കോട്ടയം: നദീതീരങ്ങളിലും പാലങ്ങള്ക്കുസമീപവും അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ അടിയന്തരമായി നീക്കി നീരൊഴുക്കു സുഗമമാക്കാന്‍ ജലസേചന, പൊതുമരാമത്ത് വകുപ്പുകള്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്കി. കാലവര്‍ഷ മുന്നൊരുക്കം വിലയിരുത്തുന്നതിനായി ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീയുടെ അധ്യക്ഷതയില്‍ കൂടിയ വിവിധ വകുപ്പു മേധാവികളുടെ യോഗത്തിലാണ് നിര്‍ദ്ദേശം.
നദികളിലെ മാലിന്യങ്ങള്‍ നീക്കുന്നതിന് മൈനര്‍, മേജര്‍ ജലസേചന വകുപ്പുകള്‍ നടപടി സ്വീകരിക്കുന്നുണ്ട്. പാലത്തിലും മറ്റും അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ നീക്കുന്നതിന്റെ പുരോഗതി പൊതുമരാമത്ത് വകുപ്പ് പരിശോധിച്ച് ഉറപ്പാക്കണം.വളരെ അപകടകരമായി നില്ക്കുന്ന മരങ്ങളും ശിഖിരങ്ങളും മുറിച്ചുമാറ്റുന്നതിന് അതത് സ്ഥാപനങ്ങളും വകുപ്പുകളും നിയമപരമായ നടപടി സ്വീകരിക്കണം.
അടിയന്തരസാഹചര്യത്തില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കുന്നതിന് മുന്‍കൂര്‍ നടപടികള്‍ സ്വീകരിക്കാന്‍ ദുരന്തനിവാരണ വകുപ്പിനും തഹസില്‍ദാര്‍മാര്‍ക്കും വില്ലേജ് ഓഫീസര്‍മാര്‍ക്കും നിര്‍ദ്ദേശം നല്കി. ദുരിതാശ്വാസ ക്യാമ്പുകളില്‍ ഭക്ഷ്യവസ്തുക്കള്‍ എത്തിക്കാനുള്ള മുന്നൊരുക്കം നടത്താന്‍ ഭക്ഷ്യസുരക്ഷ വകുപ്പിനോട് നിര്‍ദ്ദേശിച്ചു. കാലവര്‍ഷം വരുദിവസങ്ങളില്‍ ശക്തമാകാനിടയുള്ള സാഹചര്യത്തില്‍ പ്രതിസന്ധികളെ തരണം ചെയ്യാന്‍ എല്ലാ വകുപ്പുകളും സജ്ജമായിരിക്കണമെന്ന് കളക്ടര്‍ പറഞ്ഞു.
സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പ്രസിദ്ധീകരിച്ചിട്ടുള്ള ഓറഞ്ച് ബുക്കിലെ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി വകുപ്പ് തലം മുതല്‍ ഓരോ ഉദ്യോഗസ്ഥരും നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ വകുപ്പ് മേധാവികളും താലൂക്ക് തലത്തില്‍ തഹസില്‍ദാരും നേതൃത്വം നല്‍കണം. സബ് കളക്ടര്‍ രാജീവ് കുമാര്‍ ചൗധരി, എ.ഡി.എം. ജിനു പുന്നൂസ്, വകുപ്പു മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: