വാരണാസി: ഗ്യാന്‍വാപി മസ്ജിദില്‍ കഴിഞ്ഞ മൂന്ന് ദിവസമായി നടന്നുവരുന്ന വീഡിയോ ചിത്രീകരണത്തിന്റെ റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിക്കാന്‍ സര്‍വ്വേ കമ്മീഷണര്‍മാര്‍ക്ക് രണ്ട് ദിവസം കൂടി സമയം അനുവദിച്ച് വാരണസി കോടതി ഉത്തരവായി. ചൊവ്വാഴ്ചയാണ് കോടതി ഇക്കാര്യം അനുവദിച്ചത്.
അതേ സമയം വീഡിയോ സര്‍വ്വേ സംബന്ധിച്ച ചില കാര്യമങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ കോടതി നിയോഗിച്ച കമ്മീഷണര്‍ അജയ് കുമാര്‍ മിശ്രയെ നീക്കി. മുസ്ലിം വിഭാഗത്തിന് കൂടി ആദ്യം മുതലേ പക്ഷപാതിത്വമുള്ള അജയ് കുമാര്‍ സിങ്ങിനെ കമ്മീഷണര്‍ പദവിയില്‍ നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ഇനി രണ്ട് കമ്മീഷണര്‍മാര്‍ മാത്രമാണ് അവശേഷിക്കുന്നത്. വിശാല്‍ സിങ്ങും അജയ് പ്രതാപ് സിങ്ങും. ഇവര്‍ മെയ് 19നുള്ളില്‍ വീഡിയോ സര്‍വ്വേ ഫലം വാരണസി കോടതിയില്‍ സമര്‍പ്പിക്കും. സ്പെഷ്യല്‍ കമ്മീഷണര്‍ വിശാല്‍ സിങ്ങും മറ്റൊരു അസിസ്റ്റന്റ് കമ്മീഷണറായ അജയ് പ്രതാപ് സിങ്ങും സര്‍വ്വേ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതിയോട് രണ്ട് ദിവസത്തെ സമയം നീട്ടിച്ചോദിച്ചിരുന്നു. നേരത്തെ മെയ് 17ന് ഈ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു കോടതി ആവശ്യപ്പെട്ടിരുന്നത്.
മസ്ജിദില്‍ ഹിന്ദുവിഗ്രഹങ്ങളുണ്ടെന്നും അവയെ നിത്യാരാധന നടത്താന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് അഞ്ച് സ്ത്രീകള്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് വാരണാസി സിവില്‍ കോടതി വീഡിയോ ചിത്രീകരണം നടത്താന്‍ ഉത്തരവിട്ടത്.
കഴിഞ്ഞ മൂന്ന് ദിവസമായി ഇരു സമുദായങ്ങളിലെയും അഭിഭാഷകര്‍ ഉള്‍പ്പെടെ കോടതി നിയോഗിച്ച കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ ഇരുസമുദായത്തിലും പെട്ട അഭിഭാഷക സംഘം ഗ്യാന്‍വാപി മസ്ജിദില്‍ സര്‍വ്വേ നടത്തിവരികയായിരുന്നു. സര്‍വ്വേയുടെ മൂന്നാമത്തെയും അവസാനത്തെയും ദിനമായ തിങ്കളാഴ്ചയാണ് ഹിന്ദുവിഭാഗക്കാരുടെ അഭിഭാഷകനായ മദന്‍ മോഹന്‍ യാദവ് പള്ളിക്കകത്ത് ശിവലിംഗ് കണ്ടെത്തിയതായി അറിയിച്ചത്. നിസ്കാരത്തിന് മുന്‍പ് ദേഹശുദ്ധി വരുത്താന്‍ ഉപയോഗിക്കുന്ന വാട്ടര്‍ ടാങ്ക് വറ്റിച്ചപ്പോഴാണ് ശിവലിംഗം കണ്ടെത്തിയത്. ഇതിനര്‍ത്ഥം ഈ മസ്ജിദിനുള്ളില്‍ ക്ഷേത്രമുണ്ടായിരുന്നുവെന്നാണെന്നും അഭിഭാഷകര്‍ വാദിക്കുന്നു. 12 അടിയ ഉയരവും എട്ടിഞ്ച് വ്യാസവുമുള്ളതാണ് ഈ കൂറ്റന്‍ ശിവലിംഗമെന്ന് മറ്റൊരു അഭിഭാഷകനായ വിഷ്ണു ജെയിനും പറയുന്നു.
എന്നാല്‍ മുസ്ലിം വിഭാഗം അഭിഭാഷകന് മിറാസുദ്ദീന്‍ ഇത് നിഷേധിച്ചു. ജലധാരയുടെ ഭാഗമാണ് ഈ ശിവലിംഗമെന്ന പേരില്‍ കണ്ടെത്തിയ വസ്തുവെന്നാണ് മിറാസുദ്ദീന്റെ വാദം. എന്തായാലും ശിവലിംഗം കണ്ടെത്തിയ മസ്ജിദിന്റെ ഭാഗം മുദ്രവെച്ച് വേര്‍തിരിക്കാന്‍ വാരണസി സിവില്‍ കോടതി ഉടനെ ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തില്‍ അവിടെ വേര്‍തിരിച്ചിരിക്കുകയാണ്. സംഘര്‍ഷാവസ്ഥയാണ് മസ്ജിദിന്റെ പരിസരത്ത്. കനത്ത പൊലീസ് കാവലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: