മാധവ്ജി സംഘാടകനായിരുന്നു, സാമൂഹ്യ പരിഷ്കര്‍ത്താവായിരുന്നു. രാഷ്ട്രീയ സ്വയംസേവക സംഘത്തിനായി സമര്‍പ്പിച്ച ജീവിതം. കേരളത്തിലെ ഹിന്ദുസമൂഹം നേരിടുന്ന സമസ്യകള്‍ക്ക് തന്ത്രശാസ്ത്രോചിതമായി പരിഹാരം നിര്‍ദേശിച്ച സൈദ്ധാന്തികന്‍. തിരുവനന്തപുരത്ത് ആര്‍എസ്എസ് വിഭാഗ് പ്രചാരകായിരിക്കെ അന്നവിടെ പ്രവര്‍ത്തിച്ചിരുന്ന ബ്രിട്ടീഷ് ലൈബ്രറി മാധവ്ജിയുടെ പ്രതിഭയെ സാഹിത്യം, ശാസ്ത്രം, ആദ്ധ്യാത്മിക ശാസ്ത്രങ്ങള്‍ തുടങ്ങി അനേക വിഷയങ്ങളിലേക്ക് വ്യാപരിപ്പിച്ചു.
- മര്മ്മജ്ഞനായ സംഘാടകന്‍
കേരളത്തില്‍ വേരുറപ്പിച്ച കമ്മ്യൂണിസ്റ്റ് സ്വാധീനത്തോട് നേരിട്ട് ഏറ്റുമുട്ടിയാണ് ആര്‍എസ്എസ് കരുത്താര്‍ജിച്ചത്. കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ പൊള്ളയാണെന്നും ആധുനികശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ അവ നിലനില്‍ക്കില്ല എന്നും അദ്ദേഹം ശാസ്ത്രീയമായി തെളിയിച്ചു. കമ്മ്യൂണിസം നിലനില്‍ക്കുന്നത് പൊയ്ക്കാലുകളിലാണെന്ന് ചൂണ്ടിക്കാട്ടി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വളര്‍ന്നത് കേരളത്തിലെ ഹൈന്ദവാന്തരീക്ഷം ഉപയോഗപ്പെടുത്തിയാണെന്ന് സമര്‍ത്ഥിച്ചു. ഇതിന് നിരവധി ഉദാഹരണങ്ങളും നല്കി. എണ്‍പതുകളില്‍ അരങ്ങേറിയ മാര്‍ക്സിസ്റ്റ് അക്രമ രാഷ്ട്രീയത്തെ ചെറുക്കാന്‍ സംഘപ്രവര്‍ത്തകര്‍ക്ക് മാധവ്ജി പകര്‍ന്ന ആശയ അടിത്തറ ആത്മവിശ്വാസം നല്കി.
- വിനയാന്വിതന്
ആര്‍എസ്എസ് പ്രവര്‍ത്തനത്തിനായി കേരളം മുഴുവന്‍ ഓടിനടന്നു പ്രവര്‍ത്തിച്ച മാധവ്ജി, ചെല്ലുന്നിടത്തുനിന്നെല്ലാം പ്രതിഭാശാലികളെ സംഘത്തിലേക്ക് ആകര്‍ഷിച്ചു. സാമൂഹ്യശാസ്ത്രം, സാഹിത്യം, കലകള്‍, ജ്യോതിഷം, ആധുനികശാസ്ത്രങ്ങള്‍, തന്ത്രവിദ്യ എന്നീ വിഷയങ്ങളിലുള്ള ആഴത്തിലുള്ള അറിവ് ഇത്തരം പ്രതിഭകളുമായുള്ള സംവാദം ആയാസരഹിതമാക്കി. വിനയാന്വിതമായ പെരുമാറ്റത്തിലൂടെ കേരളത്തിലെ ആദ്ധ്യാത്മിക നേതൃത്വത്തിന്റെ ഹൃദയത്തില്‍ അദ്ദേഹം ഇടം പിടിച്ചു. പുരോഗമനവാദികള്‍ എന്ന് സ്വയം പ്രഖ്യാപിച്ച പാരമ്പര്യനിഷേധികളെയല്ല, യാഥാസ്ഥിതിക വിഭാഗത്തെയാണ് മാധവ്ജി തെരഞ്ഞെടുത്തത്. ഇക്കൂട്ടര്‍ പാരമ്പര്യത്തില്‍ അഭിമാനിക്കുന്നവരായിരുന്നു. കാലത്തിന്റെ ആവശ്യകതയും പാരമ്പര്യത്തിന് ആധാരമായ ശാസ്ത്രങ്ങളും ബോധ്യപ്പെടുത്തിയാല്‍ അവരില്‍ മാറ്റം ഉണ്ടാക്കാനാകുമെന്ന് മാധവ്ജി മനസ്സിലാക്കി. അങ്ങനെ യാഥാസ്ഥിതികര്‍ പുരോഗമനവാദികളാകുമ്പോള് പാരമ്പര്യത്തില്‍ അഭിമാനമുള്ള ഒരു ജനത ഉണ്ടാവും.. ഇത് സമൂഹത്തിന് ഗുണം ചെയ്യും. കേരളത്തിലെ തന്ത്രികുടുംബങ്ങളുമായി അദ്ദേഹം ആഴത്തിലുള്ള ബന്ധം വളര്‍ത്തിയെടുത്തു. ജാതി തെറ്റാണെന്ന് അവരെ ബോധ്യപ്പെടുത്താന്‍ മാധവ്ജിക്ക് കഴിഞ്ഞു.
- ഹിന്ദുമഹാമണ്ഡലം മുതല്‍ വിശാലഹിന്ദു സമ്മേളനം വരെ
മാധവ്ജി കേരളത്തിലെ സാമൂഹ്യപരിവര്‍ത്തന പരിശ്രമങ്ങളെക്കുറിച്ച് ആഴത്തില്‍ പഠിച്ചു. ഹിന്ദുമഹാമണ്ഡലം രൂപീകരിച്ച സമ്മേളനത്തില്‍ സന്നദ്ധസേവകന് എന്ന നിലയില്‍ അദ്ദേഹം പങ്കെടുത്തു. പിന്നീട് രാഷ്ട്രീയ കാരണങ്ങളാല്‍ മഹാമണ്ഡലം തകര്‍ന്നെങ്കിലും മന്നത്ത് പത്മനാഭന്, ആര്.ശങ്കര്‍ തുടങ്ങിയവരുമായുള്ള ശ്രേഷ്ഠമായ അടുപ്പം അദ്ദേഹത്തിന് കരുത്തായി. എണ്‍പതുകളില്‍ വിശാല ഹിന്ദു സമ്മേളനം സംഘടിപ്പിക്കുന്നതിന് ചുമതല മാധവ്ജിക്കായിരുന്നു. ജാതി മറന്ന് ആയിരക്കണക്കിന് ഹിന്ദുക്കള്‍ എറണാകുളത്ത് ഒത്തുചേര്‍ന്നതില്‍ അദ്ദേഹത്തിന്റെ പങ്ക് ചെറുതല്ല. കേരളത്തില്‍ കമ്മ്യൂണിസ്റ്റുകളുടെ അടിവേര് ഇളക്കുന്നതായിരുന്നു വിശാല ഹിന്ദു സമ്മേളനം.
- ഹിന്ദു മുന്നണിക്ക് നേതൃത്വം
വിശാലഹിന്ദു സമ്മേളനത്തിനുശേഷം കേരളത്തില്‍ ഹിന്ദുത്വം എല്ലാമേഖലയിലും ശക്തിയായി. അത് രാഷ്ട്രീയരംഗത്തും പ്രതിഫലിച്ചതിന്റെ അടയാളമായിരുന്നു ഹിന്ദു മുന്നണി. ഈ ദിശയിലും മാധവ്ജി കേരളത്തില്‍ യാത്ര ചെയ്തു. കേരളരാഷ്ട്രീയത്തെ ആഴത്തില്‍ സ്വാധീനിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍.
- പാലിയം വിളംബരവും എളവൂര്‍ തൂക്കവും
ശ്രീനാരായണ ഗുരുദേവനിലൂടെ കരുത്താര്‍ജിച്ച സാമൂഹ്യ പരിവര്‍ത്തന ശ്രമങ്ങള്‍ പില്ക്കാലത്ത് കമ്മ്യൂണിസ്റ്റുകള്‍ ഹൈജാക് ചെയ്തിരുന്നു. മാധവ്ജിയുടെ പരിശ്രമഫലമായി ആലുവ അദ്വൈതാശ്രമത്തില്‍ വെച്ച് കാഞ്ചി ശങ്കരാചാര്യര്‍ പങ്കെടുത്ത സമ്മേളനം ബ്രാഹ്മണ്യം കര്‍മ്മം കൊണ്ടു സിദ്ധിക്കുന്നതാണെന്നും ജന്മം കൊണ്ടല്ല എന്നും പ്രഖ്യാപിച്ചു. പാലിയത്തു ചേര്‍ന്ന തന്ത്രിമുഖ്യന്മാരുടെ യോഗം ഇത് അംഗീകരിച്ചു. നൂറ്റാണ്ടുകളായി ഹിന്ദുവിനെ ഭിന്നിപ്പിച്ചിരുന്ന ഉച്ചനീചത്തം, തൊട്ടുകൂടായ്മ തുടങ്ങിയ അനാചാരങ്ങള്‍ ഇല്ലാതായി. തുടര്‍ന്ന് വെളിയത്തുനാട്ടില്‍ തന്ത്ര വിദ്യാപീഠം സ്ഥാപിച്ചു.
ആലുവയ്ക്കടുത്ത് എളവൂരില്‍ തൂക്കം നടത്തുന്നതിനെതിരെ ചിലര്‍ രംഗത്തുവന്നു. ഹിന്ദുക്കളിലെ യാഥാസ്ഥിതിക വിഭാഗം തൂക്കത്തിനനുകൂലമായിരുന്നു. ബന്ധപ്പെട്ടവരുമായി മാധവ്ജി നേരിട്ട് സംസാരിച്ച് ഇലയ്ക്കും മുള്ളിനും കേടില്ലാതെ പ്രശ്നം പരിഹരിച്ചു.
- കേരളാ ക്ഷേത്ര സംരക്ഷണ സമിതി
ടിപ്പുവിന്റെ പടയോട്ടത്തില്‍ നൂറു കണക്കിന് ക്ഷേത്രങ്ങള്‍ തകര്‍ന്നു. അങ്ങാടിപ്പുറത്തെ തളി ക്ഷേത്രം അതിലൊന്നായിരുന്നു. തളിക്ഷേത്രം പുനരുദ്ധരിക്കാന്‍ ശ്രമമാരംഭിച്ചപ്പോള്‍ അതിനെതിരെ ഒരുവിഭാഗം മുസ്ലിങ്ങള്‍ രംഗത്തെത്തി. കേരളഗാന്ധി കെ. കേളപ്പന്റെ നേതൃത്വത്തില്‍ പ്രക്ഷോഭം ആരംഭിച്ചു. അന്ന് ഭരണത്തിലുണ്ടായിരുന്ന ഇഎംഎസ് തളിയെ പുരാവസ്തുവായി പ്രഖ്യാപിച്ചു. തുടര്‍ന്ന് ഹിന്ദുക്കളുടെ ശക്തമായ പ്രക്ഷോഭത്തിന് മുന്നില്‍ എതിരുനിന്നവര്‍ കീഴടങ്ങി. തളി ക്ഷേത്ര സമരത്തെ തുടര്‍ന്ന് മലബാറിലെ ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ മലബാര്‍ ക്ഷേത്ര സംരക്ഷണ സമിതി രൂപികരിച്ചു. ഇതാണ് പിന്നീട് കേരള ക്ഷേത്രസംരക്ഷണ സമിതിയായി മാറിയത്. ക്ഷേത്രസംരക്ഷണ സമിതിയുടെ നേതൃത്വവും മാധവ്ജിക്കായിരുന്നു. ക്ഷേത്രാരാധന സംബന്ധിച്ച് അദ്ദേഹം നടത്തിയ പ്രസംഗങ്ങള്‍ ചേര്‍ത്ത് ‘ക്ഷേത്ര ചൈതന്യ രഹസ്യം’ എന്ന പുസ്തകമായി. ക്ഷേത്രാചാരങ്ങളെ ശാസ്ത്രീയമായി ഇതില്‍ വിവരിക്കുന്നുണ്ട്.
ആര്‍എസ്എസിനെ കേരളത്തില്‍ അരക്കിട്ടുറപ്പിച്ചതില്‍ പ്രമുഖ സ്ഥാനം മാധവ്ജിക്കുണ്ട്. എതിര്‍ക്കാനും കീഴടക്കാനും വരുന്നവരെ സഹപ്രവര്‍ത്തകരും അനുയായികളുമാക്കി മാറ്റുന്ന മാസ്മരിക കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. അറിവിന്റെ നിറകുടം ആയിട്ടും അതിന്റെ പ്രകടനപരതയോ അഹങ്കാരമോ അദ്ദേഹത്തെ സ്പര്‍ശിച്ചില്ല. ‘പണ്ഡിതഃ സമദര്‍ശിന: എന്ന ഗീതാവചനം ഓര്‍മിപ്പിച്ചുകൊണ്ട് അദ്ദേഹം എല്ലാവരുമായി ബന്ധുഭാവവും സ്നേഹവും പുലര്‍ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: