ന്യൂദല്‍ഹി: ഉത്തര്‍പ്രദേശിലെ വാരണസിയിലെ ഗ്യാന്‍വാപി മസ്ജിദില്‍ ശിവലിംഗം കണ്ട സ്ഥലം സംരക്ഷിക്കാന്‍ ജില്ലാ മജിസ്ട്രേറ്റിനോട് ആവശ്യപ്പെട്ട് സുപ്രീംകോടതി. അതേ സമയം മുസ്ലിങ്ങളുടെ ആരാധനയ്ക്കോ പോക്കുവരവിനോ തടസ്സം ഉണ്ടാകില്ലെന്ന് ഉറപ്പവരുത്താനും സുപ്രീംകോടതി ജില്ലാ മസിസ്ട്രേറ്റിനോട് ആവശ്യപ്പെട്ടു. കോടതി ഈ കേസില്‍ മെയ് 19 വ്യാഴാഴ്ച വീണ്ടും വാദം കേള്‍ക്കല്‍ തുടരും.
മുസ്ലിങ്ങള്‍ക്കായി അഞ്ജുമാന്‍ ഇന്ദെസാമിയ മസാജിദ് സുപ്രീംകോടതിയില്‍ നല്കിയ പരാതിയിലാണ് ചൊവ്വാഴ്ച ഉത്തരവുണ്ടായത്. ഗ്യാന്‍വാപി മസ്ജിദില്‍ ഹിന്ദു വിഗ്രഹങ്ങളുണ്ടെന്നും അവയെ ദിവസേന പ്രാര്‍ത്ഥിക്കണമെന്നും ആവശ്യപ്പെട്ട ഹിന്ദു പരാതിക്കാര്‍ക്കും ഉത്തര്‍പ്രദേശ് സര്‍ക്കാരിനും വിശദീകരണം തേടി സുപ്രിംകോടതി നോട്ടീസയച്ചു. മെയ് 19നകം ഇവര്‍ പ്രതികരണം അറിയിക്കണം.
ശിവലിംഗം കണ്ടെത്തിയ മസ്ജിദിന്റെ ഭാഗം ശരിയായി സംരക്ഷിക്കണമെന്ന് ജില്ലാ മജിസ്ട്രേറ്റിനോട് സുപ്രീംകോടതി നിര്‍ദേശിച്ചു. അതേ സമയം ഇങ്ങിനെ സംരക്ഷണം നല്കുമ്പോള് മുസ്ലിങ്ങളുടെ മസ്ജിദിനുള്ളിലേക്കുള്ള പ്രവേശനത്തിനോ പ്രാര്‍ത്ഥന നടത്തുന്നതിനോ മതപരമായ ചടങ്ങുകള്‍ പാലിക്കുന്നതിനോ തടസ്സം വന്നുകൂടെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.
സുപ്രീംകോടതിയില്‍ മുസ്ലിം വിഭാഗത്തിന് വേണ്ടി ഹുസെഫ അഹ്മദിയാണ് ഹാജരായത്. ഗ്യാന്‍വ്യാപി മസ്ജിദിനുള്ളില്‍ മുദ്രവെയ്ക്കാന്‍ പാടില്ലെന്നും ഇവിടെ ഹിന്ദു വിഗ്രഹങ്ങളുണ്ടോ എന്ന് വീഡിയോ പരിശോധന നടത്താനുള്ള വാരണസി സിവില്‍ കോടതിയുടെ ഉത്തരവ് റദ്ദാക്കാനും ഹുസെഫ അഹ്മദി വാദിച്ചെങ്കിലും സുപ്രിംകോടതി ഇത് അംഗീകരിച്ചില്ല.
സുപ്രീംകോടതിയില്‍ ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡും പി.എസ്. നരസിംഹയും ഉള്‍പ്പെടുന്ന ബെഞ്ചാണ് വാദം കേള്‍ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: