ടോക്കിയോ: വിവിധ മേഖലകളില്‍ സമാന ചിന്താഗതിക്കാരായ രാജ്യങ്ങള്‍ തമ്മില്‍ ആഴത്തിലുള്ള സഹകരണം ലക്ഷ്യമിട്ട സംരംഭമായ ഇന്തോ-പസഫിക് ഇക്കണോമിക് ഫ്രെയിംവര്‍ക്ക് ഫോര്‍ പ്രോസ്പെരിറ്റിയില് (ഐപിഇഎഫ്) പങ്കാളിയായി ഇന്ത്യയും. ഇന്നലെ ടോക്കിയോയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, യുഎസ് പ്രസിഡന്റ് ജോ ബൈഡന്, ജപ്പാന് പ്രധാനമന്ത്രി കിഷിദ ഫ്യൂമിയോ എന്നിവര്‍ പങ്കെടുത്തു.
ഇന്തോ-പസഫിക് സാമ്പത്തിക ചട്ടക്കൂട് നിര്‍മിക്കാന്‍ പങ്കാളികളുമായി ചേര്‍ന്ന് ഇന്ത്യ പ്രവര്‍ത്തിക്കുമെന്ന് ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ചരിത്രപരമായി ഇന്ത്യ, ഇന്തോ-പസഫിക് മേഖലയിലെ വ്യാപാര പ്രവാഹത്തിന്റെ കേന്ദ്രമായിരുന്നു, ഈ മേഖലയെ ആഗോള സാമ്പത്തിക വളര്‍ച്ചയുടെ കേന്ദ്രമാക്കി മാറ്റാനുള്ള കൂട്ടായ ആഗ്രഹത്തിന്റെ പ്രഖ്യാപനമാണ് ഐപിഇഎഫ്. ഇന്തോ-പസഫിക് മേഖലയിലെ സാമ്പത്തിക വെല്ലുവിളികളെ നേരിടാന്‍, ക്രിയാത്മകവും പൊതുവായതുമായ പരിഹാരങ്ങള്‍ കïെത്തണം. ലോകത്തെ ഏറ്റവും പഴക്കമേറിയ വാണിജ്യ തുറമുഖം ഗുജറാത്തിലെ ലോഹ്താലിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ ചട്ടക്കൂടിന്റെ ആരംഭത്തോടെ, എല്ലാ പങ്കാളി രാജ്യങ്ങളും സാമ്പത്തിക സഹകരണത്തിലും പങ്കിട്ട ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ചര്‍ച്ചകള്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മോദി പറഞ്ഞു.
ലോക ജിഡിപിയുടെ ഏകദേശം 40 ശതമാനം പ്രതിനിധീകരിക്കുന്ന ബ്രൂണെ, ജപ്പാന്, ഓസ്ട്രേലിയ, ഇന്തോനേഷ്യ, ദക്ഷിണ കൊറിയ, മലേഷ്യ, ന്യൂസിലന്‍ഡ്, വിയറ്റ്നാം, തായ്ലന്ഡ്, സിംഗപ്പൂര്‍, ഫിലിപ്പീന്‍സ് എന്നിവയുള്‍പ്പെടെയുള്ള രാജ്യങ്ങളാണ് ഐപിഇഎഫിന്റെ മറ്റ് പ്രാരംഭ പങ്കാളികള്‍.
ഇന്ന് ചേരുന്ന ക്വാഡ് ഉച്ചകോടിയെ മോദി അഭിസംബോധന ചെയ്യും. ജോ ബൈഡന്, ഫ്യൂമിയോ കിഷിദ, ഓസ്ട്രേലിയയുടെ പുതിയ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് എന്നിവരുമായി മോദി കൂടിക്കാഴ്ചകള്‍ നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: