ഹിസാര്‍: സിന്ധുനദീ തട സംസ്ക്കാരവുമായി ബന്ധപ്പെട്ട അത്ഭുതകരമായ കണ്ടെത്തലുകളുമായി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ. ഹരിയാനയിലെ ഹിസാറിനടുത്തുള്ള പ്രശസ്തമായ പുരാവസ്തു ഉത്ഖനന മേഖലയായ രാഖിഗഡില്‍ നിന്ന് അയ്യായിരം വര്‍ഷം പഴക്കമുള്ള ആഭരണ നിര്‍മാണ ശാലയുടെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു. 32 കൊല്ലമായി ഇവിടെ ഉത്ഖനനം നടത്തുന്ന പുരാവസ്തുവകുപ്പ്(എഎസ്ഐ) ഇത്രയും വലിയ കണ്ടെത്തല്‍ നടത്തുന്നത് ആദ്യമാണ്.
ചില വീടുകളുടെയും അടുക്കളയുടെയും ആഭരണ നിര്‍മാണ ശാലയുടെയും ശേഷിപ്പുകളാണ് കണ്ടെത്തിയിട്ടുള്ളത്. മേഖല പുരാതനകാലത്ത് വലിയ വാണിജ്യ കേന്ദ്രമായിരുന്നു എന്നതിലേക്കാണ് ഇവ വിരല്‍ ചൂണ്ടുന്നത്. സ്വര്‍ണ, ചെമ്പ് ആഭരണങ്ങളും ആയിരക്കണക്കിന് മണ്‍പാത്രങ്ങളും രാജാക്കന്മാരുടെ മുദ്രകളും കുട്ടികളുടെ കളിപ്പാട്ടങ്ങളും കണ്ടെടുത്തിട്ടുണ്ട്.
‘യുപിയിലെ സിനൗളി, ഹസ്തിനപുരി, രാഖിഗഡ് എന്നിവിടങ്ങളില്‍ രണ്ടു പതിറ്റാണ്ടായി ഞങ്ങള്‍ പഠനത്തിലാണ്. രാഖിഗഡുകാര് ഹസ്തിനപുരിക്കാരുടെ പൂര്‍വ്വികരാണെന്ന് ഇപ്പോള്‍ നിസംശയം പറയാം.’ എഎസ്ഐ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഡോ. സഞ്ജയ് മഞ്ജുള്‍ പറഞ്ഞു. രാഖിഗഡ് പുരാതനകാലത്ത് വ്യാവസായിക നഗരമായി വളര്‍ന്നിരുന്നുവെന്നും മികച്ച ആസൂത്രണമുള്ള നഗരമായിരുന്നു ഇതെന്നും കണ്ടെത്തലുകള്‍ അടിവരയിടുന്നു. വീടുകളും ഉയര്‍ന്ന പ്ലാറ്റ്ഫോമുകളും മികച്ച മലിനജല നിര്‍ഗമന സംവിധാനവും ആയിരുന്നു ഇവിടെ.
സ്ത്രീകളുടെ അസ്ഥികൂടങ്ങള്‍
ഉത്ഖനനത്തിനിടെ 5000 വര്‍ഷം പഴക്കമുണ്ടെന്ന് കരുതുന്ന രണ്ട് സ്ത്രീകളുടെ അസ്ഥികൂടങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇവ ഡിഎന്‍എ പരിശോധനയ്ക്ക് നല്‍കിയിരിക്കുകയാണ്. പുരാതനകാലത്തെ ഭക്ഷണം, സംസ്കാരം എന്നിവയടക്കമുള്ള അമൂല്യമായ വിവരങ്ങള്‍ പരിശോധനയില്‍ നിന്ന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഗവേഷകര്‍. അസ്ഥികൂടങ്ങള്‍ക്കൊപ്പം മണ്‍പാത്രങ്ങളും ആഭരണങ്ങളും മുത്തുകളും ഉണ്ടായിരുന്നു. ഒന്നിനൊപ്പം ചെമ്പില്‍ തീര്‍ത്ത മുഖം നോക്കുന്ന കണ്ണാടിയുമുണ്ടായിരുന്നു.
18 മീറ്റര്‍ നീളമുള്ള ഭിത്തി, അമൂല്യമായ കല്ലുകള്‍, കളിമണ്ണില്‍ തീര്‍ത്ത ഇടനാഴികള്‍, കളിമണ്ണു കൊണ്ടുള്ള രണ്ടു നിര്‍മിതികള്‍,നെരിപ്പോടുകള്‍, ചൂളകള്‍, ആനകളുടെ ചിത്രങ്ങളും ഹാരപ്പന്‍ ലിപിയിലുള്ള എഴുത്തുകളുമുള്ള മുദ്രകള്‍, പട്ടികള്‍, കാളകള്‍ എന്നിവയുടെ രൂപം വരച്ച കളിമണ്‍ ശില്പ്പങ്ങള്, ചോക്കുകല്ലുകൊണ്ടുള്ള മുത്തുകള്‍ തുടങ്ങിയവയും ഖനനത്തില്‍ കണ്ടെടുത്തു. ബജറ്റില്‍ ധനമന്ത്രി നിര്‍മ്മലാ സീതാരാമന് എടുത്തു പറഞ്ഞ ഇന്ത്യയിലെ പ്രധാന പുരാവസ്തു മേഖലകളില്‍ ഒന്നാണ് രാഖിഗഡ്. യുപിയിലെ ഹസ്തിനപുരി, ആസാമിലെ ശിവസാഗര്‍, ഗുജറാത്തിലെ ധോളവീര, തമിഴ്നാട്ടിലെ ആദിച്ചനല്ലൂര്‍ എന്നിവയാണ് മറ്റുള്ളവ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: