തിരുവനന്തപുരം: ശബരിമലയ്‌ക്കെതിരേ വ്യാജ ചെമ്പോല ചമച്ചതിന് 24 ന്യൂസില്‍ നിന്ന് പുറത്താക്കപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ സഹിന്‍ ആന്റണിയെ അസോസിയേറ്റ് എഡിറ്ററാക്കി രാജ് ന്യൂസ്. കൊച്ചി വല്ലാര്‍പാടം ആസ്ഥാനമായി ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന രാജ് ചാനലിന്റെ എഡിറ്റോറിയല്‍ ആന്‍ഡ് ഓപ്പറേഷന്‍ വിഭാഗം തലവനാണ് നിലവില്‍ സഹിന്‍ ആന്റണി. അസോസിയേറ്റ് എഡിറ്റര്‍ കം ചീഫ് ഓപ്പറേഷന്‍സ് ഹെഡ് എന്ന പദവിയാണ് സഹിന്‍ അലങ്കരിക്കുന്നത്. തമിഴ്‌നാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രാജ് ന്യൂസിന്റെ ബ്രാന്‍ഡ് ഉപയോഗിച്ചാണ് ചാനല്‍ സംപ്രേഷണം തുടങ്ങുന്നത്. ഹിപ്പോ പ്രൈം മീഡിയ നെറ്റ് വര്‍ക്കാണ് സഹിന്റെ ചാനലിന് വേണ്ടി സാമ്പത്തിക സഹായം ചെയ്യുന്നതായാണ് റിപ്പോര്‍ട്ട്.
ട്വന്റി ഫോര്‍ ഉള്‍പ്പെടെയുളള ചാനലുകളില്‍ പ്രവര്‍ത്തിച്ച മറ്റൊരു പ്രമുഖ മാധ്യമപ്രവര്‍ത്തകനും എക്‌സിക്യൂട്ടീവ് എഡിറ്ററായി പുതിയ ചാനലില്‍ ജോയിന്‍ ചെയ്തുകഴിഞ്ഞു. മറ്റു പലചാനലുകളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുളള പല മാധ്യമപ്രവര്‍ത്തകരും സഹിന്‍ ആന്റണിയുടെ കീഴില്‍ ഇപ്പോള്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് വിവരം. മോഹന്‍ലാലിന്റെ ആറാട്ട് എന്ന സിനിമ നിര്‍മ്മിച്ച കമ്പനി കൂടിയാണ് ഹിപ്പോ െ്രെപം മീഡിയ. സിനിമ മേഖലയിലെ പല പ്രമുഖരുമായി ഉന്നതബന്ധമാണ് സഹിന്‍ ആന്റണിക്കുളളത്. വന്‍തുക ശമ്പളമായി നല്‍കിയാണ് സഹിനെ ഹിപ്പോ പ്രൈം മീഡിയ വല്ലാര്‍പാടത്തെ ചാനല്‍ ആസ്ഥാനത്തെത്തിച്ചിരിക്കുന്നത്. വിവാദ നായകന്‍ മോന്‍സണ്‍ മാവുങ്കലുമായുളള ബന്ധവും മുന്‍നിര ചാനലായ 24 ന്യൂസ് പുറത്താക്കിയ വ്യക്തിയെ അവരോധിച്ചത് മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ വ്യാപക ചര്‍ച്ചയ്‌ക്കിടയാക്കിയിട്ടുണ്ട്. സമീപകാലത്തിറങ്ങിയ ഡ്രൈവിങ് ലൈസന്‍സ്, ബ്രോ ഡാഡി, ജനഗണമന തുടങ്ങിയ ചിത്രങ്ങളില്‍ സഹിന്‍ ആന്റണി ചെറിയ വേഷങ്ങളും കൈകാര്യം ചെയ്തിരുന്നു.
സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച വ്യക്തിയാണ് മോന്‍സണ്‍ മാവുങ്കല്‍. ഇയാള്‍ക്കു വേണ്ടിയാണ് സഹിന്‍ ശബരിമലയ്‌ക്കെതിരേ വ്യാജവാര്‍ത്ത ചമച്ചത്. ശബരിമലയ്‌ക്കെതിരേ വ്യാജ ചെമ്പോല വാര്‍ത്ത ചമച്ചത് പുറത്തറിഞ്ഞതോടെ 24 ന്യൂസിനെതിരേ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് പരസ്യദാതാക്കളും പിന്‍വലിഞ്ഞതോടെ ചാനല്‍ മേധാവി ശ്രീകണ്ഠന്‍ നായരോട് ചാനല്‍ ഉടമകളായ ഗോകുലം ഗോപാലനും ഭീമ ഗോവിന്ദനും ഉടക്കിയിരുന്നു. ഇതോടെയാണ് സഹിന്‍ ആന്റണിയുടെ രാജി ചോദിച്ചു വാങ്ങാന്‍ ചാനല്‍ മേധാവി ശ്രീകണ്ഠന്‍ നായര്‍ നിര്‍ബന്ധിതനായത്. നടപടി സസ്‌പെന്‍ഷനിലൊതുക്കാന്‍ ശ്രീകണ്ഠന്‍ നായര്‍ ശ്രമിച്ചെങ്കിലും വിലപ്പോയില്ല. ചാനലിലെ മറ്റൊരു ഓഹരിയുടമയായ എന്‍ആര്‍ഐ വ്യവസായി മുഹമ്മദ് ആലുങ്കലിന്റെ പിന്തുണ സഹിന്‍ ആന്റണിക്കുണ്ടായെങ്കിലും ഫലമുണ്ടായില്ല. ശബരിമല വ്യാജ ചെമ്പോല വിഷയത്തില്‍ ശ്രീകണ്ഠന്‍ നായരോടും ഗോകുലം ഗോപാലനും ഭീമ ഗോവിന്ദനും വിശദീകരണം ചോദിച്ചിരുന്നു.
വ്യാജ ചെമ്പോല കാട്ടി ശബരിമല വിഷയത്തില്‍ ജാതിസ്പര്‍ധ സൃഷ്ടിക്കാന്‍ ശ്രമിച്ച റിപ്പോര്‍ട്ടര്‍ കൂടിയാണ് സഹിന്‍ ആന്റണി. പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലുമായുള്ള സഹിന്‍ ആന്റണിയുടെ അടുപ്പം ഏറെ വിവാദമായിരുന്നു. മോന്‍സന്‍ മാവുങ്കലിന്റെ സ്വകാര്യ മ്യൂസിയത്തിലേക്കു സിനിമാ താരങ്ങളെയും പൊലീസുകാരെയും ഐഎഎസ് ഉദ്യോഗസ്ഥരെയുമൊക്കെ ക്ഷണിച്ചു കൊണ്ടു പോയത് സഹിന്‍ ആന്റണിയാണെന്നു വെളിപ്പെട്ടിരുന്നു. സഹിന്‍ ആന്റണിയെ പ്രവാസി മലയാളി ഫെഡറേഷന്റെ മീഡിയ കോ ഓര്‍ഡിനേറ്ററാക്കിയത് മോന്‍സന്റെ ശുപാര്‍ശയിലാണെന്നു ഭാരവാഹികള്‍ വെളിപ്പെടുത്തിയിരുന്നു. സഹിന്‍ ആന്റണി അടുത്ത കാലത്തായി വന്‍തോതില്‍ സ്വത്തു സമ്പാദിച്ചതും മോന്‍സന്റെ ബിനാമിയായാണെന്ന് ആരോപണമുണ്ട്. കൊച്ചിയിലും റാസല്‍ഖൈമയിലും സഹിന്‍ റസ്റ്ററന്റുകള്‍ ആരംഭിച്ചിരുന്നു.
മോന്‍സന്റെ പക്കലുണ്ടായിരുന്ന വ്യാജ ചെമ്പോല ശബരിമലയുടെ രേഖയെന്ന തരത്തിലാണ് സഹിന്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതിന് പിന്നാലെ റിപ്പോര്‍ട്ട് ചെയ്ത സഹിന്‍ ആന്റണിക്കും ചാനലിനും എതിരെ ഹിന്ദു സംഘടനകളും, പന്തളം കൊട്ടാരവും പരാതി നല്‍കുകയും ചെയ്തു. ചെമ്പോല വ്യാജമെന്ന് മുഖ്യമന്ത്രിയടക്കം നിയമസഭയില്‍ പറഞ്ഞിട്ടും, ചാനല്‍ സഹിന്‍ ആന്റണിയെ 24 ന്യൂസ് പുറത്താക്കിയിരുന്നില്ല. പകരം താല്‍ക്കാലികമായി മാറി നില്‍ക്കാനായിരുന്നു ആവശ്യപ്പെട്ടത്.അതിനിടെ എറണാകുളം പ്രസ്‌ക്ലബുമായി ബന്ധപ്പെട്ട പത്തുലക്ഷം രൂപയുടെ പണമിടപാടില്‍ രണ്ടു ലക്ഷം രൂപ തനിക്ക് ലഭിച്ചതായി സഹിന്‍ ആന്റണി മൊഴി നല്‍കിയിട്ടുണ്ട്. പ്രസ് ക്ലബ്ബ് ഭാരവാഹികള്‍ പക്ഷെ രണ്ടു ലക്ഷം രൂപ മാത്രമായിരുന്നു കണക്കില്‍ കാണിച്ചത്. നേരത്തെ സഹിന്‍ ആന്റണിയെ പ്രസ്‌ക്ലബ്ബ് ഭാരവാഹിത്വത്തില്‍ നിന്നും രാജിവെപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: