തില്‍ അരങ്ങേറ്റം. എ.ആര്‍. റഹ്മാന്‍ സംഗീതം ചെയ്ത മിസ്റ്റര്‍ റോമിയോ എന്ന സിനിമയിലെ ‘തണ്ണീരും കാതലിക്കും’ പ്രശസ്തമായി. സ്വപ്ന ശ്യാമപ്രസാദ്, സ്മിത അനില്‍ എന്നിവര്‍ മക്കളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: