മുംബൈ: നവ്നീത് റാണ എംപിയുടെയും ഭര്‍ത്താവ് രവി റാണ എംഎല്‍എയുടെയും ജാമ്യം റദ്ദാക്കാന്‍ ആവശ്യപ്പെട്ട് മുംബൈ പ്രത്യേക കോടതിയെ സമീപിച്ച മുംബൈ പൊലീസ് നാണം കെട്ടു. തങ്ങള്‍ ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടില്ലെന്ന് കാണിച്ച് നവ്നീത് റാണയും രവിറാണയും ബുധനാഴ്ച കോടതിയില്‍ വിശദമായി മറുപടി ഫയല്‍ ചെയ്തിരുന്നു.
പൊലീസിന്റെ അന്വേഷണത്തില്‍ തങ്ങള്‍ ഇടപെടുകയോ ഈ കേസുമായി ബന്ധപ്പെട്ട് എന്തെങ്കിലും പൊതു പ്രസ്താവന നടത്തുകയോ ചെയ്തിട്ടില്ലെന്ന് നവ്നീത് റാണ മറുപടിയില്‍ വിശദീകരിച്ചു. തങ്ങള്‍ ജാമ്യവസ്ഥ ലംഘിച്ചതിന് തക്കതായ ഒരു കാരണം കാണിക്കുന്നതില്‍ പൊലീസ് പരാജയപ്പെട്ടതായും മറുപടിയില്‍ പറയുന്നു.
ഈ മറുപടിയ്ക്ക് മുന്നില്‍ മുംബൈ പൊലീസ് പതറി. ഇതോടെ അവര്‍ ചുവട് മാറ്റി. കോടതി അടുത്ത തവണ വാദം കേള്‍ക്കുന്നതുവരെ ഇവരെ രണ്ടുപേരെയും അറസ്റ്റ് ചെയ്യില്ലെന്നായി മുംബൈ പൊലീസ്.
മുംബൈ പൊലീസിന്റെ ഈ വാദം സ്വീകരിച്ച് കേസിന്റെ വാദം ജൂണ്‍ 9 ലേക്ക് നീട്ടുകയായിരുന്നു കോടതി. ഇതോടെ ഇരുവരെയും ഉടനെ അറസ്റ്റ് ചെയ്ത് ജയിലിലടക്കാമെന്ന മുംബൈ പൊലീസിന്റെയും മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെയും ഗൂഢ പദ്ധതി പൊളിഞ്ഞു.
മുസ്ലിം പള്ളികളില്‍ നിന്നും ലൗഡ് സ്പീക്കറുകള്‍ നീക്കം ചെയ്തില്ലെങ്കില്‍ ഉദ്ധവ് താക്കറെയുടെ വസതിയായ മാതേശ്രീയ്ക്ക് മുന്നില്‍ ഹനുമാന് കീര്‍ത്തനം ചൊല്ലുമെന്ന നവ്നീത് റാണ എംപിയുടെ വെല്ലുവിളിയാണ് ഉദ്ധവ് താക്കറെയെയും ശിവസേനയെയും ചൊടിപ്പിച്ചത്. ഇതിന്റെ പേരില്‍ ഏപ്രില്‍ 23ന് നവ്നീത് റാണയെയും ഭര്‍ത്താവിനെയും മുംബൈ പൊലീസ് ഏപ്രില്‍ 23ന് അറസ്റ്റ് ചെയ്തിരുന്നു. മെയ് 5ന് സ്പെഷ്യല്‍ ജഡ്ജി ആര്.എന്‍. റൊക്കാഡെ ഇരുവര്‍ക്കും ജാമ്യം നല്കി. ചില വ്യവസ്ഥകളോടെയായിരുന്നു ജാമ്യം. എന്നാല്‍ മെയ് 9ന് മുംബൈ പൊലീസ് ഇവരുടെ ജാമ്യം റദ്ദാക്കാന്‍ ആവശ്യപ്പെട്ട് സ്പെഷ്യല്‍ കോടതിയെ വീണ്ടും സമീപിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: