അഡ്വ. എസ്. ജയസൂര്യന്‍
(കര്‍ഷകമോര്‍ച്ച ദേശീയ ഉപാധ്യക്ഷനാണ് ലേഖകന്‍)
കാലവര്‍ഷം വരും മുമ്പേ കേരളത്തിലെ നെല്‍ കര്‍ഷകര്‍ നിലയില്ലാക്കയത്തില്‍ അകപ്പെട്ടുകഴിഞ്ഞു. അവര്‍ നേരിടുന്ന എല്ലാ പ്രശ്നങ്ങളും പതിവുള്ള പ്രശ്നങ്ങള്‍ മാത്രമാണ്.
1. നെല്ല് എടുക്കാന്‍ മില്ലുകള്‍ തയ്യാറാവുന്നില്ല. 2. നെല്ലിലെ ഈര്‍പ്പം നിര്‍ണ്ണയിക്കാന്‍ ശാസ്ത്രീയ സംവിധാനങ്ങളില്ല. 3.വിറ്റ നെല്ലിന്റെ പണം കര്ഷകന് സമയത്തു ലഭിക്കുന്നില്ല. 4. കൊയ്ത്തു മെതിയന്ത്രങ്ങള്‍ ലഭിക്കാനുള്ള ബുദ്ധിമുട്ട്. 5. കര്‍ഷകരെ സമ്മര്‍ദ്ദത്തിലാക്കി കൊള്ളലാഭം നേടുന്ന തൊഴിലാളി യൂണിയനുകള്‍. 6. കര്‍ഷക രക്ഷയ്ക്ക് എത്തേണ്ട കാര്‍ഷിക ഡിപ്പാര്‍ട്ടുമെന്റുകളും ഉദ്യോഗസ്ഥന്മാരും അഴിമതിക്ക് കളമൊരുക്കുന്നു. 7. ഇതെല്ലാം കണ്ടില്ലെന്ന് നടിക്കുന്ന സംസ്ഥാന സര്‍ക്കാര്‍.
കേരളത്തിലെ ഏതു ജില്ലയിലാണെങ്കിലും നെല്‍കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ ഏറെക്കുറെ സമാനമാണ്. കുട്ടനാട്ടിലെ കര്‍ഷകര്‍ക്കും തൃശ്ശൂരിലെ പൊക്കാളി കര്‍ഷകര്‍ക്കും വയനാട്ടിലെ നെല്‍ കര്‍ഷകര്‍ക്കും പാലക്കാടന്‍ പാടങ്ങളിലും പ്രാദേശികമായി കൂടുതല്‍ പ്രശ്നങ്ങളുണ്ടെന്ന് മാത്രം.
സംസ്ഥാനത്ത് കാര്‍ഷിക യൂണിവേഴ്സിറ്റി മുതല്‍ കൃഷിഭവനുകള്‍ വരെ നീളുന്ന അതിഗംഭീരമായ ഉദ്യോഗസ്ഥ സംവിധാനങ്ങളും ഓഫീസുകളും ഡിപ്പാര്‍ട്ട്മെന്റുകളും അനവധിയുണ്ടെങ്കിലും അവര്‍ക്കൊന്നും ഇന്നുവരെ നെല്‍ കര്‍ഷകന്റെ പ്രശ്നങ്ങള്‍ക്ക് പരിഹാരം നല്കാന് കഴിഞ്ഞിട്ടില്ല.
എന്താണ് പരിഹാരം?
സംസ്ഥാന സര്‍ക്കാരിന്റെ ആത്മാര്‍ത്ഥമായ സമീപനം തന്നെയാണ് പ്രധാനം. മറ്റ് സംസ്ഥാനങ്ങളില്‍ സമൃദ്ധമായി നെല്ല് ഉത്പാദിപ്പിക്കുകയും ലോകത്തെ ഏറ്റവും വലിയ നെല്ല് ഉത്പാദക രാജ്യമായി ഭാരതം ഉയര്‍ന്നുവരികയും ചെയ്യുന്ന ഈ സമയത്ത് കേരളത്തില്‍ മാത്രം നെല്‍കൃഷി എന്തുകൊണ്ട് താഴോട്ടു പോകുന്നു എന്ന് നാം തിരിച്ചറിയണം.
കാര്‍ഷിക മേഖലയിലെ ഉദ്യോഗസ്ഥന്മാര് കസേരയില്‍ നിന്ന് ഇറങ്ങാതെ ജീവിക്കുന്നത് കേരളത്തില്‍ മാത്രമാണ്. കര്‍ണാടകത്തിലും ഗുജറാത്തിലുമൊക്കെ പോയാല്‍ അവിടെ കാര്‍ഷിക ഓഫീസുകളില്‍ ഉദ്യോഗസ്ഥന്മാര് ഉണ്ടാവില്ല. അവര്‍ പാടത്ത് പണിയെടുക്കുന്ന കര്‍ഷകരോടൊപ്പം അവര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങളും സഹായങ്ങളുമായി ഒപ്പമുണ്ട്. അതാണ് അവിടുത്തെ രീതി.
പരീക്ഷണ ശാലയില്‍ നിന്നും പാടത്തേക്ക് എന്ന് നാം മുദ്രാവാക്യം വിളിച്ചിട്ട് പതിറ്റാണ്ടുകളായി. പക്ഷേ പാടത്തുള്ള കര്ഷകന് ഇന്നുവരെ പരീക്ഷണശാലകള്‍ കണ്ടിട്ടില്ല. പരീക്ഷണശാലയിലുള്ളവര് ഇന്നുവരെ പാടവരമ്പത്തു പാലും പോയിട്ടുമില്ല. ടിവിയിലും പത്രത്തിലും പടം വരാന്‍ മാത്രം കൃഷി മന്ത്രിമാര്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന കേരളത്തില്‍ ഇതൊക്കെ ഇപ്രകാരം നടന്നാല്‍ മതി എന്നാവും ഉദ്യോഗസ്ഥരുടെ പക്ഷം.
കൃത്യസമയത്ത് കര്ഷകന് വിത്തും വളവും പണവും ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താന്‍ ഭരണകൂടത്തിന് ബാധ്യതയില്ലേ.? കൊയ്ത്തു കഴിഞ്ഞ പാടത്തു നിന്ന് നെല്ല് സംഭരിക്കാന്‍ ആരെങ്കിലും എത്തുന്നുണ്ടോ എന്നുള്ള കാര്യം കൃഷിമന്ത്രി എങ്കിലും അന്വേഷിക്കേണ്ടതല്ലേ? എന്നാല്‍ ഇന്ന് സംഭവിക്കുന്നത് എന്താണ്? നെല്ല് വിറ്റാല്‍ അപ്പോള്‍ത്തന്നെ കര്‍ഷകന്റെ അക്കൗണ്ടിലേക്ക് പണം നല്കാന് ഉത്തരേന്ത്യയില്‍ സാധിക്കുന്നുണ്ട്. എങ്കില്‍ നമ്പര്‍വണ്‍ എന്ന് വീമ്പിളക്കുന്ന കേരളത്തില്‍ എന്തുകൊണ്ട് അതിനു
സാധിക്കുന്നില്ല? വളം, കീടനാശിനി, വിത്ത്, കൃഷിപ്പണി, കൊയ്ത്ത്, മെതി എന്നിവയ്ക്കെല്ലാം ആവശ്യമായ സാമ്പത്തിക സഹായം അതാതു സമയത്തുതന്നെ ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ബാധ്യതയില്ലേ ?
കൊയ്തെടുത്ത നെല്ലിന്റെ ഈര്‍പ്പം നിര്‍ണയിക്കുന്ന സംവിധാനമാണ് കേരളത്തില്‍ ഏറെ കുത്തഴിഞ്ഞു കിടക്കുന്നത്. ഇതിന് പരിഹാരമായി നാളിതുവരെ യാതൊരു ശാസ്ത്രീയ സംവിധാനവും ഏര്‍പ്പെടുത്താന്‍ സംസ്ഥാന ഭരണകൂടത്തിന് സാധിച്ചിട്ടില്ല. സാധിക്കണം എന്ന ലക്ഷ്യവുമില്ല. ഏറെ വലിയ സാങ്കേതിക വിദ്യകളും യന്ത്രസംവിധാനങ്ങളും ഒന്നും ആവശ്യമില്ലാത്ത ഈ മേഖലയെങ്കിലും മാതൃകാപരമായി പ്രവര്‍ത്തിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണം.
വിലനിര്‍ണ്ണയം സംസ്ഥാന സര്‍ക്കാര്‍ നടത്തിയിട്ടുണ്ടെങ്കിലും നിര്‍ണ്ണയിക്കപ്പെട്ട വില കര്ഷകന് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ എന്തെങ്കിലും ഒരു സംവിധാനം നിലവിലുണ്ടോ? ഇല്ലെങ്കില്‍ അതിന്റെ കാരണം എന്തെന്ന് അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സംവിധാനം ഏര്‍പ്പെടുത്തണം. അതില്‍ വീഴ്ച്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണം.
കൊയ്ത്തു മെതി യന്ത്രങ്ങള്‍ എന്നുള്ളത് കിട്ടാക്കനി ഒന്നുമല്ലല്ലോ. ഒരു പാടത്തേക്ക് ആവശ്യമായ കൊയ്ത്തു മെതി യന്ത്രങ്ങളുടെ എണ്ണം നിശ്ചയിക്കാനും സ്വന്തമായി ലഭ്യമാക്കാനും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് സാധ്യമല്ല എങ്കില്‍ സ്വകാര്യ മേഖലയില്‍ നിന്നെങ്കിലും വാടകയ്ക്ക് മെഷീന് വാങ്ങി കര്‍ഷകര്‍ക്ക് കൃത്യസമയത്തെത്തിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം.
കുട്ടനാട്ടില്‍ ഉള്‍പ്പെടെ ബണ്ടുകളുടെ ബലപ്പെടുത്തല്‍ നെല്‍കൃഷിക്ക് ഏറെ അനിവാര്യമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ഇന്നുള്ള കുറ്റകരമായ അലംഭാവം നമ്മുടെ കര്‍ഷകരോട് മാത്രമല്ല രാജ്യത്തോട് തന്നെ ചെയ്യുന്ന ദ്രോഹമാണ് എന്ന് മനസ്സിലാക്കണം. കാര്‍ഷിക മേഖലയ്ക്കായി കേന്ദ്രം അനുവദിക്കുന്ന പണം നഷ്ടപ്പെടുത്താതെ ഉപയോഗിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണം.
കൃഷി വകുപ്പ് ഉദ്യോഗസ്ഥന്മാര് കൃഷിയിടങ്ങളിലെത്തി കര്‍ഷകര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കണം. ഭരണാധികാരികള്‍ ഇക്കാര്യം ഉറപ്പുവരുത്തണം. ആരും ചോദിക്കാനും പറയാനും ഇല്ലാത്ത ഏറെ അഴിമതി നിറഞ്ഞ ഒരു മേഖലയാണ് കേരളത്തിലെ നെല്ല് ഉത്പാദന മേഖല. കര്‍ഷകനെ സംബന്ധിച്ചിടത്തോളം ചെളിയില്‍ നിന്ന് കരയ്ക്കുകയറി ജീവിതം പച്ചപിടിപ്പിക്കാന്‍ പോലും സമയമില്ല എന്നിരിക്കെ ഉദ്യോഗസ്ഥരുടെ അഴിമതിക്കെതിരെയും യുദ്ധം ചെയ്യാന്‍ അവര്‍ക്കാവില്ല.
ഓരോ പാടശേഖരത്തിനും നെല്‍കര്‍ഷകര്‍ക്ക് വേണ്ടി ഒരു പാര്‍ലമെന്റ് ഏര്‍പ്പെടുത്തുകയും ഓരോ വര്‍ഷവും ഈ പാര്‍ലമെന്റ് കൂടി തീരുമാനിക്കുന്ന കാര്യങ്ങള്‍ സമയബന്ധിതമായി നടപ്പാക്കുകയും വേണം. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥന്മാര് വീഴ്ചവരുത്തിയാല്‍ കര്‍ഷകര്‍ക്ക് ഉണ്ടാവുന്ന നഷ്ടം ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ നിന്നും പിടിക്കുന്ന സംവിധാനം ഏര്‍പ്പെടുത്തണം.
നയം തിരുത്തുമോ സംസ്ഥാന സര്‍ക്കാര്‍?
ഈ പ്രശ്നങ്ങള്‍ക്കെല്ലാം ശാശ്വതമായ പരിഹാരം വേണമെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവച്ച എഫ്പിഒ(ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ ഓര്ഗനൈസേഷന്) സംവിധാനം കേരളത്തിലും നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിക്കണം.
ഓരോ പാടശേഖരത്തിലെയും നെല്‍ കര്‍ഷകര്‍ ഒന്നിച്ചു ചേര്‍ന്ന് ഓരോ എഫ്പിഒകള്‍ ഉണ്ടാക്കിയാല്‍ അവരുടെ വിത്ത്, വളം, കീടനാശിനി പ്രയോഗം, വെള്ളം വിത്ത് ശേഖരണം, കൊയ്തെടുത്ത നെല്ലിന്റെ വിലനിര്‍ണ്ണയം, ഈര്‍പ്പം ശാസ്ത്രീയമായി കണ്ടുപിടിക്കാനുള്ള സംവിധാനം, നെല്ല് മാര്‍ക്കറ്റുകളില്‍ എത്തിക്കുക, മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കി മാര്‍ക്കറ്റ് ചെയ്യുക എന്നിവയെല്ലാം നടത്താന്‍ ആവശ്യമായ മൂലധനം കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നുണ്ട്. കേരളത്തിലെ നെല്‍കര്‍ഷകര്‍ക്ക് ഈ സൗകര്യം ലഭ്യമാക്കുന്നതിന് ഏക തടസ്സം സംസ്ഥാന സര്‍ക്കാര്‍ മാത്രമാണ്.
ഓരോ എഫ്പിഒക്കും കേന്ദ്രസര്‍ക്കാര്‍ നല്കുന്ന കോടിക്കണക്കിന് രൂപയുടെ ധനസഹായം കേരളത്തിലെ കര്‍ഷകര്‍ക്ക് മാത്രം നിഷേധിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ നയം തിരുത്തുകയാണ് അടിയന്തിരമായി വേണ്ടത്. ഓരോ പാടശേഖരത്തിലേക്കും കോടാനു കോടി രൂപയുടെ കേന്ദ്ര സര്‍ക്കാര്‍ ധനസഹായം ലഭ്യമാണ് എന്നിരിക്കെ അവയെ തടഞ്ഞുകൊണ്ട് കേരളത്തിലെ സര്‍ക്കാരുകള്‍ നടത്തുന്നത് കര്‍ഷകദ്രോഹം മാത്രമല്ല വിലകുറഞ്ഞ രാഷ്ട്രീയ മത്സരം കൂടിയാണ്.
സങ്കുചിത സ്വാര്‍ത്ഥ രാഷ്ട്രീയ ലാഭത്തിന് അപ്പുറം കേരളത്തിന്റെ ഭക്ഷ്യസുരക്ഷയും നെല്‍ കര്‍ഷകരുടെ സാമ്പത്തിക സുരക്ഷയും എന്നതായിരിക്കട്ടെ സംസ്ഥാന സര്‍ക്കാരുകളുടെ ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: