കുന്നംകുളം: ഗുജറാത്തില്‍ നിന്നും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചില്ലറ വില്പനയ്ക്കായി കൊണ്ടുവന്ന ഏഴ് ലക്ഷം രൂപയോളം വിലവരുന്ന വ്യാജ ഹാര്‍പിക് കുന്നംകുളം പോലീസ് പിടികൂടി. കുന്നംകുളം അഡീഷ്ണല്‍ എസ്ഐ ഷക്കീര്‍ അഹമ്മദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് വ്യാജ ഹാര്‍പിക്കുമായി പോവുകയായിരുന്ന ലോറി പിടികൂടിയത്.
ചില്ലറ വില്പനക്കാരനായ സ്വകാര്യവ്യക്തി തന്റെ സ്ഥാപനത്തിലേക്ക് എട്ട് ബോക്സ് ഹാര്‍പിക് ഇറക്കിയിരുന്നു. എന്നാല്‍ ഈ ഹാര്‍പിക് ഉപയോഗിക്കുമ്പോള്‍ ടോയ്ലറ്റുകളില് കറുപ്പുനിറം വരുന്നുണ്ടെന്ന പരാതി വ്യാപകമായതോടെ ഇയാള്‍ വീട്ടിലെ ടോയ്ലറ്റില് ഇത് ഉപയോഗിച്ചു നോക്കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വ്യാജ ഹര്‍പ്പിക്കാണ് വ്യാപാര സ്ഥാപനത്തില്‍ വിതരണം ചെയ്തതെന്ന് തെളിഞ്ഞത്. ഇതോടെ കുന്നംകുളം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഗുജറാത്തില്‍ നിന്നും കേരളത്തിലേക്ക് കൊണ്ടുവരികയായിരുന്ന ഒരു ലോഡ് വ്യാജ ഹാര്‍പിക് പിടികൂടിയത്. തുടര്‍ന്ന് ഹാര്‍പിക് കമ്പനിയിലെ ഉദ്യോഗസ്ഥരെത്തി പിടികൂടിയവ വ്യാജനാണെന്ന് സ്ഥിരീകരിച്ചു. സ്ഥാപനം നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ വിന്‍സെന്റ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഹംദ്, സന്ദീപ് തുടങ്ങിയവരടങ്ങുന്ന സംഘമാണ് വാഹനം പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: