ത്യശ്ശൂര്: ദേശീയതയിലൂന്നിയ വിദ്യാഭ്യാസരീതി സര്‍വ്വകലാശാലകളില്‍ അവലംബിച്ചാല്‍ ഏകീകൃത സിവില്‍ കോഡിന്റെ ആവശ്യകത തന്നെ ഇല്ലെന്നും ഇന്ത്യന്‍ വിദ്യാഭ്യാസ രംഗത്ത് ദേശീയത തകര്‍ത്തെറിഞ്ഞത് നെഹ്റുവിന്റെ കാലത്തെന്നും കിസാന്‍ മോര്‍ച്ച ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. എസ്. ജയസൂര്യന്‍.
കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റി എംപ്ലോയീസ് സംഘിന്റെ രണ്ടാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന വിജ്ഞാന സദസ് ഉദ്ഘാടനം ചെയ്ത് ‘ഏകീകൃത സിവില്‍ കോഡും, സര്‍വ്വകലാശാലകളില്‍ ദേശീയത ശക്തി പ്രാപിക്കേണ്ട ആവശ്യകതയും’ എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഒരു അമേരിക്കന്‍ ഡോളര്‍ ഒരു ഇന്ത്യന്‍ രൂപയ്ക്ക് സമമായിരുന്ന കാലഘട്ടത്തില്‍ നിന്നും ഒരു അമേരിക്കന്‍ ഡോളര്‍ 77 ഇന്ത്യന്‍ രൂപ കൊടുത്താലും തികയാത്ത കാലഘട്ടത്തിന്റെ തുടക്കവും നെഹ്റുവില്‍ നിന്നാണ്. കൊളോണിയല്‍ ശക്തികള്‍ അടിച്ചേല്‍പ്പിച്ച അടിമ വിദ്യാഭ്യാസം സ്വാതന്ത്ര്യത്തിനു ശേഷവും തുടരുന്ന ഏകരാജ്യം ഭാരതം മാത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യോഗത്തില്‍ ബിഎംഎസ് ജില്ലാ പ്രസിഡന്റ് എം.കെ. ഉണ്ണിക്യഷ്ണന് അധ്യക്ഷനായി. ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് കെ.എ. ഉണ്ണികൃഷ്ണന് യു.വി.എ.എസ് സംഘടനാ സെക്രട്ടറി ഡോ. മനോഹര്‍ എ. നായര്‍, സംഘ് ജന. സെക്രട്ടറി അനൂപ് ശങ്കരപ്പിള്ള എന്നിവര്‍ സംസാരിച്ചു.
സര്‍വ്വകലാശാലകളെ തകര്‍ക്കുന്ന നീക്കങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് ഉണ്ണികൃഷ്ണന് ഉണ്ണിത്താന് ആവശ്യപ്പെട്ടു. കേരളത്തിലെ സര്‍വ്വകലാശാലകളെ തകര്‍ക്കുന്ന നയമാണ് ഇടത് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. കേരളത്തിന്റെ സാമ്പത്തിക രംഗത്തെ തകര്‍ത്തതില്‍ കമ്യൂണിസ്റ്റ് ഭരണത്തിന് വലിയ പങ്ക് ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ചടങ്ങില്‍ ഫെസ്റ്റോ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.കെ. ജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ഉദ്ഘാടന സമ്മേളനത്തില്‍ ഫെഡറേഷന് ഓഫ് യൂണിവേഴ്സിറ്റി എംപ്ലോയീസ് സംഘ് ജനറല്‍ സെക്രട്ടറി അരുണ്‍കുമാര്‍ അധ്യക്ഷനായി. ബിഎംഎസ് ജില്ലാ പ്രസിഡന്റ് എന്‍.കെ.ഉണ്ണികൃഷ്ണന്, സീനിയര്‍ സിറ്റിസണ്‍ സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.വി. അച്ചുതന്, എന്‍ടിയു സംസ്ഥാന വനിതാ വിഭാഗം കണ്‍വീനര്‍ ശ്രീദേവി ടീച്ചര്‍, കേരള പിഎസ്സി എംപ്ലോയീസ് സംഘ് വൈസ് പ്രസിഡന്റ് സജീവ് തങ്കപ്പന്, ജിനു കെ. ജോസഫ്, ടി.ബി. ഭുവനേശ്വരന്‍, രാജഗോപാല്‍, എം.കെ. നരേന്ദ്രന്, അജി വി.എന്‍. തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: