മലപ്പുറം: മൈസൂര്‍ സ്വദേശിയായ പാരമ്പര്യ വൈദ്യനെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി ചാലിയാര്‍ പുഴയിലെറിഞ്ഞ കേസിലെ പ്രതികൾ പിടിയിൽ. കൈപ്പഞ്ചേരി സ്വദേശി ഷൈബിന് അഷ്റഫാണ് കേസിലെ മുഖ്യപ്രതി. 2020 ഒക്ടോബറിലാണ് പാരമ്പര്യ വൈദ്യനായ ഷാബാ ഷെരീഫ് കൊല്ലപ്പെടുന്നത്. മൂലക്കുരു ചികിത്സയ്ക്കുള്ള ഒറ്റമൂലി കൈക്കലാക്കുന്നതിന് വേണ്ടിയാണ് ഷൈബിന് ഷാബായെ കൊലപ്പെടുത്തുന്നത്.
സഹായികളായ കൈപ്പഞ്ചേരി സ്വദേശി പൊന്നക്കാരൻ ഷിഹാബുദ്ദീൻ, കൈപ്പഞ്ചേരി സ്വദേശി തങ്ങളകത്ത് നൗഷാദ്, ഡ്രൈവർ നിലമ്പൂർ മുക്കട്ട സ്വദേശി നടുതൊടിക നിഷാദ് എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു മോഷണകുറ്റത്തിന് പരാതിയുമായി എത്തിയ ഷൈബിനെ പോലീസ് നാടകീയമായി അറസ്റ്റ് ചെയ്യുകയായിരുന്നു. ഷൈബിന് നല്കിയ പരാതിയില്‍ പ്രതി ചേര്‍ക്കപ്പെട്ട വ്യക്തികള്‍ തിരുവനന്തപുരം സെക്രട്ടേറിയറ്റില്‍ മുന്നിൽ ഒത്തുകൂടി പ്രതിഷേധിക്കുകയും അവിടെ വച്ച് ഇവർ പെട്രോൾ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കുകയും പിന്നീട് പോലീസ് പിടിയിൽ ആകുകയും ചെയ്തു.
പോലീസ് ചോദ്യം ചെയ്യലിൽ ഷൈബിന് ഒരു കൊലപാതകം നടത്തിയ വ്യക്തിയാണെന്നും ആരോപിച്ചു. ഇത് അനുസരിച്ച് ഷൈബിന്റെ മുമ്പുള്ള വിവരങ്ങള്‍ ശേഖരിച്ച പോലീസ് കൊലപാതകത്തിന്റെ ചുരുളഴിക്കുകയായിരുന്നു. മൂലക്കുരുവിനുള്ള ഒറ്റമൂലി കൊല്ലപ്പെട്ട ഷാബാ ഷെരീഫിന്റെ കൈക്കലുണ്ടെന്ന് മനസിലാക്കിയ പ്രവാസി കൂടിയായ ഷൈബിന് കൂട്ടാളികളുമൊത്ത് വൈദ്യനെ മൈസൂരില്‍ നിന്ന് കടത്തികൊണ്ട് വരികയായിരുന്നു. തുടര്‍ന്ന് ആളൊഴിഞ്ഞ പ്രദേശത്തുള്ള ഒരു കെട്ടിട്ടത്തില്‍ വച്ച് ഒറ്റമൂലി കൈക്കലാക്കുന്നതിന്റെ ഭാഗമായി ഷാബാ ഷെരീഫിനെ കടുത്ത പീഡന മുറകള്‍ക്ക് വിധേയനാക്കി. ഒന്നരവര്‍ഷത്തോളം ഇപ്രകാരം ഷാബാ ഷെരീഫിനെ പീഡിപ്പിച്ചെങ്കിലും ഇയാളില്‍ നിന്ന് ഒറ്റമൂലിയുടെ വിവരങ്ങള്‍ ലഭിച്ചില്ല. ഒടുവില്‍ മര്‍ദ്ദനത്തിനിടെ കഴിഞ്ഞ ഒക്ടോബറില്‍ ഷാബാ ഷെരീഫ് മരണമടയുകയായിരുന്നു.
കൊലപാതകത്തിന് ശേഷം ഷാബാ ഷെരീഫിന്റെ മൃതശരീരം ഷൈബിനും കൂട്ടാളികളും ചേര്‍ന്ന് കഷണങ്ങളാക്കി നുറുക്കി ചാലിയാര്‍ പുഴയില്‍ എറിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: