Categories: Kerala

1500 കോടിയുടെ ഹെറോയിന്‍: പാക് ബന്ധത്തിന് പിന്നാലെ രണ്ട് മലയാളികളും പ്രതിപ്പട്ടികയില്‍, കേന്ദ്ര ഏജന്‍സികള്‍ തമിഴ്‌നാട്ടില്‍ തെരച്ചിലില്‍

ഇറാന്‍ ബന്ധമുളള രാജ്യാന്തര മയക്കുമരുന്ന് സംഘമാണ് കഴിഞ്ഞ ദിവസം പിടിയിലായത്. ഇറാന്‍ ബോട്ടിലാണ് അഗത്തിയുടെ പുറങ്കടലില്‍ ഹെറോയിന്‍ എത്തിച്ചത്. ഇവിടെ നങ്കൂരമിട്ട രണ്ട് മത്സ്യബന്ധന ബോട്ടുകളിലേക്ക് ലഹരി മരുന്ന് കൈമാറുകയായിരുന്നു.

Published by

കൊച്ചി : ലക്ഷദ്വീപ് തീരത്തിനടുത്തുള്ള പുറങ്കടലില്‍ നിന്നും നിന്നും 1500 കോടിയുടെ ഹെറോയിന്‍ പിടികൂടിയതുമായി ബന്ധപ്പെട്ട് മലയാളികളും പ്രതിപ്പട്ടികയില്‍. തിരുവനന്തപുരം സ്വദേശികളായ സുചന്‍, ഫ്രാന്‍സിസ് എന്നിവരാണ് പ്രതിപ്പട്ടികയില്‍. മയക്കുമരുന്ന് സംഘത്തിന് പാക്കിസ്ഥാന്‍ ബന്ധമുള്ളതായി ഡിആര്‍ഐ സ്ഥിരീകരിച്ചിട്ടുണ്ട്.  

കേസില്‍ അറസ്റ്റിലായ ആദ്യ നാല് പ്രതികളും തമിഴ്‌നാട് സ്വദേശികളാണ്. ഇവര്‍ പാക്കിസ്ഥാന്‍ ശൃംഖലയുടെ ഭാഗമാണെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കേസില്‍ മലയാളികളുടെ ബന്ധവും അന്വേഷിക്കുകയാണ്. മയക്കുമരുന്ന് ബോട്ടുകള്‍ ലക്ഷ്യം വച്ചത് ഇന്ത്യന്‍ തീരമാണെന്നാണ് കണ്ടെത്തല്‍. 

ഇറാന്‍ ബന്ധമുളള രാജ്യാന്തര മയക്കുമരുന്ന് സംഘമാണ് കഴിഞ്ഞ ദിവസം പിടിയിലായത്. ഇറാന്‍ ബോട്ടിലാണ് അഗത്തിയുടെ പുറങ്കടലില്‍ ഹെറോയിന്‍ എത്തിച്ചത്. ഇവിടെ നങ്കൂരമിട്ട രണ്ട് മത്സ്യബന്ധന ബോട്ടുകളിലേക്ക് ലഹരി മരുന്ന് കൈമാറുകയായിരുന്നു. ഹെറോയിന്‍ നിറച്ച ചാക്കിന് പുറത്ത് പാകിസ്ഥാന്‍ ബന്ധം സൂചിപ്പിക്കുന്ന എഴുത്തുകളുമുണ്ട്. തമിഴ്‌നാട്ടിലെ ബോട്ടുടമകളെയും ഡിആര്‍ഐ പിടികൂടിയിട്ടുണ്ട്. പിടിയിലായ ബോട്ടുടമ ക്രിസ്പിന് ലഹരിമരുന്ന് കടത്തില്‍ മുഖ്യപങ്കാളിത്തമുണ്ടെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്.

പിടിയിലായ ബോട്ടില്‍ നിന്ന് സാറ്റലൈറ്റ് ഫോണും കണ്ടെടുത്തിട്ടുണ്ട്. നിരവധി രാജ്യാന്തര കോളുകള്‍ സാറ്റലൈറ്റ് ഫോണിലേക്ക് വന്നിട്ടുണ്ട്. അറബിക്കടലില്‍ ഹെറെയിന്‍ കൈമാറ്റത്തിനുളള ലൊക്കേഷന്‍ നിശ്ചയിച്ചത് സാറ്റലൈറ്റ് ഫോണിലൂടെയാണ്. കളളക്കടത്തിനെപ്പറ്റി എന്‍ ഐ എയും അന്വേഷണം തുടങ്ങിയിട്ടുണ്ട്. പ്രതികളെ എന്‍ഐഎ ചോദ്യം ചെയ്തു. മയക്കുമരുന്ന് പിടിച്ചതിന് പിന്നാലെ കന്യാകുമാരിയടക്കം തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ കേന്ദ്ര ഏജന്‍സികള്‍ തെരച്ചില്‍ നടത്തി വരികയാണ്.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by