കാലവര്‍ഷം എത്തുന്നതിനു മുന്‍പേ കേരളം വെള്ളത്തിലായിരിക്കുകയാണ്. ദിവസങ്ങളായി തോരാതെ പെയ്യുന്ന മഴയില്‍ പല ജില്ലകളിലും കനത്ത നാശനഷ്ടങ്ങളാണ് സംഭവിച്ചത്. റോഡുകളില്‍ വെള്ളം കയറിയതോടെ ഗതാഗതം തടസ്സപ്പെട്ടു. ജനവാസ മേഖലകളില്‍ വെള്ളം നിറഞ്ഞ് കുടുംബങ്ങള്‍ ഒറ്റപ്പെട്ടുപോയ സ്ഥിതിയുണ്ടായി. എറണാകുളം പോലുള്ള മഹാനഗരങ്ങളിലും പ്രാന്തപ്രദേശങ്ങളിലും വെള്ളം പൊങ്ങിയതിന്റെ ഫലമായി ജനജീവിതം തന്നെ സ്തംഭിക്കുന്ന കാഴ്ചകള്‍ കാണാന്‍ കഴിഞ്ഞു. മരങ്ങള്‍ കടപുഴകിയും പാലങ്ങള്‍ തകര്‍ന്നും ദുരന്തങ്ങളുണ്ടായി. ആയുസ്സിന്റെ ബലംകൊണ്ടു മാത്രമാണ് ജീവാപായങ്ങള്‍ ഒഴിവാകുന്നത്. വേനല്‍മഴ ഏറ്റവും നാശം വിതച്ചത് കര്‍ഷകര്‍ക്കാണ്. കൃഷിയിടങ്ങളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് വിതയും നടീലുമൊക്കെ പല ജില്ലകളിലും നീട്ടിവയ്ക്കേണ്ടി വന്നു. കൊയ്തുകൂട്ടിയ നെല്ലില്‍ വെള്ളം കയറിയതിനാല്‍ സംഭരണം തടസ്സപ്പെട്ടിരിക്കുകയാണ്. നനവു തട്ടിയ നെല്ല് ഉണക്കിയെടുക്കുന്നതിന് ചെലവു കൂടുതല്‍ വരുന്നതിനാല്‍ വിലകുറച്ചോ തൂക്കം കൂട്ടിയോ നെല്ലു നല്‍കണമെന്നാണ് മില്ലുടമകളുടെ ആവശ്യം. കണ്ടങ്ങളില്‍ നെല്ല് കൊയ്തെടുക്കാന്‍ പ്രയാസം നേരിടുന്നു. അടുത്ത ദിവസങ്ങളിലൊന്നും മഴ ശമിക്കുന്ന ലക്ഷണം കാണുന്നില്ല. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളുടെ എണ്ണം വര്‍ധിക്കുകയാണ്. തെളിഞ്ഞ ആകാശം കാണാന്‍ ജനങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു.
കാലവര്‍ഷം ഈ മാസം ഇരുപത്തിയേഴിന് എത്തുമെന്നാണ് പ്രവചനം. ജനങ്ങള്‍ വലിയ ഭീതിയോടെയാണ് ഇതിനെ കാണുന്നത്. വേനല്‍മഴ തന്നെ വെള്ളപ്പൊക്കത്തിനിടയാക്കുമ്പോള്‍ ഇടിയും മിന്നലും കാറ്റുമൊക്കെയായി കനത്ത മഴ പെയ്താലുള്ള സ്ഥിതി ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ. മഴക്കാലം പകര്‍ച്ചവ്യാധികളുടെ കൂത്തരങ്ങാണ്. മനുഷ്യരെ ബാധിക്കുന്ന പനികളുടെ പേരുകള്‍ ഇപ്പോള്‍ തന്നെ എണ്ണിത്തീര്‍ക്കാന്‍ പ്രയാസം. ലോകത്തിന്റെ പലയിടങ്ങളിലും അപൂര്‍വമായി കാണപ്പെടുന്ന പനികളും കേരളത്തില്‍ പതിവു സന്ദര്‍ശകരാണ്. പല സ്ഥലങ്ങളിലും തക്കാളിപ്പനി വ്യാപകമാണ്. കാസര്‍കോട്-കോഴിക്കോട് ജില്ലകളില്‍ ഷിഗെല്ല വൈറസുകളുടെ സാന്നിധ്യം റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. സാധാരണഗതിയില്‍പ്പോലും ഭക്ഷണശാലകളിലെ ആഹാരവിതരണം അങ്ങേയറ്റം മോശമായ ചുറ്റുപാടിലാണ്. ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് നടക്കുന്ന പരിശോധനയില്‍ വെളിപ്പെടുന്നത് ഭയാനകമായ ദൃശ്യങ്ങളാണല്ലോ. കക്കൂസുകളില്പ്പോലും ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കുന്നു! മഴക്കാലമായാല്‍ ഭക്ഷണശാലകളില്‍ ശുചിത്വം പാലിക്കുകയെന്നത് ഏറെ ശ്രമകരമായ കാര്യമായിരിക്കും. അധികൃതരുടെ കര്‍ശനമായ മേല്‍നോട്ടവും നടപടികളുമുണ്ടായില്ലെങ്കില്‍ സ്ഥിതിവിശേഷം ഗുരുതരമാകും. ഭക്ഷ്യവിഷബാധയുടെ സിരാകേന്ദ്രങ്ങളായി ഹോട്ടലുകളും മറ്റും മാറാനുള്ള സാധ്യത വളരെ കൂടുതലാണ്.
മഴക്കാല പൂര്‍വ ശുചീകരണമെന്നത് ഭരണസംവിധാനം മറന്നുപോയിരിക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഇതിന് പ്രേരിപ്പിക്കാനും ഫണ്ടനുവദിക്കാനും സര്‍ക്കാര്‍ മതിയായ ശ്രദ്ധ കാണിക്കുന്നില്ല. മുഖ്യമായും ഇക്കാരണംകൊണ്ടാണ് മഴക്കാലത്ത് പനി ബാധിതരെക്കൊണ്ട് ആശുപത്രികള്‍ നിറയുന്നത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മഴക്കാലം തുടങ്ങിയാല്‍ കേരളം തന്നെ വലിയൊരു ആതുരാലയമായി മാറുന്ന സ്ഥിതിയുണ്ടാവുന്നു. കാലാവസ്ഥയില്‍ വന്നിട്ടുള്ള മാറ്റം കേരളത്തെ എങ്ങനെയൊക്കെയാണ് ബാധിക്കുക എന്നതിനെക്കുറിച്ച് ഗൗരവമായ പഠനങ്ങളൊന്നും നടക്കുന്നില്ല. പ്രളയവും ഉരുള്പൊട്ടലുമൊക്കെയുണ്ടാവുമ്പോള് ഉയരുന്ന ആശങ്കകള്‍ വളരെ പെട്ടെന്ന് ആവിയായിപ്പോകുകയാണ് പതിവ്. ക്വാറികളുടെ പ്രവര്‍ത്തനം, മണലൂറ്റ്, വന്‍തോതിലുള്ള മണ്ണെടുപ്പ്, വയല്‍ നികത്തല്‍ എന്നിങ്ങനെ പരിസ്ഥിതി വിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഭരണാധികാരികള്‍ അജ്ഞത നടിക്കുകയാണ്.
വയലുകളായ വയലുകളെല്ലാം നികത്തി കോണ്‍ക്രീറ്റ് വനങ്ങള്‍ തീര്‍ത്തിരിക്കുന്നതിനാല്‍ ഒഴുകിപ്പോകാന്‍ ഇടമില്ലാതെയാണ് നഗരങ്ങള്‍ അപ്രതീക്ഷിതമായി വെള്ളത്തില്‍ മുങ്ങുന്നത്. ഇതിന്റെ ഭീകരദൃശ്യം കുറച്ചുവര്‍ഷം മുന്‍പ് ചെന്നൈ നഗരത്തില്‍ അരങ്ങേറിയത് ദൃശ്യമാധ്യമങ്ങളിലൂടെ കണ്ട് അത്ഭുതപ്പെട്ടവരാണ് മലയാളികള്‍. എന്നിട്ടും അവര്‍ സ്വന്തം നാട്ടില്‍ ആ ദുരന്തം ക്ഷണിച്ചുവരുത്തുകയാണ്. ചുരുക്കത്തില്‍ മഴക്കാലം വന്നുപോയ്ക്കൊള്ളും എന്ന ലാഘവബുദ്ധി ഉപേക്ഷിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഒരു പ്രളയം എപ്പോഴും മലയാളിയുടെ വിളിപ്പുറത്തുണ്ട്. മഴക്കാലത്തെ നേരിടാന്‍ തികഞ്ഞ ജാഗ്രതയും ആസൂത്രണവും ആവശ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: