ചാത്തന്നൂര്‍: ദേശീയപാതയോരത്ത് മുറിച്ചിട്ട മരങ്ങള്‍ യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. ഇതില്‍ നടപടിയെടുക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല. ദേശീയപാതയോരത്തും ദേശീയപാത വികസനത്തിന് വേണ്ടിയും ഏറ്റെടുത്ത സ്ഥലത്തും നിന്നും മുറിക്കുന്ന പടുകൂറ്റന്‍ മരങ്ങളാണ് റോഡ് സൈഡില്‍ കിടക്കുന്നത്. ഇതില്‍ തട്ടിയാണ് ചെറുതും വലുതുമായ വാഹനങ്ങള്‍ മറിഞ്ഞു അപകടം ഉണ്ടാകുന്നത്.
മുറിക്കുന്ന മരങ്ങള്‍ കൃത്യമായി മാറ്റാതെ റോഡ് വക്കില്‍ ഉപേക്ഷിച്ചു വീണ്ടും മരങ്ങള്‍ മുറിക്കുകയാണ് കരാറുകാര്‍. ഒരാഴ്ചയായി നിരന്തരം അപകടങ്ങള്‍ ഉണ്ടായിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കിയിട്ടില്ല. ഇന്നലെ രാവിലെ ലോഡുമായി തിരുവനന്തപുരം ഭാഗത്തേക്ക് പോയ പിക്ക്അപ് വാന്‍ അപകടത്തില്‍പ്പെട്ടതാണ് അവസാനത്തെ സംഭവം.
രാത്രിയില്‍ ദേശീയപാത അന്ധകാരത്തിലാണ്. റോഡ് സൈഡില്‍ കൂടി പോകുന്ന ഇരുചക്രവാഹന യാത്രക്കാര്‍ക്ക് റോഡ് സൈഡില്‍ കിടക്കുന്ന മരചില്ലകള്‍ കാണാന്‍ കഴിയാതെയാണ് അപകടത്തില്‍പ്പെടുന്നത്. നിരവധി പരാതികള്‍ ദേശീയപാത അധികൃതര്‍ക്ക് നല്‍കിയിട്ടും നടപടിഉണ്ടാകുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. അടിയന്തിരമായി റോഡ് സൈഡില്‍ കിടക്കുന്ന മരങ്ങള്‍ മാറ്റി അപകടം ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: