കോട്ടയം: ജില്ലയിലെ രണ്ട് അങ്കണവാടികളിലെ 16 കുട്ടികള്‍ക്ക് തക്കാളിപ്പനി സ്ഥിരീകരിച്ചു. നാട്ടകം, മാന്നാനം മേഖലകളിലെ അങ്കണവാടിയിലെ കുട്ടികള്‍ക്കാണ് രോഗബാധ. നാട്ടകത്ത് 12 പേരിലും അങ്കണവാടിയില്‍ പോകാത്ത മറ്റൊരു കുഞ്ഞിനും രോഗം സ്ഥിരീകരിച്ചു. മാന്നാനത്ത് 4 കുട്ടികള്‍ക്കാണ് രോഗം.
കഴിഞ്ഞ ദിവസമാണ് മാന്നാനം ഇത്തമ്മത്തടത്തിലെ നാല് അങ്കണവാടി കുട്ടികള്‍ക്ക് പനി ബാധിച്ചത്. പരിശോധനയില്‍ തക്കാളിപ്പനിയാണെന്ന് സ്ഥിരീകരിക്കുയായിരുന്നു. തുടര്‍ന്ന് ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് പ്രദേശത്തെ രണ്ട് കുട്ടികള്‍ക്കു കൂടി രോഗബാധ കണ്ടെത്തിയത്. പത്ത് മാസം പ്രായമുള്ള ഒരു കുട്ടിക്കും, മൂന്നര വയസുകാരനുമാണ് ഇന്നലെ രോഗബാധ സ്ഥിരീകരിച്ചത്. ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ രോഗബാധിതരായ കുട്ടികളുടെ വീടുകളിലടക്കം പ്രദേശത്ത് പരിശോധന നടത്തി. രോഗം റിപ്പോര്‍ട്ട് ചെയ്ത അങ്കണവാടികളിലെത്തിയ സംഘം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ജീവനക്കാര്‍ക്ക് ബോധവത്കരണ ക്ലാസുകള്‍ നല്‍കുകയും ചെയ്തു.
ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറും ആശാ പ്രവര്‍ത്തകരും ഇന്നും സ്ഥലങ്ങള്‍ സന്ദര്‍ശിക്കും. കൂടുതല്‍ രക്ഷിതാക്കളെയും കുട്ടികളെയും കാണും. മാന്നാനം ഇത്തമ്മത്തടം അങ്കണവാടിയുടെ മേഖലകളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞു.
കരുതല്‍ വേണം
തക്കാളിപ്പനി എന്ന പേരില്‍ അറിയപ്പെടുന്ന ഹാന്‍ഡ് ഫൂട്ട് മൗത്ത് ഡിസീസ് (എച്ച്എഫ്എംഡി) രോഗത്തെ പേടിക്കേണ്ടതില്ല. 5 വയസ്സില്‍ താഴെയുള്ള കുട്ടികളില്‍ കൂടുതലായും മുതിര്‍ന്നവരില്‍ അപൂര്‍വമായും കണ്ടുവരുന്നു. പനിക്കു പുറമേ കൈകാലുകളിലും പുറത്തും മറ്റു ഭാഗങ്ങളിലും കുമിളകള്‍ ഉണ്ടാകും. ഇത് കുട്ടികള്‍ക്ക് അസ്വസ്ഥത ഉണ്ടാക്കും. വായിലെ തൊലിപോവുകയും ചൊറിച്ചില്‍ അനുഭവപ്പെടുകയും ചെയ്യും. ഒരാഴ്ച നീണ്ടുനില്‍ക്കും. സാധാരണ രോഗം ഗുരുതരമാകാറില്ലെങ്കിലും അപൂര്‍വമായി മസ്തിഷ്ക ജ്വരം പോലെ ഗുരുതരമാകാറുണ്ട്. രോഗിയും മറ്റുള്ളവരുമായി സമ്പര്‍ക്കം കുറയ്ക്കണം. കൃത്യസമയത്തു വിദഗ്ധ ചികിത്സ തേടണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: