‘ഇരകളാക്കപ്പെടുന്നവരോട് സാധാരണ ജനങ്ങള്‍ താദാത്മ്യം പ്രാപിക്കുന്നത് വരെ നീതി നടപ്പാകില്ല’. (“Justice will not be served until those who are unaffected are outraged as those who are.” ) ബഞ്ചമിന് ഫ്രാങ്കഌന്റെ ഈ വാചകം മാനവികതയുടെ അടിസ്ഥാന പ്രമാണമായി കണക്കാക്കാവുന്നതാണ്. ഈയൊരര്‍ത്ഥത്തില്‍ ഭാരതത്തില്‍ മാനവികത അകാലചരമം പ്രാപിച്ചിട്ട് ഏറ്റവും ചുരുങ്ങിയത് മൂന്നു പതിറ്റാണ്ടിന് മുകളിലായി. കൃത്യമായി പറഞ്ഞാല്‍ 1990 ജനുവരി 4 നാണ് കശ്മീരിലെ ദിനപത്രമായ ‘അഫ്ത്താബി’ല്‍ ഹിന്ദുക്കള്‍ ജമ്മു താഴ്വര വിട്ടു പോകണമെന്ന് തീവ്രവാദ സംഘടനയായ ഹിസ്ബുള്‍ മുജാഹിദ്ദീന്റെ ഭീഷണി പ്രത്യക്ഷപ്പെട്ടത്. 10 ദിവസങ്ങള്‍ക്ക് ശേഷം മറ്റൊരു ദിനപത്രമായ ‘അല്‍സഫ’യും ഇതേ ഭീഷണി മുഴക്കി. എന്നത്തേയും പോലെ ഇതിനോടും നിസംഗമായി പ്രതികരിച്ച പണ്ഡിറ്റുകളും ഭരണാധികാരികളും ക്ഷണിച്ചു വരുത്തിയത് ഒരു വംശഹത്യയായിരുന്നു. പതിനായിരക്കണക്കിന് സാധുക്കള്‍ അതിക്രൂരമായി വേട്ടയാടപ്പെട്ടു.
കണ്ണില്‍ ചോരയില്ലാത്ത തരത്തിലുള്ള ക്രൂരതകളാണ് അരങ്ങേറിയത്. തീവ്രവാദികള്ക്കെതിര ശബ്ദമുയര്‍ത്തിയവരെല്ലാം മതമോ, രാഷ്ട്രീയമോ നോക്കാതെ ഇരകളാക്കപ്പെട്ടു., ജന്മനാട്ടില് ലക്ഷക്കണക്കിന് ആള്ക്കാര് അഭയാര്‍ത്ഥികളാക്കപ്പെട്ടു. സ്ത്രീകള്‍ തടിമില്ലില്‍ ജീവനോടെ അറത്തു മുറിക്കപ്പെട്ടു. ഉറ്റവരുടെ ചുടു ചോര കഴിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ട ഹതഭാഗ്യര്‍, മാതാപിതാക്കളില്‍ നിന്ന് പറിച്ചു മാറ്റപ്പെട്ട കുഞ്ഞുങ്ങള്‍, ജീവിതകാലം മുഴുവന്‍ സമ്പാദിച്ചതെല്ലാം അഗ്നിക്കിരയാകുന്നത് കണ്ടു നില്‍ക്കേണ്ടി വന്ന ഗതികെട്ട ജനത. ഇതൊക്കെയായിരുന്നു കശ്മീര്‍ താഴ്വരയില് നടന്ന വംശഹത്യയുടെ ബാക്കി പത്രം. അപ്പോഴും പക്ഷാഘാതം ബാധിച്ച ശരീരത്തെപ്പോലെയാണ് ഭാരതം പ്രതികരിച്ചത്.
നാം അനുഭവിക്കാത്ത കാര്യങ്ങളൊക്കെ നമുക്ക് കെട്ടുകഥകള്‍ മാത്രമായിരുന്നു. ജനസംഖ്യയുടെ 5 ശതമാനത്തില്‍ താഴെയുണ്ടായിരുന്ന പണ്ഡിറ്റുകളെ തേടി ന്യൂനപക്ഷ സംരക്ഷകരോ മനുഷ്യാവകാശ പ്രവര്‍ത്തകരോ എത്തിയില്ല. തേടിയെത്തിയവരെല്ലാം വേട്ട വിഭവത്തിന്റെ പങ്കുപറ്റാനെത്തിയ കുടില സാര്ത്തവാഹകര് മാത്രമായിരുന്നു. വംശഹത്യയ്ക്ക് ഇരയായവരെ അവര്‍ വീണ്ടും വീണ്ടും കൊല്ലാക്കൊല ചെയ്തു. അമര്‍ത്തിപ്പിടിച്ച തേങ്ങലുകള്‍ക്ക് പോലും ഇരകള്‍ക്ക് അവകാശമില്ലെന്ന കുയുക്തി ബുദ്ധിജീവി ഭാഷ്യമായി രചിക്കപ്പെട്ടു. കാശ്മീരില്‍ നിന്ന് ഉയര്‍ന്ന് കേള്‍ക്കേണ്ടത് ഇരകളുടെ കൂട്ടക്കരച്ചിലോ തേങ്ങലുകളോ പോലുമല്ലെന്ന അവരുടെ തീരുമാനം നീതിയായി സ്വീകരിക്കപ്പെട്ടു. വേട്ടക്കാരന്റെ ക്രൗര്യത്തിന് മുന്നില്‍ കീഴടങ്ങുക എന്നത് ഇരയുടെ അനിവാര്യമായ വിധിയായി സ്വീകരിക്കുകയാണ് വേണ്ടതെന്ന അവരുടെ കണ്ടെത്തലുകള്‍ക്ക് ഭരണകൂട സാക്ഷ്യപ്പെടുത്തലുകള് കുടപിടിച്ചു. അപൂര്‍വ്വമായി ഉണ്ടായ എതിര് ശബ്ദങ്ങള്‍ ബധിര കര്‍ണ്ണങ്ങളില്‍ തട്ടി ചിതറി തെറിച്ചു. തുറുങ്കറകളില് എരിഞ്ഞടങ്ങി. ബുദ്ധിജീവി സദസ്സുകളില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ടു. അതോടെ കാശ്മീരിലെ വംശഹത്യ എന്നത് വിസ്മൃതി പാഴ്ക്കുണ്ടില്‍ ആണ്ടു പോയി.
പക്ഷേ അഗാധങ്ങളില്‍ നിന്ന് മുത്തും പവിഴവും ശേഖരിക്കുന്ന സാഹസികതയ്ക്ക് മുന്നില്‍ കീഴടങ്ങാത്ത ആഴങ്ങളുണ്ടോ? സത്യാന്വേഷികളുടെ തപസിന് മുന്നില്‍ പറയപ്പെടാത്ത കഥകള്‍ വെളിച്ചം കാണാന്‍ തുടങ്ങി. സ്വര്‍ണ്ണ പാത്രത്താല് മൂടപ്പെട്ട സത്യത്തെ അനാവരണം ചെയ്യാന്‍ വിവേക് രഞ്ജന്‍ അഗ്നിഹോത്രിയെന്ന അഭിനവ ഭഗീരഥന് ഇറങ്ങിത്തിരിച്ചതോടെ നുണക്കൊട്ടാരങ്ങള്‍ ഒന്നൊന്നായി തകരാന്‍ തുടങ്ങി. ഒപ്പം യഥാര്‍ത്ഥ്യം പിച്ചവെച്ചാണെങ്കിലും സഞ്ചരിക്കാനും തുടങ്ങി. അത്തരത്തിലുള്ള ഒരു ചുവടു വെയ്പ്പാണ് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ പി ശ്രീകുമാര്‍ നടത്തിയ കാശ്മീരി ഫയല്‍സ് എന്ന ഈ ചെറു പുസ്തകം. ‘കാശ്മീര്‍ ഫയല്‍സ്’ എന്ന സിനിമ ഇല്ലായിരുന്നുവെങ്കില്‍ ഒരു പക്ഷേ ഈ പുസ്തകം പുറത്തിറങ്ങുമായിരുന്നില്ല. ഇന്നലകളിലെ കാശ്മീരും ലേഖകന്‍ കണ്ട കാശ്മീരുമാണ് ഇതിലെ പ്രതിപാദ്യ വിഷയം.
രാജ്യത്തെ 600 ല്‍ അധികം നാട്ടുരാജ്യങ്ങള്‍ക്കില്ലാത്ത ആ ‘കൊമ്പിന്’ പിന്നിലെ യാഥാര്‍ത്ഥ്യം ലേഖകന്‍ വെളിപ്പെടുത്തുന്നുണ്ട്. ജവഹര്‍ ലാല്‍ നെഹൃു എന്ന നേതാവിന്റെ വൈരനിര്യാതന ബുദ്ധിയും സ്വജനപക്ഷപാതവുമാണ് കാശ്മീര്‍ പ്രശ്നത്തിന്റെ മൂലകാരണമെന്ന് ലേഖകന്‍ സാക്ഷ്യപ്പെടുത്തുന്നു. ഒപ്പം അതിനെതിരെ ദേശീയ പ്രസ്ഥാനങ്ങള്‍ നടത്തിയ പോരാട്ടവും. ദേശീയത എന്നത് ആര്.എസ്.എസിനോ ബിജെപിക്കോ വെറും തിരഞ്ഞെടുപ്പ് മുദ്രാവാക്യം അല്ലെന്ന് പില്ക്കാല സംഭവങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കപട മതേതരത്വത്തിനും വോട്ട്ബാങ്ക് രാഷ്ട്രീയത്തിനും ഇന്ത്യന്‍ ജനത കല്ലറ പണിതത് കോണ്‍ഗ്രസ് നടത്തിയ കണ്ണില്‍ ചോരയില്ലാത്ത നീതി നിഷേധത്തിനുള്ള തിരിച്ചടിയായിരുന്നു. ഹൃസ്വമെങ്കിലും തെളിവുകളുടെ പിന്‍ബലത്തില്‍ ഗ്രന്ഥകാരന് ഇക്കാര്യങ്ങളെല്ലാം അവതരിപ്പിക്കുന്നുണ്ട്.
വികലമായ നയവും നയരാഹിത്യവും ഉള്ള നേതാക്കന്മാര് സമാധാന ജീവിതത്തിന് തന്നെ ഭീഷണിയാണെന്ന് കാശ്മീര്‍ നമ്മോട് നിശബ്ദമായി പറയുന്നുണ്ട്. കാലത്തിന്റെ ചുവരെഴുത്ത് മനസിലാക്കാത്ത സമൂഹത്തെ കാത്തിരിക്കുന്ന അനിവാര്യമായ പതനവും കാശ്മീരില്‍ നിന്ന് പഠിക്കണം. ജീവിതത്തില്‍ ഇന്നുവരെ ആയുധം കൈകൊണ്ട് പോലും തൊടാതിരുന്ന, അറിവ് നേടുക ജീവിത്ര വ്രതമാക്കിയ സമൂഹമായിരുന്നു കാശ്മീരി പണ്ഡിറ്റുകളുടേത്. എന്നിട്ടും അവര്‍ക്ക് നേരിടേണ്ടി വന്നത് ചരിത്രത്തിലെ ഏറ്റവും വലിയ ക്രൂരതയായിരുന്നു. ഒരു പക്ഷേ ജൂതന്മാരുടേതിന് സമാനം. ഈ കാര്യങ്ങളൊക്കെ വെളിച്ചത്ത് കൊണ്ടുവരാന്‍ പുസ്തകത്തിന് സാധിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: