തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു. ഇന്നും അതിതീവ്രമഴയാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം പ്രവചിക്കുന്നത്. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, മലപ്പുറം, വയനാട്, കാസര്‍കോട് ജില്ലകളില്‍ അതിശക്ത മഴയ്ക്ക് ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നല്‍കിയിട്ടുണ്ട്.
നാളെ ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത മൂന്ന് ദിവസം മഴ ശക്തിയായി തുടരുമെന്നാണ് പ്രവചനം. ശക്തമായ കാറ്റടിക്കാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മഴ ശക്തമായ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം തുറന്നു. 1077 എന്ന ടോള്‍ഫ്രീ നമ്പറില്‍ ബന്ധപ്പെടാം. ഈ കണ്ട്രോള് റൂമിന് പുറമെ ജില്ലാ, താലൂക്ക് അടിസ്ഥാനത്തിലും കണ്ട്രോള് റൂമുകള്‍ തുറക്കും.
വിഴിഞ്ഞം ഹാര്‍ബറില്‍ നിന്നും കഴിഞ്ഞ ദിവസം മത്സ്യബന്ധനത്തിന് പോയി കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികളെ കണ്ടെത്തി. ഇന്നലെ തമിഴ്നാട് തീരമായ തേങ്ങാപ്പട്ടണത്ത് നിന്നുമാണ് ഇവരെ കണ്ടെത്തിയത്. ആവശ്യമുള്ളയിടത്ത് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കണമെന്ന് വില്ലേജ് ഓഫീസര്‍മാരോട് നിര്‍ദേശിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം നല്കി.
കൊല്ലം ജില്ലയില്‍ വിവിധ സ്ഥലങ്ങളിലായി കാറ്റില്‍ മരം ഒടിഞ്ഞ് വീണ് മൂന്ന് വീടുകള്‍ക്ക് ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചു. എറണാകുളത്ത് ആലുവ, പെരുമ്പാവൂര്‍, കളമശ്ശേരി, കൊച്ചി നഗരം എന്നിവിടങ്ങളില്‍ മഴ നാശം വിതച്ചു. പെരുമ്പാവൂരില്‍ മഴയ്ക്കൊപ്പം എത്തിയ കാറ്റില്‍ വന്‍ മരങ്ങള്‍ കടപുഴകി വീണ് എംസി റോഡിലടക്കം ഗതാഗതം തടസ്സപ്പെട്ടു. കോഴിക്കോട് എടച്ചേരിയില്‍ രണ്ട് വീടുകള്‍ തകര്‍ന്നു.
കൊച്ചി നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമായി. ശനിയാഴ്ച രാത്രി തുടങ്ങിയ മഴ ഇന്നലെ രാവിലെ വരെ ശക്തമായിരുന്നു. പ്രധാന വഴികള്‍ പലതും വെള്ളത്തിനടിയിലായി. മരങ്ങള്‍ കടപുഴകി വീണതിനെ തുടര്‍ന്നു പലയിടത്തും വൈദ്യുത ബന്ധം വിച്ഛേദിക്കപ്പെട്ടു. നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാനായി ജില്ലാ ഭരണകൂടം കോര്‍പ്പറേഷനുമായി സഹകരിച്ച് നടത്തിയ ഓപ്പറേഷന് ബ്രേക്ക് ത്രൂ അപ്പാടെ പാളി. പനമ്പിള്ളി നഗര്‍ റോഡ്, എംജി റോഡ്, കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ്, നോര്‍ത്ത്, സൗത്ത് റെയില്‍വേ സ്റ്റേഷന് പരിസരങ്ങള്‍, മറൈന്‍ ഡ്രൈവ്, തൃപ്പൂണിത്തുറ, കളമശേരി എന്നീ പ്രധാന കേന്ദ്രങ്ങളിലെ റോഡുകള്‍ വെള്ളത്തിലായി. ജില്ലയില്‍ രണ്ടിടത്ത് ദുരിതാശ്വാസ ക്യാമ്പ് തുറന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: