ന്യൂദല്‍ഹി: മാസങ്ങള്‍ക്കുള്ളില്‍ ഇന്ത്യയില്‍ 5ജി സംവിധാനം നിലവില്‍ വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ 3ജി, 4ജി ടെലികോം ദാതാക്കള്‍ 5ജി ലോഞ്ച് ചെയ്യാന്‍ തയ്യാറെടുക്കുകയാണ്. ഈ പതിറ്റാണ്ടിന്റെ അവസാനത്തോടെ ഇന്ത്യയില്‍ 6ജി സേവനം ആരംഭിക്കുമെന്ന് അദേഹം പറഞ്ഞു. 21ാം നൂറ്റാണ്ടില്‍ ഇന്ത്യയുടെ വളര്‍ച്ചയുടെ വേഗം നിര്‍ണയിക്കുക കണക്ടിവിറ്റിയായിരിക്കും. അതുകൊണ്ട് കണക്ടിവിറ്റിയെ എല്ലാതലത്തിലും നവീകരിക്കണം. ടെലികോം റെഗുലേറ്ററി അതോറിറ്റിയായ ട്രായിയുടെ സില്‍വര്‍ ജൂബിലി ചടങ്ങിലാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.
രാജ്യത്തിന്റെ ഭരണത്തില്‍ 5ജി സാങ്കേതികവിദ്യ വലിയ മാറ്റങ്ങള്‍ കൊണ്ടു വരും. കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാനസൗകര്യ വികസനം, ലോജിസ്റ്റിക്സ് തുടങ്ങിയ മേഖലകളില്‍ 5ജി വലിയ മാറ്റങ്ങളുണ്ടാക്കും. 5ജി അതിവേഗത്തില്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍തലത്തിലും വ്യവസായ മേഖലയുടേയും ഇടപെടലുണ്ടാവണം. ടെലികോം മേഖല സ്വയംപര്യാപ്തതയും കൈവരിച്ചുവെന്നും ആരോഗ്യകരമായ മത്സരം സെക്ടറിലുണ്ടെന്നും അദേഹം പറഞ്ഞു.
5ജി കടന്നു വരുന്നതോടുകൂടി 450 ബില്യണ്‍ ഡോളര്‍ ഇന്ത്യന്‍ സാമ്പത്തിക മേഖലയില്‍ കൂട്ടിച്ചേര്‍ക്കപ്പെടും. 5ജി സാങ്കേതികവിദ്യ രാജ്യത്തിന്റെ ഭരണരംഗത്ത് നല്ല രീതിയിലുള്ള മാറ്റങ്ങള്‍ കൊണ്ടുവരും. ഇന്റര്‍നെറ്റിന്റെ വേഗത വര്‍ധിപ്പിക്കുക മാത്രമല്ല 5ജി വികസനത്തിന്റെയും, തൊഴിലവസരങ്ങളുടെയും വേഗതയും വര്‍ധിപ്പിക്കുമെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: