ന്യൂഡൽഹി: രാജീവ് ഗാന്ധിയുടെ ചരമദിനത്തിൽ ‘വൻമരങ്ങൾ വീഴുമ്പോൾ നിലം കുലുങ്ങും’ എന്ന വിവാദ പ്രയോഗം ട്വീറ്റ് ചെയ്ത കോണ്‍ഗ്രസ് നേതാവ് ആദിർ രഞ്ജന്‍ ചൗധരിയ്‌ക്കെതിരെ വ്യാപകമായ വിമര്‍ശനം.
1984ല്‍ ഇന്ദിരാഗാന്ധി വധിക്കപ്പെട്ടപ്പോള്‍ സിഖുകാർക്കെതിരെ രാജ്യതലസ്ഥാനമായ ദല്‍ഹിയില്‍ 500ല്‍ പരം സിഖുകാര്‍ കൊലചെയ്യപ്പെട്ടിരുന്നു. ഈ അക്രമത്തെ ന്യായീകരിച്ച് രാജീവ് ഗാന്ധി പറഞ്ഞത് ‘വൻമരങ്ങൾ വീഴുമ്പോൾ നിലം കുലുങ്ങും’ എന്നാണ്. ഇന്ദിരാഗാന്ധിയെപ്പോലെ ഒരു വന്‍മരം വീഴുമ്പോള്‍ നിലം കുലുങ്ങുന്നത് സ്വാഭാവികമാണെന്നാണ് രാജീവ് ഗാന്ധി പറഞ്ഞത്. അന്ന് ഇത്തരമൊരു പ്രയോഗം നടത്തിയതിന് രാജീവ് ഗാന്ധി തന്നെ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു.
ഇപ്പോള്‍ രാജീവ് ഗാന്ധിയുടെ ചരമ വാർഷിക ദിനത്തിൽ ഇതേ വാക്കുകൾ തന്നെ ആദിർ രഞ്ജന്‍ ചൗധരി ഉപയോഗിച്ചത് കോണ്‍ഗ്രസില്‍ വലിയ വിമർശനങ്ങൾക്ക് കാരണമായി. ഇതോടെ വിവാദ ട്വീറ്റ് രഞ്ജന്‍ ചൗധരി പിന്‍വലിക്കുകയായിരുന്നു. ഈ ട്വീറ്റ് താന്‍ ചെയ്തതല്ലെന്നും തന്റെ ട്വിറ്റർ അക്കൗണ്ട് ആരോ ഹാക്ക് ചെയ്‌തതാണെന്നുമാണ് ആദിർ രഞ്ജൻ ചൗധരി നൽകുന്ന വിശദീകരണം.
ട്വീറ്റുമായി തനിക്ക് യാതൊരു ബന്ധമില്ലെന്നും തനിക്കെതിരെ നടക്കുന്ന വ്യാജപ്രചാരണത്തിന്റെ ഭാഗമാണ് ട്വീറ്റെന്നുമാണ് ആദിർ രഞ്ജൻ ചൗധരി പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: