ന്യൂദല്‍ഹി : യുപിഎ സര്‍ക്കാരില്‍ കേന്ദ്രമന്ത്രിയായിരിക്കേ റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും കോഴവാങ്ങിയെന്ന് ആരോപിച്ച് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ വസതികളില്‍ റെയ്ഡ്. വെള്ളിയാഴ്ച രാവിലെ ലാലുവിന്റെ ഉടമസ്ഥതയിലുള്ള 16ഓളം സ്ഥലങ്ങളിലാണ് സിബിഐ തെരച്ചില്‍ നടത്തുന്നത്.
നിലവില്‍ കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട അഞ്ചാമത്തെക്കേസില് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞിരുന്ന ലാലുവിന് അടുത്തിടെയാണ് ജാമ്യം ലഭിച്ചിരുന്നത്. ശാരീരിക അവശതകള്‍ കണക്കിലെടുത്താണ് ജാമ്യം നല്‍കിയത്. 2004 മുതല്‍ 2009 വരെയുള്ള കാലയളവില്‍ റെയില്‍വേ മന്ത്രിയായിരിക്കവേയാണ് കേസിനാസ്പദമനായ സംഭവങ്ങളുണ്ടായത്. ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ഭൂമിയും പണവും കൈപ്പറ്റിയെന്നതാണ് കേസ്.
ലാലു പ്രസാദ് യാദവിനൊപ്പം അദ്ദേഹത്തിന്റെ ബന്ധുക്കളും ഈ കേസില്‍ പ്രതികളാണ്. ഭൂമികളുമായി ബന്ധപ്പെട്ട രേഖകളടക്കമുള്ള തെളിവുകള്‍ക്ക് വേണ്ടിയാണ് പരിശോധന നടക്കുന്നത്. ഭാര്യ റാബറി ദേവിയുടെ പേരിലുള്ള വീട്ടിലും തെരച്ചില്‍ നടക്കുന്നുണ്ട്. അതേസമയം സിബിഐ തെരച്ചില്‍ തുടങ്ങിയതോടെ ആര്‍ജെഡി പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി പ്രകടനം നടത്തുകയാണിപ്പോള്‍.പ്രദേശത്ത് വന്‍ പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
1990- 1997 വരെ ബീഹാര്‍ മുഖ്യമന്ത്രിയായിരുന്നു ലാലു പ്രസാദ്. മുഖ്യമന്ത്രിയായിരിക്കേ 1990 കളില്‍ നടന്ന അഴിമതികളില്‍ ഒന്നായിരുന്നു കാലത്തീറ്റ, മരുന്നുകള്‍, ഉപകരണങ്ങള്‍ എന്നിവ വാങ്ങിയതിന്റെ വ്യാജ കണക്കുകള്‍ ഉണ്ടാക്കി ട്രഷറികളില്‍ നിന്ന് 940 കോടി രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. ഇത് വിവിധ കേസുകളായാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. 139 കോടി ഡോറാന്‍ഡ ട്രഷറിയില്‍ നിന്ന് തട്ടിയെടുത്തു എന്നതാണ് ലാലുവിനെതിരായ പ്രധാന കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: