ഗുവാഹാട്ടി: അസമില്‍ കനത്ത നാശം വിതച്ച് പ്രളയം. 57,000-ലധികം ആളുകളെ പ്രളയം ബാധിച്ചതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 222 ഗ്രാമങ്ങള്‍ പ്രളയത്തിലായതായാണ് റിപ്പോര്‍ട്ട്. 10321.44 ഹെക്ടര്‍ കൃഷി നശിച്ചു. നിര്‍ത്താതെ പെയ്യുന്ന മഴയെ തുടര്‍ന്ന് ദിമാ ഹസാവോ ജില്ലയിലെ 12 ഗ്രാമങ്ങളില്‍ ശനിയാഴ്ച മണ്ണിടിച്ചില്‍ ഉണ്ടായി. ഇതുവരെ ഏഴ് പേര് മരിച്ചതായാണ് റിപ്പോര്‍ട്ട്.
ശക്തമായ മണ്ണിടിച്ചിലില്‍ ഇവിടുത്തെ റെയില്‍വേ സ്റ്റേഷനിലും വന്‍ നാശനഷ്ടമുണ്ടായി. മണ്ണിടിച്ചിലിന്റെ ശക്തിയില്‍ ഇവിടെ നിര്‍ത്തിയിട്ടിരുന്ന പാസഞ്ചര്‍ തീവണ്ടി ട്രാക്കില്‍ നിന്ന് പുറത്തേക്ക് മറിഞ്ഞുവീണു. ഇതിന്റെ വീഡിയോദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. മണ്ണിടിച്ചിലില്‍ പലയിടത്തും റെയില്‍വേ ട്രാക്കുകള്‍ പൂര്‍ണമായി ഒലിച്ചുപോയി. മലയോര മേഖലകളിലാണ് റെയില്‍വേയ്ക്ക് കൂടുതല്‍ നാശം ഉണ്ടായത്. തകരാറിലായ ട്രാക്കുകള്‍ നന്നാക്കുന്നതിലാണ് അടിയന്തിരമായി ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി.
അതിനിടെ ദിമ ഹസാവോയിലെ ഡിറ്റോക്ചെറ റെയില്‍വേ സ്റ്റേഷനില്‍ കുടുങ്ങിയ ട്രെയിന്‍ യാത്രക്കാരെ മുഴുവന്‍ സുരക്ഷിതമായി മാറ്റി. 1600 യാത്രക്കാരാണ് മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഇവിടെ കുടുങ്ങിയിരുന്നത്. ഇവരില്‍ 119 പേരെ വ്യോമസേന എയര്‍ലിഫ്റ്റ് ചെയ്യുകയായിരുന്നു. സില്ചാര് ഗുവാഹത്തി എക്സ്പ്രസിലെ യാത്രക്കാരാണ് റെയില്‍വേ സ്റ്റേഷനില്‍ കുടുങ്ങിയത്.
ദിമ ഹസാവോയില്‍ ഉള്‍പ്പെടെ 67 ദുരിതാശ്വാസ ക്യാമ്പുകളാണ് ഇതുവരെ തുറന്നത്. ഇവിടേക്ക് പ്രളയബാധിത മേഖലകളില്‍ നിന്ന് 32,900 പേരെ മാറ്റിയതായി അസം ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. 20 ജില്ലകളിലായി രണ്ട് ലക്ഷം പേരെ പ്രളയം ബാധിച്ചതായി അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: