മുംബൈ: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ തരിപ്പണമാക്കി ബെംഗളൂരുവിന്റെ വിജയമുന്നേറ്റം. 67 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ബെംഗളൂരു റോയല്‍ ചലഞ്ചേഴ്സ് സ്വന്തമാക്കിയത്. ആദ്യം അടിച്ചൊതുക്കിയും പിന്നീട് എറിഞ്ഞിട്ടും ബെംഗളൂരു പൂര്‍ണ വിജയമാണ് നേടിയത്.
സ്കോര്‍: ബെംഗളൂരു: 192-3, ഹൈദരാബാദ്: 125 (19.2)
മുന്‍നിരയുടെ മികച്ച ബാറ്റിങ്ങാണ് ബംഗളൂരുവിന് വലിയ സ്കോര്‍ നല്‍കിയത്. ആദ്യ പന്തില്‍ വിരാട് കോഹ്ലി പുറത്തായെങ്കിലും ഫാഫ് ഡു പ്ലസിസ്, റജത് പതിഡാര്‍, ഗ്ലന്‍ മാക്സ്വല്‍, ദിനേശ് കാര്‍ത്തിക് എന്നിവര്‍ റണ്‍സ് നേടി. കളിയുടെ ആദ്യ പന്തില്‍ തന്നെ കോഹ്ലി പുറത്തായത് ബെംഗളൂരുവിന് തിരിച്ചടിയായില്ല. പ്ലസിസ് 73 റണ്‍സ് എടുത്ത് പുറത്താകാതെ നിന്നു. പതിഡാര്‍ 48 റണ്‍സും ഗ്ലന്‍ മാക്സ്വല്‍ 33 റണ്‍സും എടുത്ത് പുറത്തായി. അവസാന ഓവറുകളില്‍ ദിനേശ് കാര്‍ത്തിക് തകര്‍ത്തടിച്ചു. കാര്‍ത്തിക് 30 റണ്‍സ് എടുത്ത് പുറത്താകാതെ നിന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിന് തുടക്കം മുതല്‍ പിഴച്ചു. കളിയുടെ ആദ്യ പന്തില്‍ കെയ്ന്‍ വില്യംസണ് റണ്‍ഔട്ടായി. പിന്നീട് അഭിഷേക് വര്‍മ പൂജ്യത്തിന് പുറത്തായി. അര്‍ധസെഞ്ച്വറിയോടെ രാഹുല്‍ ത്രിപാഠി മാത്രമാണ് പിടിച്ചുനിന്നത്. ത്രിപാഠി 58 റണ്‍സ് എടുത്തു. മധ്യനിരയെ വാനിന്ദു ഹസരങ്ക എറിഞ്ഞിട്ടു. എയ്ഡന്‍ മാര്‍ക്രം (21), നിക്കോളാസ് പൂരാന് (19), ജഗദീഷ് സുജിത് (രണ്ട്), ശശാങ്ക് സിങ് (എട്ട്), അമ്രാന്‍ മാലിക് (പൂജ്യം) എന്നിവരെ ഹസരങ്ക പുറത്താക്കി. ഇതോടെ ഹൈദരാബാദ് തകര്‍ച്ചയിലേക്ക് നീങ്ങി. വിജയത്തോടെ ബെംഗളൂരു പ്ലേഓഫ് പ്രതീക്ഷ സജീവമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: