പത്തനംത്തിട്ട: നഗരത്തില്‍ അനധികൃത കശാപ്പ് വ്യാപകമാകുന്ന പരാതിയെ തുടര്‍ന്ന് ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ 153 കിലോഗ്രാം മാംസം പിടിച്ചെടുത്തു. നഗരസഭാ ചെയര്മാന് അഡ്വ. ടി. സക്കീര്‍ഹുസൈന്‍ നല്കിയ ഉത്തരവിനെ തുടര്‍ന്നാണ് തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ നഗരസഭ ആരോഗ്യ വിഭാഗം നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തിയത്.
നഗരത്തില്‍ അനധികൃത കശാപ്പ് ഒരു കാരണവശാലും അനുവദിക്കില്ലെന്നും, അത്തരം കേന്ദ്രങ്ങള്‍ പൂട്ടി സീല്‍ ചെയ്യ്ത് പ്രോസിക്യൂഷന് നടപടികള്‍ ആരംഭിക്കുമെന്നും നഗരസഭാ ചെയര്മാന് പറഞ്ഞു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നഗരത്തില്‍ കശാപ്പ്ശാല പ്രവര്‍ത്തിക്കുന്നില്ല. പുതിയ നഗരസഭാ ഭരണസമിതി ചുമതലയേറ്റതോടെ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി ലഭ്യമാക്കി കഴിഞ്ഞമാസം അറവുശാല പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.
എന്നാല്‍ കശാപ്പു ശാലയിലേക്ക് അറവ് മൃഗങ്ങളെ എത്തിക്കാതെ പല കേന്ദ്രങ്ങളിലും നിയമവിരുദ്ധമായി കശാപ്പ് തുടരുകയായിരുന്നു. അറവ് മാലിന്യങ്ങള്‍ നഗരത്തിന്റെ വിവിധ പ്രദേശങ്ങളിലേക്ക് വലിച്ചെറിഞ്ഞതിനെ തുടര്‍ന്നാണ് നഗരസഭാ ചെയര്മാന് ഉത്തരവ് നല്‍കിയത്. നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജെറി അലക്സിന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ അനീസ് പി.മുഹമ്മദ്, ബിനു ജോര്‍ജ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ദീപു തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: