തൊടുപുഴ: 27 വര്‍ഷത്തിന് മുമ്പ് വിവാഹശേഷം സഞ്ചരിച്ച കാര്‍ തപ്പിയെടുത്ത് മകന്റെ വിവാഹയാത്രയ്ക്കും എത്തിച്ച് അനില്‍കുമാര്‍ മകന്റെ വിവാഹവും അവിസ്മരണീയമാക്കി. കാപ്പ് ഒലിയപുറത്ത് അനില്‍കുമാറിന്റെയും രാജശ്രീയുടെയും മകന് അര്‍ജുന്റെ വിവാഹത്തിനാണ് രണ്ടര പതിറ്റാണ്ട് മുമ്പ് ഉപയോഗിച്ച അംബാസിഡര്‍ കാര്‍ എത്തിച്ചത്. ആഡംബര വാഹനങ്ങളുടെ കാലത്ത് പഴയകാലത്തെ പ്രതാപം ഒട്ടുചോരാതെ തന്നെ അംബാസിഡര്‍ എത്തിയതോടെ ബന്ധുക്കള്‍ക്കും വിവാഹത്തിനെത്തിയവര്‍ക്കും അത് കൗതുക കാഴ്ചയായി മാറി.
1995 ഫെബ്രുവരി 5ന് കാപ്പ് കുറിഞ്ഞിലിക്കാട്ട് ദേവീ ക്ഷേത്രത്തില്‍ വച്ചായിരുന്നു അനിലിന്റെയും രാജശ്രീയുടെയും വിവാഹം. കാപ്പിലെ തന്നെ കോല്ലക്കാട്ട് ശിവശങ്കരന് നായരുടെ 1990 മോഡല്‍ അംബാസിഡറിലായിരുന്നു അന്ന് ഇരുവരും വിവാഹ ശേഷം ആദ്യയാത്ര നടത്തിയത് കാല് നൂറ്റാണ്ടിനിപ്പുറം മകന്റെ വിവാഹം എത്തിയപ്പോള്‍ അച്ഛനായ അനില്‍ ആദ്യം അന്വേഷിച്ചത് ഈ വാഹനമായിരുന്നു. മകന് അര്ജുന് തനിക്ക് ഈ വാഹനത്തില്‍ തന്നെ വീട്ടിലേക്ക് എത്തണമെന്ന ആഗ്രഹം അച്ഛനെ വിവാഹ നിശ്ചയ സമയത്ത് അറിയിച്ചിരുന്നു.
കൊടകര സ്വദേശി ശബരി ഈ വാഹനം വാങ്ങി ഉപയോഗിച്ച് വരികയായിരുന്നു. ഇദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെട്ട് കാര്യം പറഞ്ഞതോടെ തൃശൂരില്‍ നിന്ന് വാഹനം ഉടമ ഓടിച്ചുകൊണ്ട് വന്ന് കൈമാറുകയായിരുന്നു. ഇന്നലെ തൊടുപുഴ കൃഷ്ണതീര്‍ത്ഥം കല്യാണ മണ്ഡപത്തില്‍ വച്ചായിരുന്നു അര്‍ജുന്റെ വിവാഹം. കാപ്പ് വള്ളവശ്ശേരിയില് വി.സി. രഘുനാഥിന്റെയും ഗീതയുടെയും മകളായ ലക്ഷ്മിയെ ആണ് അര്ജുന് വരണമാല്യം ചാര്‍ത്തിയത്. വിവാഹ ശേഷം കുടുംബത്തോടെ അംബാസിഡര്‍ കാറില്‍ വീട്ടിലേക്ക് യാത്ര തിരിക്കുകയായിരുന്നു. വീട്ടിലെത്തി വാഹനത്തിനൊപ്പം നിന്ന് നിരവധി ചിത്രങ്ങളുമെടുത്ത ശേഷമാണ് ഉടമയ്ക്ക് കാര്‍ തിരികെ കൈമാറിയത്. മൂവാറ്റുപുഴ ജോയിന്റ് ആര്‍ടിഒ ആണ് നിലവില്‍ അനില്‍ കുമാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: