തൃശൂര്‍ : പലതവണ മാറ്റിവെച്ച തൃശൂര്‍ പൂരം വെടിക്കെട്ട് ഒടുവില്‍ നടത്തി. കാലാവസ്ഥ അനുകൂലമായതോടെയാണ് വെള്ളിയാഴ്ച ഉച്ചയ്‌ക്ക് 2.10ഓടെ വെടിക്കെട്ട് നടത്തിയത്. വെടിക്കെട്ടിന് മുന്നോടിയായി സ്വരാജ് റൗണ്ടിലേക്കുള്ള വഴികള്‍ അടക്കുകയും വാഹന ഗതാഗതം നിയന്ത്രിക്കുകയും ചെയ്തിരുന്നു.വെടിക്കെട്ടിന് പിന്നാലെ തൃശ്ശൂർ നഗരത്തിൽ ശക്തമായ മഴയും പെയ്തു.
പകല്‍ വെടിക്കെട്ടായതിനാല്‍ ഇത്തവണ വര്‍ണക്കാഴ്ച ഉണ്ടായില്ല. വലിയ അളവിലുള്ള വെടിക്കോപ്പുകള്‍ ഇനിയും സൂക്ഷിക്കുന്നത് പ്രയാസകരമാണ്. കഴിഞ്ഞ രണ്ട് പകല്‍ മഴ മാറി നിന്നതോടെയാണു വെടിക്കെട്ട് നടത്താന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചത്.
ആദ്യം പാറമേക്കാവാണ് വെടിക്കെട്ട് നടത്തിയത്. അതിനുശേഷം തിരുവമ്പാടി വെടിക്കെട്ട് നടത്തി. വൈകുന്നേരം മഴയുടെ സാധ്യത നിലനില്‍ക്കുന്നതിനാലാണ് ഉച്ചയ്‌ക്ക് തന്നെ വെടിക്കെട്ട് നടത്തിയത്. ആദ്യം ഉച്ചയ്‌ക്ക് ഒരു മണിയോടെ വെടിക്കെട്ട് നടത്താനായിരുന്നു തീരുമാനിച്ചത്. വെടിക്കോപ്പുകള്‍ നിരത്താന്‍ തുടങ്ങിയതോടെ വീണ്ടും മഴ വില്ലനായി എത്തിയെങ്കിലും അല്‍പ സമയത്തിന് ശേഷം തോര്‍ന്നു.
പ്രദേശത്ത് ആയിരം പോലീസുകാരെയാണ് വിന്യസിച്ചിരിന്നത്. പകല്‍പ്പൂരം കഴിഞ്ഞ് അന്ന് രാത്രി പൊട്ടിക്കാനായിരുന്നു ആദ്യ തീരുമാനം. അന്നും മഴ പെയ്തതോടെ അടുത്ത ദിവസത്തേക്ക് തീരുമാനിച്ചു. പിന്നീട് ശനിയാഴ്ച വൈകീട്ട് പൊട്ടിക്കാന്‍ തീരുമാനിച്ചു. ഇതും മാറ്റിവെക്കുകയായിരുന്നു.
ഇതിനിടെ കഴിഞ്ഞ വെള്ളിയാഴ്ച തിരുവമ്പാടിയുടെ വെടിമരുന്ന് പുരക്ക് സമീപം പടക്കം പൊട്ടിച്ചത് സുരക്ഷാപ്രശ്നം ഉയര്‍ത്തിയിരുന്നു. വന്‍ സ്ഫോടക വസ്തുശേഖരം നഗരത്തില്‍ സൂക്ഷിക്കുന്നതിലെ ഗൗരവം പൊലീസ് ജില്ല ഭരണകൂടത്തെ അറിയിച്ചതനുസരിച്ച് സുരക്ഷയും കൂട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: