മക്കളേ,
അമ്മ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ ചില വിദേശമക്കള് ചോദിച്ചിട്ടുണ്ട്, ഭാരതത്തിലെ കുടുംബങ്ങളില്‍ സ്ത്രീകളെ അടിമകളാക്കി വച്ചിരിക്കുകയല്ലേ എന്ന്. അമ്മ അവരോടു പറയും, ഒരിക്കലും അങ്ങനെയല്ല. ഭാരതത്തില്‍ ഭാര്യാഭര്‍ത്തൃബന്ധത്തിന്റെ അടിസ്ഥാനം സ്നേഹമാണ്. സ്ത്രീപുരുഷന്മാരുടെ ആദ്ധ്യാത്മികവളര്ച്ചയാണ് കുടുംബജീവിതത്തിലൂടെ ലക്ഷ്യമാക്കുന്നത്. അതിനാല്‍ ക്ഷമിച്ചും സഹിച്ചും സഹകരിച്ചും വേണം കുടുംബജീവിതം മുന്നോട്ടു കൊണ്ടുപോകുവാന്‍.
സമൂഹം സ്ത്രീയെ മാത്രം നിയന്ത്രിക്കാന്‍ ശ്രമിക്കുന്നത് ശരിയല്ല. പുരുഷനാകുന്ന ചെടിച്ചട്ടിയില്‍ വളര്‍ത്തുന്ന വൃക്ഷമാകരുത് സ്ത്രീ. ചെടിച്ചട്ടിയിലെ വൃക്ഷത്തിന് അധികം വളരാനാവുകയില്ല. എന്നാല്‍ അതിനെത്തന്നെ മണ്ണിലേക്കു മാറ്റിനട്ടു നോക്കുക. അതിന്റെ വേഗത്തിലുള്ള വളര്ച്ചഅപ്പോള് നമുക്ക് കാണുവാന്‍ കഴിയും. ഇതുപോലെയാണ് സ്ത്രീ ദുര്‍ബലയാണെന്നു പറയുന്നത്. അവളില്‍ ശക്തിയുണ്ട്. ആ ശക്തി കണ്ടെത്താന്‍ അനുവദിച്ചാല്‍ മാത്രം മതി. അപ്പോള്‍ സ്ത്രീ കുടുംബത്തിനും സമൂഹത്തിനും രാഷ്ട്രത്തിനും മുതല്‍ക്കൂട്ടാകുന്നത് നമുക്ക് കാണുവാന്‍ കഴിയും.
ഇന്നു സ്ത്രീകള്‍ സ്വന്തം ശക്തിയെക്കുറിച്ച് മറന്നു പോയിരിക്കുന്നു. കാരണം അമ്മമാര്‍ കൊച്ചു പ്രായം മുതല്‍ പെണ്‍കുട്ടികളെ കണ്ടീഷനിങ് ചെയ്തു വളര്‍ത്തുന്നു. പല സ്ത്രീകളും ഇങ്ങനെ പറയാറുണ്ട്, ‘ഞാനൊരു സ്ത്രീയാണ്, എനിക്കെന്തു ചെയ്യാന്‍ സാധിക്കും?’ എന്ന്. ഈ നിരാശാഭാവം കൈവെടിയണം. ‘ഞാന്‍ സ്ത്രീയാണ്, ശക്തിസ്വരൂപിണിയാണ്. എനിയ്ക്ക് അസാദ്ധ്യമായി ഒന്നുമില്ല’’എന്നു ചിന്തിക്കണം.
സൂപ്പര്മാര്ക്കറ്റില്കയറി ഒരു ചെറിയ സാധനം വാങ്ങുന്ന സ്ത്രീ ആദ്യം തിരയുന്നത് ആ സാധനങ്ങള്‍ വെച്ചുകൊണ്ടുപോകാനുള്ള ഉന്തുവണ്ടിയായിരിക്കും. എന്നാല്‍ ഇതേ സ്ത്രീ സന്തോഷപൂര്‍വ്വം ഒരു കുഞ്ഞിനെ പത്തുമാസം ചുമക്കുകയും പ്രസവക്ലേശങ്ങള്‍ സഹിക്കുകയും ചെയ്യുന്നില്ലേ. സഹിക്കാനും ക്ഷമിക്കാനുമുള്ള ആത്മബലം അവരുടെ ഉള്ളിലുണ്ടെന്നാണ് ഇതു കാണിക്കുന്നത്. ഇതുപോലെ സാഹചര്യം വന്നാല്‍ ജീവിതത്തില്‍ ഒരിക്കലും പ്രകടമായിട്ടില്ലാത്ത കഴിവുകള്‍ കൂടി പ്രകടമാകുന്നത് നമുക്കു കാണാം.
അമ്മയ്ക്കറിയാവുന്ന ഒരു കുടുംബത്തിന്റെ കാര്യം ഓര്‍ക്കുന്നു. ഭാര്യയും ഭര്‍ത്താവും രണ്ടു കുട്ടികളും ചേര്‍ന്ന കൊച്ചു കുടുംബം. ഭര്‍ത്താവ് ഒരപകടത്തില്‍ മരണമടഞ്ഞു. ഭര്‍ത്താവ് ജീവിച്ചിരുന്നപ്പോള്‍ ഭാര്യ ഒരിക്കലും തനിച്ച് പുറത്തുപോകുകയോ മറ്റുള്ളവരുമായി ഇടപഴകുകയോ ചെയ്തിരുന്നില്ല. എന്നാല്‍ ഭര്‍ത്താവിന്റെ മരണശേഷം അവള് ഒരു ജോലി കണ്ടെത്തി, കഠിനാധ്വാനം ചെയ്ത് തന്റെ രണ്ടു മക്കളെയും നന്നായി വളര്‍ത്തി. എല്ലാ ചുമതലകളും ഒറ്റയ്ക്കു നിര്‍വഹിച്ചു. തന്നെ പിന്തുണയ്ക്കാന്‍ ആരുമില്ലെന്ന് മനസ്സിലായപ്പോള്‍ അവളുടെ ഉള്ളിലെ ശക്തി ഉണര്‍ന്നു. അവള് സകല പ്രതിബന്ധങ്ങളെയും അതിജീവിച്ചു മുന്നോട്ടുനീങ്ങി.
ഇവിടെ സ്ത്രീകള്‍ ഓര്‍ക്കേണ്ട ഒരു കാര്യമുണ്ട്. സ്ത്രീ സമൂഹത്തിന്റെ ആധാരമാണ്. അതിനാല്‍ അവകാശങ്ങള്‍ നേടാന്‍ ശ്രമിക്കുന്നതോടൊപ്പം ഉത്തരവാദിത്തങ്ങള്‍ മറക്കാതിരിക്കാനും അവള് ശ്രദ്ധിക്കണം. എത്ര തിരക്കുണ്ടെങ്കിലും സ്വന്തം കുട്ടികളോടൊപ്പം ചെലവഴിക്കാന്‍ കുറച്ച് സമയം കണ്ടെത്തണം. ഒരു കുട്ടിക്ക് തന്റെ അമ്മയില്‍ നിന്നും ലഭിക്കുന്ന സ്നേഹവും സംസ്ക്കാരവും മറ്റെവിടെ നിന്നും ലഭിക്കുകയില്ല.
ഈശ്വരന് സ്ത്രീകള്‍ക്ക് ഏറ്റവും വലിയ ഒരു വരദാനം നല്‍കിയിട്ടുണ്ട്, അതാണ് മാതൃത്വം. മാതൃത്വമെന്നാല്‍ സ്നേഹമാണ്. കുട്ടികളെ വേണ്ടപോലെ വളര്‍ത്തുന്നതില്‍ സ്ത്രീകള്‍ പ്രത്യേകം ശ്രദ്ധ കൊടുക്കണം. അമ്മയുടെ പ്രേമം കുഞ്ഞിന്റെ മനസ്സിനും ശരീരത്തിനും പോഷണമാണ്. ചില അമ്മമാര്‍ കുട്ടിയെ പ്രസവിച്ചു കുറച്ചു നാളുകള്‍ക്കുള്ളില്‍ ജോലിക്കു പോവുന്നു. മുലപ്പാല്‍ കുപ്പിയിലാക്കി കുഞ്ഞുങ്ങള്‍ക്കു കുടിക്കാന്‍ കൊടുക്കുന്നു. അങ്ങനെ കുഞ്ഞുങ്ങള്‍ക്കു തള്ളയുടെ ചൂടും ലാളനയും കിട്ടാതെപോകുന്നു. കുഞ്ഞുനാളിലെ ഇത്തരം അനുഭവങ്ങള്‍ കുഞ്ഞുങ്ങളെ മാനസികരോഗികളാക്കി മാറ്റുന്നു.
സ്്ത്രീയ്ക്ക് ജീവിതത്തില്‍ നിരവധി വേഷങ്ങള്‍ കെട്ടേണ്ടതുണ്ട്. ഭാര്യയുടെ വേഷം, മരുമകളുടെ വേഷം, അമ്മയുടെ വേഷം, ഉദ്യോഗസ്ഥയുടെ വേഷം, അങ്ങനെ പല വേഷങ്ങള്‍. ഭര്‍ത്താവിന്റെയും മക്കളുടെയും കാര്യങ്ങള്‍ നോക്കണം. വീട്ടില്‍ പ്രായമായവരുണ്ടെങ്കില്‍ അവരെ ശ്രദ്ധിക്കണം. അതിഥികളെ സല്ക്കരിക്കണം, അതിനുപുറമെ ഓഫീസ് ജോലിയും. വീട്ടുകാര്യങ്ങളില്‍ ചെറിയൊരു അശ്രദ്ധയുണ്ടായാലും അതിനു പഴികേള്‍ക്കണം. ഓഫീസില്‍ ചെല്ലുമ്പോള്‍ മേലുദ്യോഗസ്ഥന്റെ ശാസന വേറെ കേള്‍ക്കണം. ഇതിന്റെയൊക്കെക്കൂടെ കുഞ്ഞുങ്ങളെ പ്രസവിക്കുകയും വളര്‍ത്തുകയും വേണം. സ്ത്രീകള്‍ അനുഭവിക്കുന്ന ഈ സമ്മര്‍ദ്ദം പുരുഷന്മാര് മനസ്സിലാക്കണം. ഈ സമ്മര്‍ദ്ദം മൂലം ഹൃദയത്തിന്റെ ഭാഷ അവര്‍ക്കും നഷ്ടമായിരിക്കുന്നു. ഇന്നവര്‍ ചോദിക്കുന്നു, ‘ചെറുപ്പത്തില്‍ അമ്മയും അച്ഛനും പറയുന്നതനുസരിച്ചു ജീവിക്കണം. കല്യാണം കഴിഞ്ഞാല്‍ ഭര്‍ത്താവ് പറയുന്നതനുസരിക്കണം. പിന്നെവിടെയാണ് സ്ത്രീയുടെ ജീവിതത്തില്‍ സ്വാതന്ത്ര്യമുള്ളത്?’ എന്ന്.
അമ്മ ഒരു സുവര്‍ണ്ണകാലം സ്വപ്നം കാണുകയാണ് സ്ത്രീയും പുരുഷനും പരസ്പരസ്നേഹത്തോടെയും ബഹുമാനത്തോടെയും ഒത്തൊരുമിച്ച് പുരോഗമിക്കുന്ന ഒരു കാലം, ഒരു പക്ഷിയുടെ രണ്ടു ചിറകുകള് പോലെ സ്ത്രീയും പുരുഷനും തുല്യപ്രാധാന്യമുണ്ടെന്ന് ഇരുവരും തിരിച്ചറിയുന്ന ഒരു കാലം, സ്ത്രീയും പുരുഷനും തോളോടുതോള്ചേര്ന്ന് ആരോഗ്യകരമായ കുടുംബവും സമൂഹവും പടുത്തുയര്‍ത്തുന്ന ഒരു സുവര്‍ണ്ണകാലം. വിദൂരമല്ലാത്ത ഭാവിയില്‍ തന്നെ നമുക്കതു സാക്ഷാത്കരിക്കാന്‍ കഴിയട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: