തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും തീവ്ര മഴ മുന്നറിയിപ്പ് നല്കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. എല്ലാ ജില്ലകളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ്, എന്നീ ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
വടക്കന്‍ കേരളത്തിലാണ് ശക്തമായ മഴ സാധ്യതയുള്ളതായി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കേരളത്തിലെ മറ്റ് ജില്ലകളിലെല്ലാം ഇന്ന് യെല്ലോ അലര്‍ട്ടാണ്. സംസ്ഥാനത്താകെ ഇന്ന് വ്യാപകമായി തന്നെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
അറബിക്കടലിലെയും ബംഗാള്‍ ഉള്‍ക്കടലിലെയും ചക്രവാതച്ചുഴികളും ഇതിന്റെ സ്വാധീനഫലമായുള്ള ശക്തമായ പടിഞ്ഞാറന്‍ കാറ്റുമാണ് മഴയ്ക്ക് കാരണം. മത്സ്യതൊഴിലാളികള്‍ യാതൊരുകാരണവശാലും കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്. മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളില്‍ ഓറഞ്ച് അലേര്‍ട്ടിന് സമാനമായ ജാഗ്രത പാലിക്കണം. കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം.
അതേസമയം മൂന്ന് ദിവസം ശക്തമായി മഴ തുടര്‍ന്നതോടെ നെല്‍പ്പാടങ്ങളില്‍ ഭൂരിഭാഗവും വെള്ളത്തിലായി. കനത്ത മഴയില്‍ ആലപ്പുഴയില്‍ മാത്രം 10.46 കോടിയുടെ കൃഷി നശിച്ചു. സംസ്ഥാനത്ത് മൊത്തം 15.27 കോടിരൂപയുടെ കൃഷിനാശമുണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. വിവിധ ജില്ലകളിലായി 1,469 ഹെക്ടര്‍ പ്രദേശത്തെ 2,954 കര്‍ഷകരെയാണു കൃഷിനാശം നേരിട്ടു ബാധിച്ചത്. 14 മുതല്‍ മുതല്‍ ഇന്നലെ വരെയുള്ള കൃഷി വകുപ്പിന്റെ കണക്കുകള്‍ പ്രകാരമാണിത്. എറണാകുളം, പത്തനംതിട്ട, കൊല്ലം, കോട്ടയം, മലപ്പുറം, തൃശൂര്‍ ജില്ലകളിലും കൃഷി നാശമുണ്ടായി. 868 ഹെക്ടറിലെ നെല്‍കൃഷി നശിച്ചു.വാഴകൃഷിയും നശിച്ചിട്ടുണ്ട്.
അച്ചന്‍കോവിലാറിന്റെ ഭാഗമായ കുട്ടമ്പേരൂര്‍ ആറ്റിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്നുണ്ടായ മടവീഴ്ച്ചയില്‍ കൃഷിനാശം. മഴ തോരാതെ തുടരുന്നതിനാല്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വെള്ളപ്പൊക്ക ഭീഷണിയും ഒഴിയുന്നില്ല. തിങ്കളാഴ്ച പകല്‍ മഴയക്ക് ശമനം ഉണ്ടായിരുന്നതിനാല്‍ കിഴക്കന്‍ മേഖലയില്‍ നിന്നു വെള്ളം കാര്യമായി താഴ്ന്നെങ്കിലും പടിഞ്ഞാറന്‍ മേഖലയില്‍ ജലനിരപ്പ് താഴുന്നില്ല
പ്രതികരിക്കാൻ ഇവിടെ എഴുതുക: