കൊല്ലം: ആയൂര്‍വേദ മെഡിക്കല്‍ വിദ്യാര്‍ഥിനി നിലമേല്‍ സ്വദേശി വിസ്മയ വി. നായര്‍ ഭര്‍തൃവീട്ടില്‍ മരിച്ച കേസില്‍ ഭര്‍ത്താവ് കിരണ്‍കുമാര്‍ കുറ്റക്കാരന്‍. മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥനായിരുന്ന ഭര്‍ത്താവ് കിരണ്‍കുമാറിനെ മാത്രം പ്രതിയാക്കിയാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. വിസ്മയ മരിച്ച് ഒരു വര്‍ഷം പൂര്‍ത്തിയാകാന്‍ ഒരുമാസം ബാക്കിയുള്ളപ്പോഴാണ് വിധി വരുന്നത്. സുപ്രീം കോടതി അനുവദിച്ച ജാമ്യവും കോടതി റദ്ദാക്കി. സ്ത്രീധന പീഡനം, ആത്മഹത്യ പ്രേരണ, സ്ത്രീധന നിരോധന നിയമത്തിലെ മൂന്ന്, നാല് വകുപ്പുകള്‍ പ്രകാരം കിരണ്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. നാളെയാണ് ശിക്ഷാവിധി.
നാല് മാസത്തെ വിചാരണയ്ക്ക് ശേഷം കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.എന്‍. സുജിത്താണ് കേസില്‍ വിധി പ്രഖ്യാപിക്കുന്നത്. സ്ത്രീധനവുമായി ബന്ധപ്പെട്ട ക്രൂരമായ പ്രവൃത്തികള്‍ കാരണം അസ്വാഭാവിക മരണം ഉണ്ടാവുക (304-ബി), സ്ത്രീധന പീഡനം (496എ), ആത്മഹത്യ പ്രേരണ (306), പരിക്കേല്‍പ്പിക്കുക (323), ഭീഷണിപ്പെടുത്തുക (506), സ്ത്രീധന നിരോധന നിയമത്തിലെ മൂന്ന്, നാല് വകുപ്പുകളാണ് കിരണ്‍കുമാറിനെതിരെ ചുമത്തിയിരിക്കുന്നത്.
2021 ജൂണ്‍ 21ന് പുലര്‍ച്ചെ പോരുവഴി ശാസ്താംനട സ്വദേശി ഭര്‍ത്താവ് കിരണ്‍കുമാറിന്റെ വീടിന്റെ രണ്ടാം നിലയിലെ ശൗചാലയത്തിലാണ് വിസ്മയയെ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. ഭര്‍ത്താവിന്റെ പീഡനത്തെത്തുടര്‍ന്ന് മനംനൊന്താണ് വിസ്മയ തൂങ്ങി മരിച്ചതെന്നാണ് പ്രോസിക്യൂഷന് വാദം. വിസ്തരിച്ച 42 സാക്ഷികളും 120 രേഖകളും 12 മുതലുകളും ഹാജരാക്കിയതില്‍ നിന്നും കുറ്റകൃത്യങ്ങളില്‍ പ്രതിക്കുള്ള പങ്ക് വ്യക്തമായിട്ടുള്ളതായാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജി. മോഹന്‍രാജ് കോടതിയില്‍ വാദിച്ചത്. കേസിന്റെ അന്വേഷണത്തിനിടെ പ്രതിയായ കിരണ്‍കുമാറിനെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും പി
രിച്ചുവിട്ടിരുന്നു. ദക്ഷിണമേഖല ഡിഐജി ഹര്‍ഷിത അട്ടല്ലൂരിയുടെ പ്രത്യേക മേല്‍നോട്ടത്തില്‍ ശാസ്താംകോട്ട ഡിവൈഎസ്പി പി. രാജ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിനായിരുന്നു അന്വേഷണച്ചുമതല.
അതേസമയം, സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ഭര്‍തൃ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലമേല്‍ സ്വദേശിനി വിസ്മയ ഭര്‍ത്താവ് കിരണ്‍ കുമാറില്‍ നിന്ന് നേരിട്ട ക്രൂര പീഡനത്തെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തുന്ന വിസ്മയയുടെ ശബ്ദസന്ദേശം കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.
വിസ്മയ കരഞ്ഞുകൊണ്ട് അച്ഛന് ത്രിവിക്രമന്‍ നായരോട് സംസാരിക്കുന്ന ശബ്ദ സന്ദേശമാണ് പുറത്തുവന്നത്. ”എനിക്ക് പറ്റില്ല അച്ഛാ, ഇവിടെ നിര്‍ത്തിയിട്ട് പോയാല്‍ എന്നെ കാണില്ല, എനിക്ക് അങ്ങോട്ട് വരണം, കിരണ്‍കുമാര്‍ മര്‍ദിക്കുന്നു, പേടിയാകുന്നു, ഞാന്‍ എന്തെങ്കിലും ചെയ്യും” എന്നു പറയുന്ന ഫോണ്‍ സംഭാഷണമാണ് പുറത്തു വന്നിട്ടുള്ളത്. പീഡനത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ വീട്ടിലേക്ക് വരാന്‍ ആവശ്യപ്പെട്ടിരുന്നെന്ന് ത്രിവിക്രമന്‍ നായര്‍ പ്രതികരിച്ചു.
പ്രശ്നങ്ങളെല്ലാം വിസ്മയ ആദ്യം അമ്മയോടാണ് പറഞ്ഞത്. എല്ലാം ശരിയാകുമെന്ന് പറഞ്ഞ് സമാധാനിപ്പിച്ചു. ഒട്ടും സഹിക്കാത്തത് കൊണ്ടാവാം വിസ്മയ ആത്മഹത്യ ചെയ്തത്. ഇത്തരം സ്ത്രീധന പീഡനങ്ങള്‍ക്ക് എതിരായിട്ടുള്ള വിധി വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ത്രിവിക്രമന്‍നായര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: