കൊളംബോ : സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ശ്രീലങ്കയില്‍ നിന്നും രാജിവെച്ച പ്രധാനമന്ത്രി മഹീന്ദ രാജപക്സെ ഇന്ത്യയില്‍ അഭയം തേടിയെന്ന റിപ്പോര്‍ട്ടുകളെ തള്ളി ഇന്ത്യന്‍ ഹൈക്കമ്മിഷന്. സമൂഹ മാധ്യമങ്ങളിലും മറ്റും വാര്‍ത്ത പ്രചരിച്ചതിനെ തുടര്‍ന്ന് ശ്രീലങ്കയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന് ട്വിറ്ററിലൂടെ മറുപടി നല്‍കുകയായിരുന്നു.
പ്രതിസന്ധികളെ തുടര്‍ന്ന് ശ്രീലങ്കയിലെ ചില രാഷ്ട്രീയ നേതാക്കളും അവരുടെ കുടുംബവും ഇന്ത്യയിലേക്ക് പലായനം ചെയ്തതായി മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത് വസ്തുതാ വിരുദ്ധമാണ്. ഇത്തരം വാര്‍ത്തകളെ ശക്തമായി നിഷേധിക്കുന്നുവെന്നും ഇന്ത്യന്‍ ഹൈക്കമ്മിഷന് അറിയിച്ചു.
സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ശ്രീലങ്കയില്‍ ജനകീയ പ്രതിഷേധങ്ങള്‍ അരങ്ങേറുകയാണ്. ഇതിനിടെയാണ് മഹിന്ദ രാജപക്സെ അടക്കമുള്ള നേതാക്കള്‍ ഇന്ത്യയിലേക്കു കടന്നതായി വ്യാപക പ്രചാരണം പുറത്തിറങ്ങിയത്. രാജപക്സെ അനുകൂലികള്‍ രാജ്യം വിടുന്നില്ലെന്ന് ഉറപ്പാക്കാന്‍ വിമാനത്താവളത്തിലേക്കുള്ള റോഡ് ഉപരോധിച്ചു ജനക്കൂട്ടം പരിശോധന നടത്തുകയാണ്. അതിനിടെയാണ് പലായനം ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പുറത്തിറങ്ങിയത്. ഇത് ശക്തമായതോടെയാണ് ഹൈക്കമ്മിഷന് വിശദീകരണവുമായി എത്തിയത്.
അതേസമയം ശ്രീലങ്കയിലെ ജനാധിപത്യത്തിനും സ്ഥിരതക്കും സാമ്പത്തിക വീണ്ടെടുപ്പിനും പൂര്‍ണ പിന്തുണ നല്‍കുമെന്ന് ഇന്ത്യ നേരത്തെ അറിയിച്ചിട്ടുള്ളതാണ്. ശ്രീലങ്കന്‍ ജനതയ്ത്തായി ഈ വര്‍ഷം മാത്രം ഇന്ത്യ 3.5 ബില്യണ്‍ ഡോളറിന്റെ സഹായം നല്‍കിയതായി വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു.
രാജ്യത്ത് പ്രതിഷേധം ശക്തമായവുകയും പ്രസിഡന്റ് ഗോട്ടബയ രാജപക്സെയുടെ കുടുംബാംഗങ്ങളുടെയും വീടുകള്‍ കത്തിക്കുന്നതുള്‍പ്പടെയുള്ള ആക്രമങ്ങള്‍ വര്‍ധിച്ചതോടെ വ്യാഴാഴ്ച വരെ കര്‍ഫ്യൂ നീട്ടിയിരിക്കുകയാണ്. പ്രതിഷേധക്കാരെ അമര്‍ച്ച ചെയ്യാന്‍ കൊളംബോ നഗരത്തില്‍ സൈന്യത്തെ വിന്യസിച്ചു. അക്രമസംഭവങ്ങളില്‍ 8 പേര് മരിച്ചതോടെ പട്ടാളത്തിനും പൊലീസിനും പ്രസിഡന്റ് ഗോട്ടബയ രാജപക്സെ അടിയന്തരാവസ്ഥകാല അധികാരം നല്കി.
പൊതുമുതല്‍ നശിപ്പിക്കുന്നവരെയും വ്യക്തികളെ ആക്രമിക്കുന്നവരെയും വെടിവയ്ക്കാന്‍ പ്രതിരോധമന്ത്രാലയം സേനകള്‍ക്ക് ഉത്തരവു നല്കി. വ്യക്തികളെ ആക്രമിക്കുന്നവരെയും പൊതുമുതല്‍ നശിപ്പിക്കുന്നവരെയും വാറന്റില്ലാതെ അറസ്റ്റ് ചെയ്യാം.അക്രമികളെ പിടികൂടി പൊലീസിനു കൈമാറും മുന്‍പ് 24 മണിക്കൂര്‍ പട്ടാളത്തിനു കൈവശം വയ്ക്കാം, ചോദ്യം ചെയ്യാം. സ്വകാര്യ വാഹനങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കാനും സേനയ്ക്ക് അധികാരം നല്‍കിയിരിക്കുകയാണ്.
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: