അമ്മയും മകനും മകളും നടത്തിയ പ്രസംഗത്തോടെയാണ് കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിരം സമാപിച്ചത്. തങ്ങളുടേത് ഒരു കുടുംബ പാര്‍ട്ടി മാത്രമാണെന്ന് സംശയലേശമന്യേ പാര്‍ട്ടി ബോധ്യപ്പെടുത്തുകയാണ്. എന്നിട്ട് ജനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ആഹ്വാനവും. ജനങ്ങളുമായുള്ള ബന്ധം കോണ്‍ഗ്രസിനു നഷ്ടപ്പെട്ടുവെന്ന് കോണ്‍ഗ്രസിന് ബോധ്യപ്പെട്ടുവത്രേ. അതു തിരിച്ചുപിടിക്കാന്‍ നേതാക്കള്‍ എല്ലാവരും ജനങ്ങള്‍ക്കിടയില്‍ യാത്ര ചെയ്യണമെന്നാണ് രാഹുലിന്റെ ആഹ്വാനം.
‘ജനങ്ങളുമായുള്ള ബന്ധം നഷ്ടപ്പെട്ടുവെന്നത് നമ്മള്‍ ഉള്‍ക്കൊള്ളണം. രാജ്യത്തെ മുന്നോട്ടു നയിക്കാന്‍ കോണ്‍ഗ്രസിനേ കഴിയൂ എന്ന് ജനങ്ങള്‍ക്കറിയാം. ജനവിശ്വാസം തിരിച്ചുപിടിക്കാന്‍ കുറുക്കുവഴികളില്ല, അതിന് വിയര്‍പ്പൊഴുക്കുക തന്നെ വേണം. കോണ്‍ഗ്രസിന്റെ മുന്നോട്ടുപോക്കിനു കര്‍മപദ്ധതി തയ്യാറാണ്. യുവാക്കള്‍ക്ക് അവസരം നല്കും, പക്ഷേ പരിചയസമ്പന്നരെ മാറ്റിനിര്‍ത്തില്ല’ രാഹുലിന്റെ അഭിപ്രായം അങ്ങനെ. ബിജെപിക്കും ആര്‍എസ്എസ്സിനുമെതിരായ പോരാട്ടമാണ് തന്റെ ജീവിതം. ജീവിതത്തില്‍ അഴിമതി നടത്തിയിട്ടില്ല, അതിനാല്‍ ഭയമില്ല. സത്യത്തിനായുളള പോരാട്ടത്തില്‍ എല്ലാവരും ഒരുമിച്ച് നില്ക്കണം. അടിത്തട്ടില്‍ നിന്നു പാര്‍ട്ടിയുടെ ഘടനയില്‍ മാറ്റം വരുത്തിയെങ്കില്‍ മാത്രമേ ആര്‍എസ്എസ്സിനെതിരെയുള്ള പോരാട്ടത്തില്‍ വിജയിക്കാനാകൂ എന്നും അദ്ദേഹം പറയുന്നു.
ബിജെപിക്കും ആര്‍എസ്എസ്സിനും വിപരീതമായി പാര്‍ട്ടിക്കുള്ളില്‍ ആഭ്യന്തര സംവാദം അനുവദിക്കുന്നതില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ പാര്‍ട്ടി വന്‍ വിമര്‍ശനങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ പ്രധാന അധികാര സ്ഥാപനങ്ങളെയെല്ലാം നിശബ്ദമാക്കുകയാണെന്നും അദ്ദേഹത്തിന് അഭിപ്രായമുണ്ട്. എട്ടു ലക്ഷം കോടിയുടെ അഴിമതി നടത്തി ഇറങ്ങിപ്പോയ പാര്‍ട്ടിയുടെ നേതാവാണ് ഇയാള്‍. താന്‍ അഴിമതി നടത്തിയിട്ടില്ലെന്ന് മേനി നടിക്കുമ്പോള്‍ കൂട്ടുത്തരവാദിത്തം തനിക്ക് ബാധ്യതയല്ലെന്നാണോ! ആര്‍എസ്എസ്സിനെ വെറുതേ വിടൂ. വെറുതേ കല്ലുകടിച്ച് പല്ലുകളയുന്നതെന്തിനാണ്. നെഹ്‌റുവും ഇന്ദിരയും ആവുന്നതൊക്കെ ശ്രമിച്ചു. നിരോധിച്ചു. എന്നിട്ടെന്തായി. ആദ്യം നിരോധിച്ച നെഹ്‌റു തന്നെ റിപ്പബ്ലിക്ക് പരേഡില്‍ പങ്കെടുക്കാന്‍ ഔദ്യോഗികമായി ക്ഷണിച്ചു. ഗണവേഷത്തോടെ പങ്കെടുക്കുകയും ചെയ്തു. ഇന്ദിരയുടെ കാലത്തും അതുതന്നെ സംഭവിച്ചു. ആദരപൂര്‍വം നിരോധനം പിന്‍വലിച്ചു. ഇനിയും വേണോ പുലിവാല്‍പിടുത്തം.
എല്ലാ പ്രതിസന്ധികളെയും കോണ്‍ഗ്രസ് അതിജീവിക്കുമെന്ന പ്രത്യാശ പങ്കുവെച്ചാണ് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി സംസാരിച്ചത്. പാര്‍ട്ടി നേരിടുന്ന പ്രതിസന്ധികളെ മറികടക്കുമെന്ന് ഓരോ അംഗങ്ങളും ദൃഢനിശ്ചയമെടുക്കണം. ‘നമ്മള്‍ അതിജീവിക്കും. അതായിരിക്കണം ദൃഢനിശ്ചയം. അതായിരിക്കണം നവ സങ്കല്പം’ സങ്കല്പംനല്ലതുതന്നെ. അത് സാധിച്ചെടുക്കാന്‍ പ്രഖ്യാപിച്ച പരിപാടികളെ ആശ്രയിക്കുന്നതാണ് അബദ്ധം. കന്യാകുമാരിയില്‍ നിന്നും കശ്മീര്‍വരെ യാത്ര. അത് എവിടെ നിന്നൊക്കെ തല്ലും പിടിയും കാണേണ്ടിവരും!
‘ഭാരത് ജോഡോ’ എന്നു പേരിട്ട പദയാത്രയില്‍ കോണ്‍ഗ്രസിലെ എല്ലാ നേതാക്കളും പങ്കെടുക്കുമെന്നാണ് സോണിയയുടെ പ്രതീക്ഷ.
‘നമ്മുടെ കൂട്ടത്തിലുള്ള എല്ലാവരും, യുവാക്കളും പ്രായമായവരുമെല്ലാം ഈ പദയാത്രയുടെ ഭാഗമാകും. ആരോഗ്യ പ്രശ്‌നങ്ങളും പ്രായത്തിന്റേതായ വെല്ലുവിളികളും മറികടന്ന് ഈ യാത്രയുടെ ഭാഗമാകാനുള്ള വഴികള്‍ എന്നെപ്പോലുള്ള മുതിര്‍ന്ന നേതാക്കള്‍ കണ്ടെത്തേണ്ടിവരും. കോടിക്കണക്കിനു വരുന്ന ഇന്ത്യാക്കാരുടെ ദൈനംദിന പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതായിരിക്കും ഈ പദയാത്ര’ സോണിയയുടെ പ്രതീക്ഷ അങ്ങനെയാണ്.
2024ലെ പൊതുതെരഞ്ഞെടുപ്പു മുന്‍നിര്‍ത്തിയാകും പാര്‍ട്ടിയിലെ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുക. സംഘടനാതലത്തിലും ഓരോ സ്ഥാനങ്ങളിലേക്കും ഭാരവാഹികളെ നിയോഗിക്കുന്നതിലും വാര്‍ത്താവിതരണ രംഗത്തും ജനങ്ങളിലേക്കെത്തുന്ന ശൈലിയിലും സാമ്പത്തിക, തെരഞ്ഞെടുപ്പ് രംഗങ്ങളിലും പാര്‍ട്ടിക്കുള്ളില്‍ സമൂല പരിഷ്‌കരണം വരും. ഇതിനായി മുഴുവന്‍ സമയ കര്‍മസമിതി രൂപീകരിക്കും. പാര്‍ട്ടി നേരിടുന്ന വെല്ലുവിളികളെ കണ്ടെത്താനും പരിഹരിക്കാനുമായി ഉപദേശക സമിതി രൂപീകരിക്കും. അതു കൃത്യമായ ഇടവേളകളില്‍ യോഗം ചേര്‍ന്ന് ഈ ദൗത്യം നിര്‍വഹിക്കും.
പ്രശാന്ത് കിഷോറുമായി നടത്തിയ കൂടിയാലോചനയുടെ ഫലം കണ്ടു. അയാള്‍ ജീവനും കൊണ്ടോടി. ഇത് നന്നാവില്ലാ എന്ന് ശപിച്ചുകൊണ്ടാണ് പ്രശാന്ത് പിന്‍വലിഞ്ഞത്. സംഘടന നന്നാക്കും. ഭാരവാഹികളെ നിശ്ചയിക്കും. എന്നൊക്കെ പറയുന്നു. കോണ്‍ഗ്രസിന് ഏറെ സ്വാധീനമുള്ള (?) സംസ്ഥാനമാണല്ലോ, കേരളം. ഇവിടെ പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ ഇറങ്ങിയ അവസ്ഥ കണ്ടു. നവസങ്കല്പം മണ്ണാങ്കട്ടയാണെന്ന് തെളിയാന്‍ പോവുകയല്ലെ.
ബാലറ്റു പേപ്പര്‍ നഷ്ടപ്പെട്ടതാണ് കോണ്‍ഗ്രസിന് ഏറെ നാശനഷ്ടമുണ്ടാക്കിയതത്രെ. ഇനി ബാലറ്റിനായുള്ള പോരാട്ടവും ഇതിനിടയില്‍ ശക്തിപ്പെടുത്തും. കുന്തം പോയാല്‍ കുടത്തിലും തപ്പണം എന്ന ചൊല്ലാവും എല്ലാറ്റിനും ആധാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: