തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ കിട്ടുന്ന വരുമാനം മുഴുവന്‍ ശമ്പളത്തിനായി ചെലവഴിച്ചാല്‍ വണ്ടിയെങ്ങനെ ഓടിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ഒരു സര്‍ക്കാരിനും കെഎസ്ആര്‍ടിസിയുടെ ശമ്പളം മുഴുവനായും കൊടുക്കാന്‍ സാധിക്കില്ല. പെന്ഷന് കൊടുക്കുന്നത് സര്‍ക്കാരാണ്, മുപ്പത് കോടിയോളം താല്‍ക്കാലിക ആശ്വാസവും നല്കി. അതല്ലാതെ അതിനപ്പുറം സര്‍ക്കാരിന് ഒന്നും ചെയ്യാനില്ലെന്നും ആന്റണി രാജു മാധ്യമങ്ങളോട് പറഞ്ഞു.
ജീവനക്കാരുടേയോ മാനേജ്മെന്റിന്റെയോ പിടിപ്പുകേട് കൊണ്ടല്ല ഇങ്ങനെ സംഭവിക്കുന്നത്. അനിയന്ത്രിതമായ ഡീസല്‍ വിലവര്‍ധനവാണ് കാര്യങ്ങള്‍ കൈവിട്ടു പോകാന്‍ ഇടയാക്കിയത്. വരവും ചെലവുമെല്ലാം നോക്കി കൈകാര്യംചെയ്യുക മാനേജ്മെന്റിന്റെ പണിയാണ്. അത് മന്ത്രിയുടെ പണിയല്ലെന്നും ആന്റണി രാജു ചൂണ്ടിക്കാട്ടി.
ജനങ്ങളെ ബുദ്ധിമുട്ടിച്ച് സമരം ചെയ്യുന്നതിനെതിരേയാണ് താന്‍ പറഞ്ഞത്. യൂണിയനുകള്‍ക്ക് അവരുടേതായ താല്പര്യം ഉണ്ടായിരിക്കുമെന്നും അദേഹം പറഞ്ഞു. അതേസമയം, കെ.എസ്ആര്‍ടിസിയിലെ ശമ്പളം മനപ്പൂര്‍വ്വം നിഷേധിച്ചും തൊഴിലാളികളെ അപമാനിച്ചും തൊഴില്‍ സമരങ്ങളെ പരിഹസിച്ചും രസിക്കുന്ന ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നിലപാട് അപമാനകരമാണെന്ന് എഐടിയുസി. തൊഴിലാളികളെ കൊണ്ട് അനിശ്ചിതകാല പണിമുടക്ക് വിളിച്ചു വരുത്തരുതെന്നും എഐടിയുസി ജനറല്‍ സെക്രട്ടറി കെ പി.രാജേന്ദ്രന് താക്കീത് നല്കി. ഗതാഗത മന്ത്രിയുടെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു അദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: