ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ തുലാഭാരം കരാറെടുത്ത കരാറുകാരന്, ക്ഷേത്രത്തിലെത്തുന്ന ഭക്തരുടെ ദൗര്‍ബല്യത്തെ ചൂഷണം ചെയ്ത് പകല്‍കൊള്ള നടത്തുന്നതായി ആരോപണം. തുലാഭാരം കരാറുകാരന് ഭക്തരെ ചൂഷണം ചെയ്യുന്നത്, ദേവസ്വം ഭരണാധികാരികളുടെ മൗനസമ്മതത്തോടെയെന്നും ആരോപണം.
ഇക്കഴിഞ്ഞ ജനുവരി 1 മുതല്‍ ഡിസം. 31 വരെ ഒരു വര്‍ഷത്തേക്ക് 42 ലക്ഷം രൂപ ദേവസ്വത്തിന് നല്‍കിയാണ് കോഴിക്കോട് സ്വദേശി തുലാഭാരം കരാറെടുത്തിട്ടുള്ളത്. രണ്ടര ലക്ഷം രൂപ നിരത ദ്രവ്യമായും ദേവസ്വത്തിലടച്ചു. കരാറെടുത്ത ഒരുവര്‍ഷക്കാലം കരാറുകാരന് കരാര്‍ ലംഘനം നടത്തിയില്ലെങ്കില്‍ രണ്ടര ലക്ഷം രൂപ മാത്രം കാലാവധി തീര്‍ന്നാല്‍ ദേവസ്വം തിരിച്ചുനല്‍കും. 42 ലക്ഷം മുടക്കി കരാറെടുക്കുന്ന കരാറുകാരന് ദേവസ്വം ഒരു പൈസ പോലും ആ ഇനത്തില്‍ തിരിച്ചുനല്‍കില്ലെന്ന തിരിച്ചറിവുണ്ടായിട്ടും, ലക്ഷങ്ങള്‍ മുടക്കി തുലാഭാരം കരാറെടുക്കുന്നത് ഭക്തരെ കൊള്ളയടിക്കാനാണെന്ന കാര്യം പുറംലോകത്തിനും, ഭക്തര്‍ക്കും അജ്ഞാതവുമാണ്.
കായ്ഫലങ്ങള്‍ ഉള്‍പ്പടെ 60 ല്‍പരം സാധനസാമഗ്രികളും ലക്ഷങ്ങള്‍ മുടക്കി കരാറുകാരന് സ്വന്തം ചിലവില്‍ ക്ഷേത്രത്തിലെത്തിക്കണം. അതും ദേവസ്വത്തിന്റെ ഉത്തരവാദിത്വമല്ല. പത്തോളം ജീവനക്കാര്‍ക്ക് ദിവസ വേതനവും കരാറുകാരന് തന്നെ നല്‍കണം. ഔദ്യോഗികമായി തട്ടില്‍ പണം രസീതി വഴിയും, അനൗദ്യോഗികമായി കരാറുകാരന് തുലാഭാര തട്ടില്‍ പണം ശേഖരിച്ചുമാണ് ഭക്തരെ പിഴിയുന്നതെന്നാണ് ആക്ഷേപം. ഒരു ഭക്തന് ഇത് സംബന്ധിച്ച് ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ക്ക് പരാതി നല്‍കിയതായും സൂചനയുണ്ട്.
ക്ഷേത്രത്തിന്റെ മുക്കിലും മൂലയിലും തിരക്കു നിയന്ത്രിച്ച് ‘മാറൂ മാറൂ’ എന്ന് പറയാന്‍ മാത്രം നിരവധി ജീവനക്കാര്‍ നിയോഗിക്കപ്പെട്ടിട്ടുണ്ടെങ്കിലും, തട്ടില്‍ പണം വയ്ക്കരുതെന്ന് നിര്‍ദേശിക്കാന്‍ ആരുമില്ലെന്നാണ് ഭക്തര്‍ പറയുന്നത്. പ്രാര്‍ത്ഥനാ സഫലീകരണമായതിനാല്‍ ആരും ഇത് ചോദ്യം ചെയ്യാറുമില്ല. തുലാഭാരം കഴിഞ്ഞ് ഓരോ ഭക്തനും പണം വെച്ചാണ് തുലാഭാര തട്ടില്‍ നിന്നും ഇറങ്ങുന്നത്. ഭക്തര്‍ തട്ടില്‍പണം വെയ്ക്കരുതെന്ന സൂചനാ ബോര്‍ഡ് വായിക്കാന്‍, പ്രത്യേകം സജ്ജീകരിച്ച കണ്ണടയ്ക്ക് മാത്രമേ കഴിയുന്നുള്ളു. തുലാഭാര കൗണ്ടറിനകത്ത് തട്ടില്‍പണം വെയ്ക്കരുതെന്ന അനൗണ്‍സ്മെന്റ് ഇല്ലാത്തത്, ദേവസ്വം കരാറുകാരനെ സഹായിക്കാനാണെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
തട്ടില്‍പണം, തട്ട് തേയ്മാനത്തിനുള്ളതാണ്. തട്ടില്‍പണവും, ശ്രീഗുരുവായൂരപ്പനും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന കാര്യവും പലര്‍ക്കും അറിയില്ല. എന്നിട്ടും തുലാഭാരം നടത്തുന്ന ഭക്തരില്‍നിന്ന് ദേവസ്വം രേഖാമൂലം 100/രൂപ തട്ടില്പണമായി വാങ്ങുന്നുണ്ട്. അത് കൂടാതെയാണ്, കരാറുകാരനും മുന്‍കൂറായി തട്ടില്‍പണം വാങ്ങി ഭക്തരെ ചൂഷണത്തിന് ഇരയാക്കുന്നത്. വിലപേശല്‍ നടക്കാത്ത ഗുരുവായൂര്‍ ക്ഷേത്രത്തിലെ വഴിപാട് കൗണ്ടറുകളില്‍ പ്രധാനമാണ് തുലാഭാര കൗണ്ടര്‍. ദിനംപ്രതി ലക്ഷങ്ങളുടെ തുലാഭാരം ക്ഷേത്രത്തില്‍ നടക്കുമ്പോള്‍, തട്ടില്‍പണം ഇനത്തില്‍ ഏതാണ്ട് വലിയൊരു സംഖ്യ ദിവസവും കരാറുകാരനും കൈക്കലാക്കുന്നുണ്ട്.
തട്ടില്പണ വരുമാനത്തില്‍മാത്രം കണ്ണുനട്ട് കരാറുകാരന് ലക്ഷങ്ങളെറിഞ്ഞ് കോടികള്‍ കൈക്കലാക്കുമ്പോള്‍, വഞ്ചിതരാകുന്നത് ദുരിതങ്ങളകറ്റാന് ആശ്രിതവത്സലനെ തേടിയെത്തുന്ന പാവം ഭക്തരാണെന്ന കാര്യവും ദേവസ്വം വിസ്മരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: