കശ്മീര്‍:കഴിഞ്ഞ ദിവസം കശ്മീരിലെ ബദ്ഗാമില്‍ ഇസ്ലാമിക തീവ്രവാദികളുടെ വെടിയേറ്റ് കൊല്ലപ്പെട്ട കശ്മീരി പണ്ഡിറ്റ് വിഭാഗത്തില്‍ പെട്ട രാഹുല്‍ ഭട്ടിനെക്കുറിച്ച് ഇസ്ലാമിക തീവ്രവാദികള്‍ക്ക് വിവരം കൈമാറിയത് ഓഫീസിലെ സഹപ്രവര്‍ത്തകരായിരിക്കുമെന്ന് ഭാര്യ മീനാക്ഷി.
ചഡൂര തഹ്സീല്‍ ഓഫീസില്‍ ജോലി ചെയ്യുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ രാഹുല്‍ ഭട്ടിനെ ഓഫീസില്‍ കയറിവന്നാണ് തീവ്രവാദികള്‍ വെടിവെച്ച് കൊന്നത്. ഇത് കൃത്യമായി കശ്മീരി പണ്ഡിറ്റുകളെ ലക്ഷ്യം വെച്ചുള്ള കൊലപാതകമാണെന്നും ഭാര്യ പറയുന്നു. മോദി സര്‍ക്കാര്‍ കശ്മീരി പണ്ഡിറ്റുകളെ ജമ്മു കശ്മീരിലേക്ക് മടക്കിക്കൊണ്ടുവരുന്ന പ്രക്രിയ തടയുകയാണ് തീവ്രവാദികളുടെ ലക്ഷ്യം.
“ഓഫീസില്‍ എല്ലാവരും മാന്യമായാണ് പെരുമാറുന്നതെങ്കിലും ആരും രാഹുലിനെ സംരക്ഷിച്ചില്ല. തീവ്രവാദികള്‍ കൃത്യമായി പേര് ആരോടെങ്കിലും ചോദിച്ചിരിക്കണം. അല്ലാതെ എങ്ങിനെയാണ് അവര്‍ക്ക് അറിയാന്‍ കഴിയുക”- ഭാര്യ ചോദിക്കുന്നു.
രാഹുലിന്റെ അച്ഛനും മകന്റെ കൊലപാതകത്തെക്കുറിച്ച് കൃത്യമായി അറിയണമെന്ന് ആവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ശനിയാഴ്ച രാഹുല്‍ ഭട്ടിന്റെ മൃതദേഹം സംസ്കരിച്ചു. ജമ്മു എഡിജിപി മുകേഷ് സിങ്ങ്, ഡിവിഷണല്‍ കമ്മീഷണര്‍ രമേഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
ബദ്ഗാമില്‍ ജോലി ചെയ്യുന്ന കശ്മീരി പണ്ഡിറ്റുകള്‍ തങ്ങളുടെ സുരക്ഷ വര്‍ധിപ്പിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പ്രത്യേക അന്വേഷണ സംഘം കൊലപാതകത്തെക്കുറിച്ച് അന്വേഷണം ഏറ്റെടുത്തു. ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ കുടുംബാംഗങ്ങളോട് ഈ കൊലപാതകത്തിന് പിന്നിലെ തീവ്രവാദികളെ കണ്ടെത്തുമെന്ന് ഉറപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: