പ്യോങ്യാങ്: കടുത്ത നിയന്ത്രണങ്ങള്‍ക്കിടയിലും ഉത്തര കൊറിയയില്‍ ഒമിക്രോണ്‍ വ്യാപനം സ്ഥിരീകരിച്ചതോടെ രാജ്യ വ്യാപക ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി ഭരണാധികാരി കിം ജോങ് ഉന്‍. പ്യോങ്യാങ് പ്രവിശ്യയിലാണ് ആദ്യ കോവിഡ് വ്യാപനം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്നാണ് കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി പുറത്തുവിട്ട വാര്‍ത്തകളില്‍ പറയുന്നത്.
കോവിഡ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് വ്യാഴാഴ്ച കിംജോങ് ഉന്നതതല യോഗം ചേര്‍ന്നിരുന്നു. അതിനു പിന്നാലെയാണ് രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഉത്തരകൊറിയ വളരെ ഉടന്‍ തന്നെ മഹാമാരിയെ അതിജീവിക്കുമെന്നും കിം ജോങ് ഉന്‍ അറിയിച്ചു.
രാജ്യത്തിന്റെ ശക്തമായ പ്രതിരോധ സംവിധാനങ്ങള്‍ മറികടന്നുണ്ടായ ആരോഗ്യ അടിയന്തരാവസ്ഥയായി ഈ ആദ്യകേസിനെ കണക്കാക്കി കൂടുതല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും എന്ന സൂചനയുമുണ്ട്.
അതേസമയം രണ്ടരക്കോടി ജനങ്ങള്‍ കഴിയുന്ന ഉത്തര കൊറിയയില്‍ നിരവധി പേര്‍ക്ക് ഇതിനോടകം തന്നെ കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. 2020 -ല്‍ കോവിഡ് ലോകം മുഴുവന്‍ കോവിഡ് വ്യാപിച്ചപ്പോള്‍ രാജ്യത്തിന്റെ അതിര്‍ത്തികള്‍ അടച്ചിട്ടുകൊണ്ടാണ് ഉത്തരകൊറിയ ഇതിനെ പ്രതിരോധിച്ചത്.
ചരക്കു ഗതാഗതം പോലും ഈ സമയത്ത് നിരോധിക്കുകയും ഇത് കടുത്ത ആവശ്യവസ്തു ക്ഷാമത്തിലേക്ക് നയിക്കുകയും ചെയ്തിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര ഏജന്‍സികള്‍ രാജ്യത്ത് വാക്സിന് വിതരണത്തിന് Â സന്നദ്ധത അറിയിച്ചെങ്കിലും കിം ജോങ് ഉന്‍ അതിന് സമ്മതിച്ചില്ല. അതിനാല്‍ ഉത്തര കൊറിയയില്‍ കോവിഡ് വ്യാപിക്കുന്നത് രാജ്യത്തിന് വന്‍ ഭീഷണിയാണ് ഉയര്‍ത്തുന്നത്.
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: