സിഡ്നി : ഓസ്ട്രേലിയന്‍ ക്രിക്കറ്റിലെ ഇതിഹാസതാരം ആന്‍ഡ്രൂ സൈമണ്ട്സ്(46) അന്തരിച്ചു. ശനിയാഴ്ച രാത്രി ടൗണ്‍സ്വില്ലിന് സമീപത്തുണ്ടായ കാര്‍ അപകടത്തിലാണ് മരിച്ചത്. ഓസ്ട്രേലിയന്‍ ക്രിക്കറ്റിലെ മികച്ച ഓള് റൗണ്ടര്‍മാരില്‍ ഒരാളാണ്.
ശനിയാഴ്ച രാത്രി 11 മണിക്ക് ശേഷമാണ് അപകടമുണ്ടായതെന്നാണ് വിവരം. സൈമണ്ട്സിന്റെ വീടിന് 50 കി.മീ അകലെ ഹെര്‍വി റേഞ്ച് റോഡില്‍ കാര്‍ ഓടിക്കുന്നതിനിടയില്‍ ആലീസ് റിവര്‍ ബ്രിഡ്ജിന് സമീപം കാര്‍ മറിയുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ രക്ഷപ്പെടുത്താന്‍ എമര്‍ജന്‍സി സര്‍വീസുകള്‍ ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ല. സൈമണ്ട്സിന്റെ മരണത്തിന് പിന്നാലെ കുടുംബം പ്രസ്താവന പുറപ്പെടുവിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അദ്ദേഹത്തിന്റെ വിയോഗം സ്ഥിരീകരിച്ചതായും, അനുശോചനങ്ങള്‍ക്കൊപ്പം ആദരാഞ്ജലികള്‍ക്കുമൊപ്പം കുടുംബത്തിന്റെ സ്വകാര്യതയെ കൂടി മാനിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ഓസ്ട്രേലിയയ്ക്കായി 198 ഏകദിനങ്ങള്‍ കളിച്ച സൈമണ്ട്സ് 2003ലും 2007ലും തുടര്‍ച്ചയായി ലോകകപ്പുകള്‍ നേടിയ ഓസ്ട്രേലിയന്‍ ടീമിലെ പ്രധാന അംഗമായിരുന്നു. രണ്ട് ലോകകപ്പിലും ഒരു മത്സരം പോലും സൈമണ്ട്സ് മാറി നിന്നിരുന്നില്ല. 2003 ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ മാച്ച് വിന്നിങ് സെഞ്ച്വറിയുമായി നിറഞ്ഞു നിന്നു.
വലംകൈയ്യന്‍ ബാറ്റ്സമാനായ അദ്ദേഹം 26 ടെസ്റ്റുകളും കളിച്ചു. ഇംഗ്ലണ്ടിനും ഇന്ത്യക്കുമെതിരെ സെഞ്ച്വറി നേടി. തന്ത്രപരമായ ഓഫ് ബ്രേക്ക് ബൗളറായ അദ്ദേഹം 24 ടെസ്റ്റ് വിക്കറ്റുകള്‍ നേടി. ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളായിരുന്നു സൈമണ്ട്സ്. മിന്നുന്ന റിഫ്ലക്ഷനും കൃത്യതയാര്‍ന്ന ലക്ഷ്യബോധവും ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്ണൗട്ടുകള്‍ നേടുന്ന അഞ്ചാമത്തെ ഫീല്‍ഡ്സ്മാന്‍ എന്ന നേട്ടത്തിലേക്കും അദ്ദേഹത്തെ എത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: