അഹമ്മദാബാദ്: കൊവിഡ് ബാധിച്ച് ഇന്ത്യയില്‍ നാല്പത്തിയേഴു ലക്ഷം പേര് മരിച്ചെന്ന ലോകാരോഗ്യ സംഘടനാ റിപ്പോര്‍ട്ടിനെതിരെ ആരോഗ്യമന്ത്രിമാരുടെ യോഗത്തില്‍ പ്രതിഷേധം. രാജ്യത്തെ മോശമാക്കി ചിത്രീകരിക്കാന്‍ ലക്ഷ്യമിട്ടുള്ള നീക്കമാണ് ലോകാരോഗ്യസംഘടന നടത്തുന്നതെന്ന് കുറ്റപ്പെടുത്തി ഗുജറാത്തിലെ കെവാഡിയയില്‍ നടക്കുന്ന സമ്മേളനം പ്രമേയം പാസാക്കി. 1969 മുതല്‍ ജനന-മരണ രജിസ്ട്രേഷന് നിര്‍ബന്ധമാക്കിയ ഒരു രാജ്യത്താണ് ഇത്രയധികം ‘രഹസ്യമരണങ്ങള്’ നടന്നുവെന്ന് ഡബ്യുഎച്ച്ഒ പറയുന്നതെന്ന് കേന്ദ്രആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ പരിഹസിച്ചു.
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സെന്‍ട്രല്‍ കൗണ്‍സില്‍ സമ്മേളനത്തില്‍ പങ്കെടുത്ത വിവിധ സംസ്ഥാന ആരോഗ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാര്‍ക്കൊപ്പം ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടിനെതിരെ പ്രതികരിച്ചു. സംസ്ഥാന സര്‍ക്കാരുകളെല്ലാം മരണങ്ങള് കൃത്യമായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് മന്ത്രിമാര്‍ വ്യക്തമാക്കി. ബിജെപി ഇതര സര്‍ക്കാരുകളിലെ മന്ത്രിമാരടക്കം ഇരുപത്തിരണ്ടു പേര് ലോകാരോഗ്യസംഘടനയ്ക്കെതിരെ സമ്മേളനത്തില്‍ പ്രസംഗിച്ചു.
ഇന്ത്യയുടെ പ്രതിച്ഛായ തകര്‍ക്കാനുള്ള നീക്കമാണ് ലോകാരോഗ്യസംഘടനയുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നതെന്ന് കര്‍ണ്ണാടക ആരോഗ്യമന്ത്രി കെ. സുധാകര്‍ കുറ്റപ്പെടുത്തി. യുഎന്നില്‍ ലോകാരോഗ്യ സംഘടനയ്ക്കെതിരെ ഇന്ത്യയുടെ പ്രതിഷേധം അറിയിക്കണമെന്ന് മന്ത്രിമാര്‍ ഐക്യകണ്ഠേന ആവശ്യപ്പെട്ടതായും കര്‍ണ്ണാടക ആരോഗ്യമന്ത്രി പറഞ്ഞു.
ഡബ്ല്യുഎച്ച്ഒയുടെ മരണക്കണക്ക് കൃത്രിമമായി കെട്ടിച്ചമച്ചതാണെന്ന് പഞ്ചാബ് ആരോഗ്യമന്ത്രി വിജയ് സിംഗ്ലയും കുറ്റപ്പെടുത്തി. കൊവിഡ് മരണങ്ങള് നാല്പത്തിയേഴു ലക്ഷം ഉണ്ടായെന്ന് അവര്‍ എങ്ങനെ കണ്ടെത്തി? ഇന്ത്യയില്‍ വിവരശേഖരണത്തിന് മികച്ച സംവിധാനങ്ങളാണുള്ളത്. കൊവിഡ് മരണങ്ങളുടെ കണക്കെടുത്ത ലോകാരോഗ്യ സംഘടനയുടെ രീതി തെറ്റിപ്പോയെന്നും പഞ്ചാബ് മന്ത്രി കുറ്റപ്പെടുത്തി.
വന്‍ ഗൂഢാലോചനയാണ് ഇന്ത്യയ്ക്കെതിരെ ലോകാരോഗ്യ സംഘടനയില്‍ നടന്നതെന്ന് മധ്യപ്രദേശ് മന്ത്രി വിശ്വാസ് സാരംഗ് ആരോപിച്ചു. ലോകാരോഗ്യസംഘടനയ്ക്കെതിരെ ലോക ആരോഗ്യ അസംബ്ലിയിലും മറ്റു വേദികളിലും ഇന്ത്യ ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: