ആലപ്പുഴ: കേരളത്തിലെ ആദ്യ സിഎന്‍ജി ഹൈഡ്രോ ടെസ്റ്റിങ് കേന്ദ്രം ആലപ്പുഴ കലവൂരില്‍ പ്രവര്‍ത്തനം തുടങ്ങി. സൗത്ത് ബയോടെക് ആണ് പ്ലാന്റിന്റെ നടത്തിപ്പുകാര്‍. ഉദ്ഘാടനം ഗതാഗത മന്ത്രി ആന്റണി രാജു നിര്‍വഹിച്ചു. കേരളത്തിലെ മൂന്ന് വര്‍ഷത്തിലധികം പഴക്കമുള്ള, ഹൈഡ്രോ ടെസ്റ്റിംഗ് പരിശോധനയ്ക്ക് വിധേയമാകേണ്ട അയ്യായിരത്തോളം സിഎന്‍ജി വാഹനങ്ങള്‍ക്ക് ഈ കേന്ദ്രം പ്രയോജനപ്പെടും.
സിഎന്‍ജി സിലിണ്ടറുകളുടെ ചോര്‍ച്ച, ഘടനാപരമായ പിഴവുകള്‍, ഈട്, തുരുമ്പെടുക്കല്‍ തുടങ്ങിയവ പരിശോധിക്കാന്‍ കൂടുതല്‍ പ്രായോഗികമായ നടപടിക്രമമാണ് ഹൈഡ്രോ ടെസ്റ്റിംഗ്. ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് 8451: 200, ഗ്യാസ് സിലിണ്ടര്‍ ചട്ടം, 2004 എന്നിവ പ്രകാരം, എല്ലാ സിഎന്‍ജി വാഹനങ്ങള്‍ക്കും മൂന്ന് വര്‍ഷം കൂടുമ്പോള്‍ ഹൈഡ്രോ ടെസ്റ്റ് നടത്തുക നിര്‍ബന്ധമാണ്. പരിശോധനയ്ക്ക് ശേഷം, വാഹന ഉടമകള്‍ക്ക് നല്കുന്ന സര്‍ട്ടിഫിക്കറ്റ് പിന്നീട് സിഎന്‍ജി സ്റ്റേഷനുകളില്‍ ഇന്ധനം നിറയ്ക്കുന്ന സമയത്ത് ഹാജരാക്കുകയും വേണം.
നിലവില്‍ ഹൈഡ്രോ ടെസ്റ്റിങ് നടത്തേണ്ട സിലിണ്ടറുകള്‍ വാഹനത്തില്‍ നിന്ന് വേര്‍പെടുത്തിയ ശേഷം ഹൈദരാബാദിലേക്ക് അയയ്ക്കുകയാണ് പതിവ്. ഇവ പരിശോധന പൂര്‍ത്തിയാക്കി തിരിച്ചു ലഭിക്കണമെങ്കില്‍ രണ്ടാഴ്ചയെങ്കിലും സമയമെടുക്കും. സൗത്ത് ബയോടെകിന്റെ പരിശോധനാ കേന്ദ്രം കേരളത്തില്‍ തുറന്നതോടെ, ഈ കാലതാമസത്തിനും പ്രായോഗിക ബുദ്ധിമുട്ടുകള്‍ക്കുമാണ് പരിഹാരമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: