ന്യൂദല്‍ഹി : തെരഞ്ഞെടുപ്പുകളിലെ തുടര്‍ച്ചയായ പരാജയങ്ങളാല്‍ നഷ്ടപ്പെട്ട ജന പിന്തുണ തിരിച്ചു പിടിക്കുന്നതിനായി പദയാത്ര നടത്താന്‍ നിര്‍ദ്ദേശവുമായി കോണ്‍ഗ്രസ്. രാജസ്ഥാനിലെ ഉദയ്പൂരില്‍ നടക്കുന്ന ചിന്തന്‍ ശിബിരത്തിലാണ് ഇതുസംബന്ധിച്ച നിര്‍ദ്ദേശം മുന്നോട്ട് വെച്ചിരിക്കുന്നത്.
കോണ്‍ഗ്രസ് പദവികളില്‍ ന്യൂനപക്ഷ, ദളിത്, വനിതാ വിഭാഗങ്ങള്‍ക്ക് 50 % സംവരണം നല്കാന് പ്രവര്‍ത്തക സമിതിയില്‍ തീരുമാനിച്ചിട്ടുണ്ട് ഒരു കുടുംബത്തില്‍ നിന്ന് ഒരു സ്ഥാനാര്‍ത്ഥിയെന്ന നിര്‍ദ്ദേശത്തിനും പ്രവര്‍ത്തകസമിതി അംഗീകാരം നല്കി. കൂടാതെ അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തന പരിചയമുണ്ടെങ്കില്‍ കുടുംബത്തിലെ രണ്ടാമനും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം നല്‍കും.
രാഹുല്‍ ഗാന്ധി രാജ്യവ്യാപകമായി പദയാത്ര നടത്തണമെന്നും പ്രവര്‍ത്തക സമിതി നിര്‍ദ്ദേശിച്ചു. പ്രിയങ്ക കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന നിര്‍ദ്ദേശവും മുന്നോട്ട് വന്നെങ്കിലും അത് തള്ളി. ബാലറ്റ് പേപ്പര്‍ തെരഞ്ഞെടുപ്പ് തിരികെ കൊണ്ടുവരുന്നതിനായി രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി കമല്‍നാഥിന്റെ നേതൃത്വത്തില്‍ പ്രത്യേക സമിതി വരും.
കോണ്‍ഗ്രസ് ഭാരവാഹിത്വത്തില്‍ പകുതി പേര് 50 വയസ്സില്‍ താഴെ ഉള്ളവരായിരിക്കും. എന്എസ്യുഐ, യൂത്ത് കോണ്‍ഗ്രസ് ആഭ്യന്തര തെരഞ്ഞെടുപ്പുകള്‍ നിരോധിക്കും. ഇത്തരത്തില്‍ തകര്‍ച്ചയില്‍ നിന്നും പാര്‍ട്ടിയെ കരകയറ്റുന്നതിനായി 20 നിര്‍ദ്ദേശങ്ങളാണ് പ്ര്വര്ത്തക സമിതി മുന്നോട്ട് വെച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: