ശാസ്താംകോട്ട: കരുനാഗപ്പള്ളി-ശാസ്താംകോട്ട റൂട്ടില്‍ മൂന്നുകിലോമീറ്ററിനിടയില് യാത്രക്കാരെ കടുത്ത ബുദ്ധിമുട്ടിലാക്കുന്നത് രണ്ട് റെയില്‍വെ ലവല്‍ക്രോസുകള്‍. കുന്നത്തൂര്‍, കരുനാഗപ്പള്ളി താലൂക്കുകളെ ബന്ധിപ്പിക്കുന്ന ഈ പ്രധാന റോഡില്‍ 75 ബസ് സര്‍വ്വീസുകള്‍ അടക്കം നൂറ് കണക്കിന് വാഹനങ്ങളാണ് കടന്നുപോകുന്നത്.
മൈനാഗപ്പള്ളി ജംഗ്ഷന് പടിഞ്ഞാറാണ് ആദ്യത്തെ ക്രോസ്. തുടര്‍ന്ന് മൂന്ന് കിലോമീറ്റര്‍ കഴിയുമ്പോള്‍ മാരാരിത്തോട്ടത്തെ രണ്ടാമത്തെ ലവല്ക്രോസായി. ആദ്യത്തെ കടമ്പയില്‍ നിന്ന് രക്ഷപ്പെടുന്ന വാഹനങ്ങള്‍ ഉറപ്പായും രണ്ടാമത്തെ ലവല്‍ ക്രോസില്‍ കുടുങ്ങുകയാണ്. മാരാരിത്തോട്ടം മേല്‍പാലത്തിന്റെ നിര്‍മാണം തുടങ്ങിയെങ്കിലും ഇഴഞ്ഞുനീങ്ങുകയാണ്.
ലോക്ഡൗണിന് ശേഷം വാഹനങ്ങളുടെ തിരക്ക് കുറയുകയും ട്രെയിന്‍ നാമമാത്രമാകുകയും ചെയ്തതോടെ തിരക്ക് കുറഞ്ഞിരുന്നു. എന്നാല്‍ നിയന്ത്രണങ്ങള്‍ എല്ലാം മാറി വാഹനങ്ങള്‍ നിരത്തിലിറങ്ങിയതോടെ തിരക്ക് പഴയപടിയായി. മിനിറ്റുകളുടെ വ്യത്യാസത്തിലുള്ള പെര്‍മിറ്റുകളില്‍ പാഞ്ഞുവരുന്ന സ്വകാര്യബസുകള്‍ പലപ്പോഴും അടഞ്ഞ ലവല്‍ ക്രോസിന് മുന്നില്‍ പരസ്പരം ഏറ്റുമുട്ടുന്നത് മുമ്പ് നിത്യസംഭവമായിരുന്നു. മാത്രമല്ല മുന്നേ കടക്കാന്‍ ബസുകളും മറ്റ് വാഹനങ്ങളും നിരതെറ്റിച്ച് കടന്നുകയറുന്നതും ഗതാഗത തടസ്സം സൃഷ്ടിക്കുന്നു.
ഇതുകാരണം മണിക്കൂറുകളോളം കുരുക്കിലായി സംഘര്‍ഷാവസ്ഥ ഉണ്ടാകുന്നതും പതിവ് കാഴ്ചയാണ്. ഇവിടെ മേല്‍പ്പാലത്തിന്റെ അനിവാര്യത ചൂണ്ടിക്കാട്ടി അധികൃതര്‍ക്ക് നിരവധി നിവേദനങ്ങള്‍ നല്‍കുകയും പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. ഇതിനിടെ മൈനാഗപ്പള്ളി മേല്‍പ്പാലത്തിന് 30 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചതായി പ്രദേശത്തെ സിപിഎം നേതൃത്വം വ്യാപകമായ പ്രചാരണം നടത്തി. എന്നാല്‍ ഈ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് മൈനാഗപ്പള്ളിയിലെ ജനപ്രതിനിധികള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: