ഇസ്താന്‍ബൂള്‍: ഇടിക്കൂട്ടില്‍ ഇന്ത്യക്ക് വീണ്ടും സ്വര്‍ണത്തിളക്കം. വനിതകളുടെ ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ 52 കിലോ വിഭാഗത്തില്‍ നിഖത് സരീന് സ്വര്‍ണം നേടി. ഫൈനലില്‍ തായ്‌ലന്‍ഡിന്റെ ജുതാമസ് ജിത്‌പോങ്ങിനെ അനായാസം ഇടിച്ചിട്ടു. 5-0നാണ് സരീനിന്റെ ജയം. ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ ബോക്‌സറാണ് സരീന്‍. നേരത്തെ എം.സി. മേരി കോം (ആറ് തവണ), സരിത ദേവി, ജെനി .ആര്‍.എല്‍, ലേഖ കെ.സി. എന്നിവര്‍ സ്വര്‍ണം നേടിയിരുന്നു.
ചാമ്പ്യന്‍ഷിപ്പില്‍ ഇത്തവണ ഇന്ത്യയുടെ മെഡല്‍ നേട്ടം മൂന്നായി. 57 കിലോയില്‍ മനീഷ മൗനും 63 കിലോയില്‍ പര്‍വീന്‍ ഹൂഡയും വെങ്കലം നേടിയിരുന്നു. ആകെ ഇന്ത്യയുടെ സ്വര്‍ണ നേട്ടം പത്തായി. എട്ട് വെള്ളിയും 21 വെങ്കലവും ഇന്ത്യന്‍ പേരിലുണ്ട്. ടൂര്‍ണമെന്റിലുടനീളം 5-0നാണ് സരീന്റെ വിജയമെന്നത് ആധിപത്യം വര്‍ധിപ്പിക്കുന്നു. മെക്‌സിക്കോയുടെ ഫാത്തിമ ഹെരേരയെ ആദ്യ റൗണ്ടിലും മങ്കോളിയയുടെ ലുസൈക്കാന്‍ ആല്‍ത്തന്‍സെഗിനെ പ്രീക്വാര്‍ട്ടറിലും തോല്‍പ്പിച്ചു. ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിന്റെ ചാര്‍ളി ഡേവിസനെ തോല്‍പ്പിച്ച സരീന്‍ സെമിയില്‍ ഇടിച്ചിട്ടത് ബ്രസീലിന്റെ കരോലിന അല്‍മേഡയെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: