കൊച്ചി: അറബിക്കടലില്‍ ലക്ഷദ്വീപ് തീരത്തോടടുത്ത് മത്സ്യബന്ധന ബോട്ടുകളില്‍ നിന്ന് 1526 കോടി രൂപയുടെ 218 കിലോ ഹെറോയിന്‍ പിടികൂടി. രാജ്യത്ത് ഈയിടെ നടന്നതില്‍ ഏറ്റവും വലിയ മയക്കുമരുന്നു വേട്ടയാണിത്. തീരദേശ സേനയും ഡിആര്‍ഐയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. തമിഴ്‌നാട് രജിസ്‌ട്രേഷനുള്ള പ്രിന്‍സ്, ലിറ്റില്‍ ജീസസ് എന്നീ ബോട്ടുകളുടെ രഹസ്യ അറയില്‍ സൂക്ഷിച്ചിരുന്ന മയക്കുമരുന്നാണ് പിടികൂടിയത്. ബോട്ടില്‍നിന്ന് 20 പേരെ കസ്റ്റഡിയിലെടുത്തു. ഇവര്‍ തമിഴ്‌നാട് സ്വദേശികളാണെന്ന് അറിയുന്നു.
ഇന്ത്യന്‍ തീരത്തേക്ക് മയക്കുമരുന്ന് എത്തുന്നതായുള്ള രഹസ്യ സന്ദേശത്തെ തുടര്‍ന്ന് ഒരു മാസമായി ഡിആര്‍ഐ-കോസ്റ്റ് ഗാര്‍ഡ് സംഘം ‘ഓപ്പറേഷന്‍ ഖോജ്ബിന്‍’ എന്ന പേരില്‍ കടലില്‍ നിരീക്ഷണം നടത്തുകയായിരുന്നു. കോസ്റ്റ് ഗാര്‍ഡിന്റെ സുജീത് കപ്പലില്‍ ദിവസങ്ങളോളം നടത്തിയ പരിശോധനയില്‍ ബുധനാഴ്ചയാണ് ബോട്ടുകള്‍ കസ്റ്റഡിയിലെടുത്തത്. തൊഴിലാളികളെ ലക്ഷദ്വീപിനു സമീപംവച്ച് ചോദ്യം ചെയ്തു. തുടര്‍ന്നാണ് രഹസ്യ അറയില്‍ മയക്കുമരുന്ന് സൂക്ഷിച്ചിരിക്കുന്നത് വെളിപ്പെട്ടത്. ഒരു കിലോ വീതമുള്ള 218 പാക്കറ്റുകളിലായിരുന്നു ഇവ. അന്താരാഷ്‌ട്ര വിപണിയില്‍ വലിയ ആവശ്യക്കാരുള്ള മുന്തിയ ഇനം ലഹരി മരുന്നാണിത്. വിപണിയില്‍ ഇതിന് 1526 കോടി രൂപ വില വരും.
ലഹരിക്കടത്ത് പിടികൂടിയതിനെ തുടര്‍ന്ന് ബോട്ട് കസ്റ്റഡിയിലെടുത്തു. തൊഴിലാളികളെ വിശദമായ ചോദ്യം ചെയ്യലിനായി കൊച്ചിയിലെത്തിച്ചു. പുറംകടലില്‍ വച്ച് കപ്പലില്‍ നിന്നാണ് മയക്കുമരുന്ന് ലഭിച്ചതെന്നും പിന്നീട് ബോട്ടില്‍ ഒളിപ്പിക്കുകയായിരുന്നുവെന്നും തൊഴിലാളികള്‍ മൊഴി നല്കി. ഡിആര്‍ഐ കഴിഞ്ഞ ഒരു മാസത്തിനിടെ നടത്തുന്ന നാലാമത്തെ വലിയ മയക്കുമരുന്ന് വേട്ടയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: