കോഴിക്കോട് : കൂളിമാട് പാലത്തിന്റെ നിര്‍മാണത്തില്‍ പിഴവുണ്ടായിട്ടില്ലെന്ന് ഊരാളുങ്കല്‍ സൊസൈറ്റി സിഇഒ സുനില്‍ കുമാര്‍. സാങ്കേതിക തകരാര്‍ സംഭവിച്ചതാണ്. നിര്‍ാണത്തില്‍ അപകാതയുണ്ടായിട്ടില്ല. സംഭവത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പാലം നിര്‍മാണത്തിനായി ഫണ്ട് നല്കിയ കിഫ്ബിയും വിഷയത്തില്‍ പ്രതികരിച്ചിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോള്‍ ഊരാളുങ്കല്‍ സെസൈറ്റിയും വിശദീകരണം നല്‍കിയിരിക്കുന്നത്. ഹൈട്രോളിക് ജാക്കിയുടെ യന്ത്രത്തകരാറാണ് പാലം തകരാന്‍ കാരണം. ഗാര്‍ഡറുകള്‍ ഉയര്‍ത്താന്‍ ഉപയോഗിച്ച ഹൈട്രോളിക് ജാക്കി പ്രവര്‍ത്തിപ്പിക്കുന്നതിലെ നൈമിഷികമായ വീഴ്ച അപകടത്തില്‍ കലാശിച്ചു. നിര്‍മാണത്തില്‍ ഉപയോഗിച്ച വസ്തുക്കളുടെ ഗുണനിലവാരത്തില്‍ വീഴ്ചയില്ല. ഗുണനിലവാര മാനദണ്ഡങ്ങള്‍ തൃപ്തികരമാണെന്നുമാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ കിഫ്ബി അറിയിച്ചത്.
അതേസമയം കൂളിമാട് പാലത്തില്‍ പൊതുമരാമത്ത് വകുപ്പ് വിജിലന്‍സ് വിഭാഗം നടത്തുന്ന പരിശോധന ഇന്നും തുടരും. നിര്‍മാണവുമായി ബന്ധപ്പെട്ട രേഖകളാണ് പരിശോധിക്കുക. നിര്‍മ്മാണ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ മൊഴിയും രേഖപ്പെടുത്തും. ഹൈഡ്രോളിക് ജാക്കിക്കുണ്ടായ സാങ്കേതിക തകരാറാണ് അപകട കാരണമെന്നാണ് കേരള റോഡ് ഫണ്ട് ബോര്‍ഡ് സര്‍ക്കാരിന് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.
എന്നാല്‍ പാലം തകരാനുണ്ടായ കാരണം ഹൈഡ്രോളിക് ജാക്കിയുടെ പിഴവാണോ എന്ന് വിശദപരിശോധനക്ക് ശേഷമേ വ്യക്തമാകൂ എന്ന് പി ഡബ്ല്യൂഡി വിജിലന്‍സ് വിഭാഗം അറിയിച്ചു. തകര്‍ന്ന ബീമുകള്‍ക്ക് പകരം പുതിയത് സ്ഥാപിക്കേണ്ടിവരുമെന്നും കൂടിമാട് പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
നിര്‍മാണത്തിനിടെ കൂളിമാട് പാലത്തിന്റെ മൂന്ന് പ്രധാന ബീമുകളാണ് കഴിഞ്ഞ ദിവസം തകര്‍ന്നുവീണത്. കോഴിക്കോട് – മലപ്പുറം ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതിനാണ് പാലം. അടിയന്തിര അന്വേഷണത്തിന് പൊതുമരാമത്ത് വകുപ്പ് മന്ത്രി നിര്‍ദ്ദേശിച്ചതിന്റെ തൊട്ടു പുറകെയാണ് ആഭ്യന്തര അന്വേഷണ വിഭാഗം പരിശോധനയ്ക്ക് എത്തിയത്. തകര്‍ന്ന ബീമുകള്‍, പാലത്തിന്റെ ശേഷിക്കുന്ന ഭാഗം എന്നിവ വിജിലന്‍സ് സംഘം ബുധനാഴ്ച പരിശോധിച്ചു. നിര്‍മാണ ചുമതല ഉണ്ടായിരുന്ന ഉദ്യോഗസ്ഥരുടെത് ഉള്‍പ്പെടെ വിശദമായമൊഴിയും സംഘം രേഖപ്പെടുത്തും. പാലത്തിന് ഘടനാപരമായ പ്രശ്നങ്ങളോ നിര്‍മാണത്തില്‍ അപാകത ഉണ്ടോ എന്ന് തുടര്‍ പരിശോധനകളില്‍ വ്യക്തമാകും.
നിലവില്‍ ഒന്നിലേറെ പാലങ്ങള്‍ ഉള്ള പ്രദേശത്ത് സാമ്പത്തിക പ്രതിസന്ധിയില്‍ നില്‍ക്കുമ്പോഴാണ് സര്‍ക്കാര്‍ 25 കോടി രൂപ ചെലവിട്ട് പുതിയൊരു പാലം നിര്‍മിക്കുന്നത്. കിഫ്ബി ഫണ്ട് ഉപയോഗിച്ച് കോഴിക്കോട്ട് ഊരാളുങ്കല്‍ സൊസൈറ്റി നിര്‍മിക്കുന്ന പ്രധാന പദ്ധതികളിലൊന്നായിരുന്നു സര്‍ക്കാരും ഇതിനെ ഉയര്‍ത്തിക്കാട്ടിയിരുന്നത്. അതുകൊണ്ടുതന്നെ ബീം തകര്‍ന്നുവീണതില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങള്‍ പാര്‍ട്ടിയില്‍ നിന്നു തന്നെ ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: