ഭാഷയാകുന്ന അമൃത് ഭുജിച്ച് അമരത്വം കൈവരിച്ച പ്രതിഭാശാലി. അമൃതസ്യ പുത്രഃ എന്ന നോവലിലൂടെ ഭാരതീയ ആത്മശോഭയെ ലോകസമക്ഷം അവതരിപ്പിച്ച് ഭാഷാഗുരുഭാവം പൂണ്ട സാഹിത്യകാരന്. മര്‍ത്ത്യജന്മത്തിന്റെ നിസ്സാരത തിരിച്ചറിഞ്ഞ് സ്വതസിദ്ധമായ നര്‍മ്മത്തോടെ സമസ്ത ജീവിതാനുഭവങ്ങളെയും സാമൂഹ്യാവസ്ഥകളെയും നോക്കിക്കാണുകയും കാരുണ്യം ചൊരിയുകയും ചെയ്ത മഹാജ്ഞാനി. ഹാസഭാവത്തോടെ ചുറ്റുപാടുകളെ കാണുകയും വിമര്‍ശിക്കുകയും തിരുത്താന്‍ ശ്രമിക്കുകയും ചെയ്യുന്നൊരു ദയാമൂര്‍ത്തിയെ മാടമ്പില്‍-അദ്ദേഹത്തിന്റെ രചനകളിലൂടെയൊരു യാത്ര നടത്തിയാല്‍- എല്ലായിടത്തും കാണാന്‍ സാധിക്കും. സാഹിത്യത്തില്‍ മാത്രമല്ല, മാടമ്പ് കുഞ്ഞുകുട്ടന് എന്ന ബഹുമുഖ പ്രതിഭാശാലി മനസ്സും ശരീരവുമര്‍പ്പിച്ച സമസ്ത മേഖലകളലും ഈ ഗുരുഭാവം ദര്‍ശിക്കാന്‍ സാധിക്കും. മലയാള സിനിമാരംഗത്ത് അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ച മേഖലകളിലെല്ലാം ഈ ഭാവമുണ്ട്. സാമാന്യജനം കാണുന്ന ഗുരുത്വവും ഗുരുത്വക്കേടുകളും മാടമ്പിന് ഒരുപോലെയായിരുന്നു. ഈശ്വരീയതയിലേക്കുയര്ന്ന ശ്രീരാമകൃഷ്ണ പരമഹംസന് സമസ്തവും ഈശ്വരീയമായി അനുഭവപ്പെട്ടിരുന്നൊരു ഭാവം, ശ്രീരാമകൃഷ്ണചരിതം നോവല്ത്രയമായി മലയാളത്തിന് സമ്മാനിച്ച മാടമ്പില്‍ ഉണ്ടായില്ലെങ്കിലല്ലേ അത്ഭുതപ്പെടാനുള്ളൂ.
ഭാരതീയതയെന്നാല്‍ അത് ആത്മീയതയാണെന്ന് തെളിച്ചുപറയാന്‍ ഒരിക്കലും മടികാണിച്ചിരുന്നില്ല മാടമ്പ്. എഴുത്തിലും പറച്ചിലിലുമെല്ലാം അത് വ്യക്തമാണ്. ശ്രീരാമകൃഷ്ണ പരമഹംസരും രമണമഹര്ഷിയുമാണ് തന്നെ ഏറ്റവുമധികം സ്വാധീനിച്ച വ്യക്തിത്വങ്ങളെന്ന് അദ്ദേഹം ഈ ലേഖകനോട് ഒരിക്കലൊരഭിമുഖത്തില് നേരിട്ട് പറഞ്ഞിട്ടുണ്ട്. അഹത്തെ സര്‍വ്വതിലും കാണുക, സര്‍വ്വതിനെയും അഹത്തിലും കാണുക എന്നതായിരുന്നു രമണമഹര്‍ഷിയുടെ ആത്മീയതയുടെ ഉള്പ്പരിപ്പെന്നാണ് അദ്ദേഹം പറഞ്ഞത്. അതുകൊണ്ടാവുമല്ലോ സ്വന്തം വീട്ടുതൊടിയിലെയൊരു മുള്‍മരത്തെ പ്രണയിനിയായി സങ്കല്‍പ്പിച്ച് അതിനെ ചേലയുടുപ്പിച്ച് പൊട്ടുതൊടുവിച്ച് താലോലിച്ചതുമൊക്കെ. മാടമ്പ് ആലിംഗനം ചെയ്യുമ്പോള്‍ മുള്ളുകളെല്ലാം ഉള്ളിലേക്ക് വലിച്ച് പൂര്ണ്ണപ്രണയഭാവത്തോടെ ആ മുള്‍മരം അദ്ദേഹത്തിലലിയുമായിരുന്നത്രേ. തമാശ കലര്‍ന്ന ഗൗരവത്തിലാണദ്ദേഹമത് പറയാറുള്ളതെങ്കിലും ആ കണ്ണുകളില്‍ പ്രകൃതിയോടുള്ള ലയം നിറഞ്ഞുനില്ക്കുന്നതപ്പോള് കാണാമായിരുന്നു. പൈതൃകം സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞ് തിരിച്ചുവരുമ്പോള്‍ സിനിമയിലഭിനയിക്കാന്‍ കൊണ്ടുവന്ന കഴുതയുമായായിരുന്നു മാടമ്പിന്റെ മടക്കം. ഗീതയെന്ന് പേരിട്ട് കിരാലൂരിലെ മാടമ്പ് മനയില്‍ അവളെ വളര്‍ത്തി. ഒരു പ്രയോജനവുമില്ലാത്ത ഈ ജന്തുവിനെ വളര്ത്തുന്നതെന്തിനെന്ന് പലരും ചോദിച്ചിട്ടും ഉപേക്ഷിക്കാന്‍ തയ്യാറായില്ല. കുരങ്ങുകളിക്കാരനില് നിന്നും അമ്പതുരൂപ കൊടുത്ത് കുരങ്ങിനെ വാങ്ങി വളര്‍ത്തിയതും കാലൊടിഞ്ഞുവീണ പരുന്തിനെ ശുശ്രൂഷിച്ച് വളര്‍ത്തിയതും അതിഥിയായെത്തിയ ചേരയെ വളര്‍ത്തിയതുമൊക്കെ മാടമ്പിന്റെ തമാശകളായി പറയപ്പെടാറുണ്ടെങ്കിലും എല്ലാ ജീവജാലങ്ങളിലും ഈശ്വരചൈതന്യത്തെ ദര്‍ശിക്കുന്ന ആത്മീയതയായിരുന്നു അതിന്റെയെല്ലാം പിന്നിലെ പ്രേരണായെന്ന് അദ്ദേഹംതന്നെ സമ്മതിച്ചിട്ടുണ്ട്.
സംസ്കൃതപഠനമാണ് തന്നെയൊരു എഴുത്തുകാരനാക്കിയതെന്ന് മാടമ്പ് പറയുമായിരുന്നു. സ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം കൊടുങ്ങല്ലൂരില്‍ സംസ്കൃത പഠനത്തിനായി പോയതും പിന്നീട് സംസ്കൃതാദ്ധ്യാപകനായതുമായ കഥകള്‍ നര്‍മ്മരസത്തോടെ വിവരിക്കും. പണ്ഡിതസദസ്സുകളെക്കുറിച്ച് പറയുമ്പോള്‍ അവിടെ ചൊല്ലാറുള്ള സംസ്കൃതശ്ലോകങ്ങളും ഇടതടവില്ലാതെ പ്രവഹിക്കും. അമൃതസ്യ പുത്രഃ, ഗുരുഭാവം, പൂര്‍ണ്ണമിദം എന്നിങ്ങനെയുള്ള നോവല്‍ ത്രയത്തിലും ഭ്രഷ്ടിലും നിഷാദത്തിലും ആര്യാവര്ത്തത്തിലുമെല്ലാം സംസ്കൃത പാണ്ഡിത്യം വ്യക്തമാണല്ലോ. മാടമ്പിന്റെ നോവലുകളുടെ പേരുകള്‍ ശ്രദ്ധിച്ചാലും ഇത് എളുപ്പം മനസ്സിലാകും. അശ്വത്ഥാമാവ്, മഹാപ്രസ്ഥാനം, അവിഘ്നമസ്തു, എന്തരോ മഹാനുഭാവുലു, നിഷാദം, ആര്യാവര്‍ത്തം, അമൃതസ്യപുത്രഃ എന്നിങ്ങനെ പോകുന്നു അവ. തിരക്കഥയെഴുതിയ സിനിമകള്‍ നോക്കൂ. ഗൗരീശങ്കരം, കരുണം, ദേശാടനം എന്നീ സിനിമകളില്‍ ഒരുള്ക്കാമ്പുള്ള സംസ്കൃതജ്ഞാനിയായ തിരക്കഥാകൃത്തിനെയാണ് പരിചയപ്പെടാനാവുക.
സിനിമാക്കാരനായ മാടമ്പിനെക്കാളും സാഹിത്യകാരനായ മാടമ്പിനെക്കാളും വടക്കുംനാഥന്റെ തേക്കിന്‍കാട് മൈതാനത്തു നില്ക്കുമ്പോള് ആനക്കാരനായ മാടമ്പിനെയാണ് തൃശൂര്ക്കാര് കൂടുതലറിയുക. പൂരത്തിനെഴുന്നള്ളിക്കാനെത്തിയ ആനകളുടെയോരോന്നിന്റെയും ലക്ഷണങ്ങള്‍ എണ്ണിയെണ്ണിപ്പറയും മാതംഗശാസ്ത്രകാരനായ ആ ആനഭിഷഗ്വരന്. ഗജവീരന്മാരുടെ മുന്നില്‍ ആനയെക്കാള്‍ പൊക്കമുള്ള തന്റെ ജ്ഞാനമസ്തകമുയര്ത്തിപ്പിടിച്ച് ആ ആനക്കാരന് നില്ക്കും. സാധാരണ ജനങ്ങള്‍ ആ ആനക്കാരനെ ആരാധനയോടെ നോക്കും. കാരുണ്യം വഴിയുന്ന മാടമ്പിന്റെ കണ്ണുകളിലേക്ക് നോക്കുമ്പോള്‍ ഗജവീരന്മാരും തിരിച്ചറിയുന്നുണ്ടാകും തങ്ങളെ ചങ്ങലയണിയിച്ച് നിര്‍ത്തുന്ന മനുഷ്യരുടെ ഗണത്തില്‍പ്പെട്ടയാളല്ല ഇതെന്ന്. ഈശ്വരീയ ഭാവമുള്ള മാതംഗശാസ്ത്രകാരന് ആനകളെ ചികിത്സിക്കാനല്ലേ കഴിയൂ. അഴിച്ചുവിടാനാകില്ലല്ലോ. പാമ്പുപിടുത്തക്കാരന് കൂട്ടിലടച്ച കരിമൂര്‍ഖനെ തുറന്നുവിട്ട മാടമ്പിന് ആനയെ തുറന്നുവിടാന്‍ വിഷമമൊന്നുമുണ്ടാകാന് വഴിയില്ല. പക്ഷെ സമൂഹത്തിന്റെ സ്വഭാവം മനസ്സിലാക്കി ക്ഷമിച്ചതാകും ആ ആനസ്നേഹി.
രാഷ്ട്രീയത്തിലും ഒരു കൈനോക്കിയിരുന്നു മാടമ്പ്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ന്യായാന്യായങ്ങളറിയാതുള്ള കൈപൊള്ളിക്കല് ആയിരുന്നില്ല അത്. ദേശീയതയോടുള്ള ആഭിമുഖ്യമായിരുന്നു ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ഫലം വിജയമോ, പരാജയമോ എന്നതദ്ദേഹത്തിന് വിഷയമായിരുന്നില്ല. തന്റെ പക്ഷം ദേശീയതയുടെ പക്ഷമാണെന്ന പ്രഖ്യാപനമായിരുന്നു അദ്ദേഹത്തിന് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ രംഗപ്രവേശം. ഒരുകാലത്ത് ഇടതുപക്ഷത്ത് ചേര്ന്നുചിന്തിച്ചതിന്റെ ഭോഷ്കിനെക്കുറിച്ച് അദ്ദേഹം ചിരിയോടെ ഓര്‍ക്കാറുണ്ട്. മനുഷ്യനെ മനുഷ്യനായി തിരിച്ചറിയാന്‍ കഴിയാതെപോയതാണ് മാര്‍ക്സിസത്തിന്റെ പരാജയമെന്ന് ഏറ്റവും ലളിതമായി വിശദീകരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞത് ആദ്യകാലാനുഭവങ്ങളാലാണ്. മനുഷ്യനെ തിരിച്ചറിയാന്‍ കഴിയാത്തതുകൊണ്ടാണ് കമ്മ്യൂണിസം ലോകത്തെല്ലായിടത്തുനിന്നും വേരറ്റുപോയതെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്താറുണ്ട്. ആത്മീയതയുടെ തിരസ്കാരം മനുഷ്യനില്‍ ഭൗതികവാദമല്ല ഭോഗവാദമാണുണ്ടാക്കുന്നതെന്നും നര്‍മ്മം പുരട്ടി മാടമ്പ് പറയുമായിരുന്നു. മാടമ്പിലെ രാഷ്ട്രീയക്കാരനെ തിരിച്ചറിയുന്നത് ഇത്തരത്തിലുള്ള ഏറ്റവും ലളിതമായ നര്മ്മഭാഷണങ്ങളിലൂടെയാണ്.
തപസ്യ കലാസാഹിത്യവേദിയുടെ സാരഥിയെന്ന നിലയില്‍ മലയാള കലാസാഹിത്യ ലോകത്തിന് പുതിയൊരു ദിശകാണിച്ചുകൊടുക്കാന് അദ്ദേഹം പ്രകടിപ്പിച്ച നിശ്ചയദാര്‍ഢ്യം എടുത്തുപറയണം. സാഹിത്യത്തിലും കലയിലും ആത്മീയനിരാസത്തിലൂടെ ഭൗതികവാദമുയര്ത്തി സമൂഹത്തില്‍ മൂല്യച്യുതിയുണ്ടാക്കുന്ന ഇടതുപക്ഷ പ്രവണതയ്ക്കെതിരായ കലാപംകൂടിയായിരുന്നു മാടമ്പിന്റെ തപസ്യയുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനം. തപസ്യയുടെ തൃശൂര്‍ ജില്ലാ അദ്ധ്യക്ഷനായും പിന്നീട് സംസ്ഥാന അദ്ധ്യക്ഷനായും അദ്ദേഹം പ്രവര്‍ത്തിച്ചു. സാംസ്കാരിക ദേശീയതയ്ക്കും സൗന്ദര്യാത്മക കലാദര്ശനത്തിനും സാഹിത്യദര്ശനത്തിനും തന്റെ ആത്മജ്ഞാനത്തിന്റെ കരുത്തേകാന്‍ യത്നിച്ചു. തപസ്യയെ സംബന്ധിച്ചിടത്തോളം മാടമ്പിന്റെ നേതൃത്വം അതിന്റെ ആത്മാവ് തന്നെയായിരുന്നു. ആത്മാവിന് നാശമില്ല എന്നതുകൊണ്ടുതന്നെ മലയാളത്തിന്റെ ആ മഹാഗുരു പകര്‍ന്നുനല്‍കിയ ആത്മജ്ഞാനം തപസ്യയുടെ സംഘടനാശരീരത്തിനുള്ളില് പ്രേരണാസ്രോതസ്സായി ഇന്നും ജ്വലിച്ചുനില്ക്കുന്നു.
ദേഹവിയോഗ സമയത്ത് തപസ്യ കലാസാഹിത്യവേദിയുടെ സംസ്ഥാന അദ്ധ്യക്ഷനായിരുന്നു മാടമ്പ് കുഞ്ഞുകുട്ടന് എന്ന മലയാളത്തിന്റെ മഹാഗുരു. ഗുരുപാദങ്ങളെ പിന്തുടര്ന്ന് പ്രവര്‍ത്തനം കൂടുതല്‍ ഊര്ജ്ജസ്വലമാക്കുകയെന്നത് തപസ്യയുടെ സംഘടനാ ദൗത്യമാണ്. ഗുരുസ്മരണ എന്നും കെടാതെ സൂക്ഷിക്കുന്നതിനായുള്ള നിരവധി പ്രവര്‍ത്തന പദ്ധതികളിലൊന്നായിട്ടാണ് മാടമ്പ് സ്മാരക പുരസ്കാരം ഏര്‍പ്പെടുത്തിയിട്ടുള്ളത്. കിരാലൂരില്‍ മാടമ്പ് കുഞ്ഞുകുട്ടന് സ്മാരക സമിതിയും അതിനായി രൂപീകരിച്ചിട്ടുണ്ട്. സിനിമാരംഗത്തും സാമൂഹ്യസേവന രംഗത്തും രാജനൈതികരംഗത്തും സ്തുത്യര്‍ഹമായ സംഭാവനകള്‍ നല്‍കിയിട്ടുള്ള മലയാളത്തിന്റെ മഹാനടന് സുരേഷ് ഗോപിക്കാണ് പ്രഥമ മാടമ്പ് സ്മാരക പുരസ്കാരം നല്‍കുന്നത്.
മലയാളം കൂടുതല്‍ ധന്യമാകുന്നത് അതിന്റെ ഗുരുത്വം പൂര്ണ്ണാദരവോടെ പ്രകടിപ്പിക്കുമ്പോഴാണ്. സാഹിത്യകാരന്മാരും ഭാഷാപണ്ഡിതരും കലാകാരന്മാരും മാത്രമല്ല ആ ആദരസമര്‍പ്പണത്തില്‍ പങ്കാളികളാകേണ്ടത്. മഹാകവി അക്കിത്തത്തിന്റെ വാക്കുകള്‍ കടമെടുത്താല്‍, മലയാളസംസ്കാരത്തെ അമ്മതന്‍ മധുരോദാര വാത്സല്യസ്രുതിതന് പതയായി കരുതുന്ന സഹൃദയരോരോരുത്തരുടെയും കടമയാണ് ആദരസമര്‍പ്പണം. മലയാളത്തിന്റെ ഗുരുഭാവമാണ് മാടമ്പ് കുഞ്ഞുകുട്ടന് എന്ന മഹാനായ സാഹിത്യകാരന്. ആ ഗുരുചരണാംബുജങ്ങളില് പ്രണമിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: