ആറാട്ടുപുഴ എന്നു കേള്‍ക്കുമ്പോള്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആനകളെ അണിനിരത്തുന്ന ഉത്സവത്തിന്റെ വേദിയെന്നാണ് ആരുടെയും മനസ്സില്‍ വരിക. പ്രസിദ്ധമായ തൃപ്രയാര്‍ ശ്രീരാമസ്വാമി തന്റെ കുലഗുരു വസിഷ്ഠമഹര്‍ഷിയുടെ ഇരിപ്പിടമായ ആറാട്ടുപുഴ ക്ഷേത്രത്തില്‍ അദ്ദേഹത്തെ വന്ദിക്കാന്‍ മീനപ്പൂരത്തിന്നാള് എഴുന്നെള്ളുന്നതാണ് ആറാട്ടുപുഴ പൂരം എന്നാണ് വിശ്വാസം. തുടക്കത്തില്‍ 108 ക്ഷേത്രങ്ങളിലെ ഉപദേവതകള്‍ എഴുന്നെള്ളിയിരുന്നു. അക്കൂട്ടത്തില്‍ ഒരേയൊരു ദേവനായ തൃപ്രയാര്‍ സ്വാമിക്ക് അകമ്പടി സേവിക്കുകയാണ് മറ്റു ദേവിമാരത്രേ. ചെറുപ്പത്തില്‍ നാട്ടിലെ ഉത്സവപ്രേമികള്‍ കാണാന്‍ പോകാറുള്ള സ്ഥലമായി ഞാന്‍ ആറാട്ടുപുഴയെ കേട്ടിട്ടുണ്ട്. കേരളമെങ്ങും പൂരപ്രശസ്തി എത്തിയിരുന്ന തലശ്ശേരിയില്‍ പ്രചാരകനായിരുന്ന 1960കളുടെ ആരംഭകാലത്ത് വടക്കന്‍ കോട്ടയത്ത് ശാഖ ആരംഭിക്കാന്‍ ഒരവസരം അവിചാരിതമായി തെളിഞ്ഞുവന്നു. ബ്രണ്ണന്‍ കോളജിലും കണ്ണൂര്‍ പോളിടെക്നിക്കിലും ട്രെയിനിങ് സ്കൂളിലും മറ്റും പഠിച്ചുവന്ന ചില വിദ്യാര്‍ത്ഥികളുമായി ബന്ധം പുലര്‍ത്തിയപ്പോള്‍ തുറന്നുകിട്ടിയതാണത്.
പ്രാന്തപ്രചാരകനായിരുന്ന ഭാസ്കര്‍ റാവുജിയുമായി കാര്യം ചര്‍ച്ച ചെയ്തപ്പോള്‍ ഒരു മാസത്തേക്ക് അവിടെ വിസ്താരകനായി പോകാന്‍ ഒരു സ്വയംസേവകനെ കണ്ടെത്താന്‍ നിര്‍ദ്ദേശിച്ചു. ആള്‍ക്ക് താമസിക്കാന്‍ സ്ഥലം കണ്ടെത്തണമല്ലൊ. കോട്ടയം കോവിലകത്തു പോയി വലിയ തമ്പുരാനെ കണ്ടു സംസാരിക്കാന്‍ പുറപ്പെട്ടു. അദ്ദേഹം അവിടെ താമസസൗകര്യം കൊടുക്കാമെന്ന് ഏറ്റു. പക്ഷേ പിറ്റേന്ന് അദ്ദേഹം ആറാട്ടുപുഴ പൂരം കാണാന്‍ പോകുകയാണ്. അത്തവണ എഴുപതിലേറെ ആനകള്‍ അണിനിരക്കുമത്രേ. വിസ്താരകനായി വരാന്‍ തയ്യാറായ വളപട്ടണത്തെ പരമേശ്വരന്റെ ബന്ധുവായി കോട്ടയത്തെ ക്ഷേത്രത്തില്‍ ശാന്തിക്കാരനുണ്ട്. താന്‍ അദ്ദേഹത്തോടൊപ്പം കൂടിക്കൊള്ളാമെന്നു പരമേശ്വരന് ഏറ്റു. ഭാസ്കര്‍ റാവുജി അതു സമ്മതിച്ചതിനാല്‍ ആ പദ്ധതി നടപ്പായി. ഒന്നോ രണ്ടോ മാസം ആ ശാഖ പ്രവര്‍ത്തിച്ചുവെങ്കിലും തുടരാനായില്ല.
വടക്കേ മലബാറിലും ആറാട്ടുപുഴ പൂരത്തിന് പ്രശസ്തിയുണ്ട് എന്ന് സൂചിപ്പിക്കാനാണിത്രയും കുറിച്ചത്. എനിക്ക് കഴിഞ്ഞയാഴ്ചയില്‍ ആറാട്ടുപുഴ പോകാന്‍ അവസരമുണ്ടായി. സനാതന ധര്‍മ പരിഷത്ത് എന്ന ആത്മീയപ്രസ്ഥാനം, സമാധിയായ Â മൃഡാനന്ദ സ്വാമിയുടെ ഓര്‍മയ്ക്കായി നടത്തിവരുന്ന ഹൈന്ദവ മഹാസമ്മേളനത്തില്‍ പങ്കെടുക്കാനും, അവര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ആദ്ധ്യാത്മിക പുരസ്കാരം ഏറ്റുവാങ്ങാനുമാണ് പോയത്. ഇതിന്റെയൊക്കെ ആത്മീയസ്രോതസ്സായി പ്രവര്‍ത്തിച്ചുവരുന്ന ശ്രീമദ് പുരുഷോത്തമാനന്ദ സരസ്വതിയുടെ നിര്‍ബന്ധപൂര്‍വമായ ക്ഷണം നിരസിക്കാന്‍ എനിക്കു സാധിച്ചില്ല. മേയ് ഒന്നിന് ഒരു പകല്‍ നീണ്ടുനിന്ന ഗംഭീരമായ പരിപാടിയിരുന്നു അത്. സ്ത്രീപുരുഷ ബാലബാലികാ ബാലന്മാരടങ്ങുന്ന ഗംഭീര സദസ്സ്. രാവിലെ മുതല്‍ സായാഹ്നം വരെ അച്ചടക്കത്തോടെ ഏവരും അതില്‍ പങ്കെടുത്തു.
ശ്രീപുരോഷോത്തമാനന്ദജിയെ ഏതാണ്ട് അരനൂറ്റാണ്ടുകാലമായി പരിചയമുണ്ടായിരുന്നു എന്നുപറയുന്നത് വാസ്തവം മാത്രമായിരിക്കില്ല. പൂര്‍വാശ്രമത്തില്‍ വിലങ്ങന്‍ ശ്രീരാമകൃഷ്ണാശ്രമത്തോടു ചേര്‍ന്ന സ്കൂളില്‍ അധ്യാപകനായിരുന്ന കാലത്തും, അതിന് മുന്‍പ് ബാല്യകാലത്ത്, ഞാന്‍ പ്രചാരകനായിരുന്ന കോട്ടയം ജില്ലയിലെ വാഴൂര്‍ ഭാഗത്തെ സ്വയംസേവകനായും പരിചയമുണ്ടായിരുന്നു. വിലങ്ങന്‍ ആശ്രമത്തില്‍ പോ
കാന്‍ എനിക്കവസരമുണ്ടായത് പരമേശ്വര്‍ജിയോടൊപ്പമായിരുന്നു. അവിടെ ശ്രീമദ് ഈശ്വരാനന്ദ സ്വാമിജി വന്നിട്ടുണ്ട് എന്നറിഞ്ഞ പരമേശ്വര്‍ജിക്ക് അദ്ദേഹത്തിന്റെ ദര്‍ശനം കാംക്ഷിച്ചു. ഞാനും അനുഗമിച്ചു. അവിടത്തെ വിദ്യാലയത്തില്‍ ബാലുശ്ശേരിക്കാരന് ശ്രീധരന് (ചിക്കിലോട്)അധ്യാപകനായുണ്ട് എന്നറിയാമായിരുന്നു. അദ്ദേഹത്തേയും കണ്ടു പരിചയം പുതുക്കാന്‍ കഴിഞ്ഞു. തൊടുപുഴക്കാരനായിരുന്ന അവിടത്തെ സംഗീതാധ്യാപകന് പരമേശ്വര്‍ജി എത്തിയ വിവരമറിഞ്ഞു വാഴൂര്‍ക്കാരന്‍ പുരുഷോത്തമനും തിരക്കിയെത്തി. അപ്രതീക്ഷിതമായിരുന്ന ആ കൂടിക്കാഴ്ച. പിന്നീട് പുരുഷോത്തമന് മാസ്റ്ററുമായുള്ള അടുപ്പം കൂടുതല്‍ ഘനിഷ്ഠമായി എന്നുപറയാം.
അദ്ദേഹം ആശ്രമത്തിനടുത്തു തന്നെ സഹധര്‍മിണിയെ കണ്ടെത്തി. അവരുടെ വീട്ടില്‍ പലപ്പോഴും താമസിക്കാനും എനിക്കവസരമുണ്ടായി. വീടും പരിസരങ്ങളും ഏറ്റവും സ്വച്ഛമായി സൂക്ഷിച്ചുവരുന്നതില് അദ്ദേഹത്തിന്റെ കണ്ണെത്തിയിരുന്നു. വാഴൂര്‍ക്കാരന്‍ വീടും പരിസരങ്ങളും സൂക്ഷിക്കുകയും ഒരംഗുലം ഇടംപോലും കൃഷി ചെയ്യാതെ വിടാതിരിക്കുന്നതുമായ ശീലം ആ വീട്ടിന് പരിസരത്തു ഞാന്‍ കണ്ടു. ജനസംഘത്തിന്റെ പ്രവര്‍ത്തനത്തില്‍ അദ്ദേഹം ചുമതല വഹിച്ചിരുന്നു.
അടിയന്തരാവസ്ഥക്കാലത്ത് അദ്ദേഹത്തോടൊപ്പം അവിടത്തെ ഒട്ടേറെ ഉള്‍പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനും യോഗങ്ങളില്‍ പങ്കെടുക്കാനും അവസരമുണ്ടാക്കി. അതിനുശേഷം പുതിയ രാഷ്ട്രീയാന്തരീക്ഷത്തിലും അദ്ദേഹം സജീവമായിരുന്നു. ഭാരതീയ ജനതാപാര്‍ട്ടിയുടെ വിവിധ ചുമതലകള്‍ നിര്‍വഹിച്ച് എല്ലാത്തലത്തിലും ആദരവു നേടി. അങ്ങനെയിരിക്കെ സംന്യാസം സ്വീകരിച്ച് ആത്മീയരംഗത്ത് പ്രവര്‍ത്തിച്ചുവരികയാണ്. ഹിന്ദുജനസമൂഹത്തില് ആത്മീയമായ ഉണര്‍വു സൃഷ്ടിക്കാന്‍ അദ്ദേഹം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ സമൂഹത്തില്‍ സൃഷ്ടിച്ച ചലനങ്ങള്‍ എത്ര ശക്തമാണെന്നതില്‍ ആറാട്ടുപുഴയില്‍ വന്നെത്തിയ ജനസഞ്ചയത്തിന്റെ പെരുമാറ്റം സാക്ഷ്യംവഹിച്ചു.
മൃഡാനന്ദ സ്വാമികളുടെ ശതാബ്ദ ജയന്തിയുടെ ഭാഗമായിരുന്നു എനിക്കു നല്കിയ ആദരവും പുരസ്കാരവും. അതു രണ്ടുവിധത്തില്‍ ചരിതാര്ഥകരമായി. മൃഡാനന്ദ സ്വാമിയുമായി ജന്മഭൂമിയുടെ ആരംഭകാലം മുതല്‍ പരിചയമുണ്ടായിരുന്നു. എറണാകുളം നോര്‍ത്തില്‍ ജന്മഭൂമി പ്രവര്‍ത്തിച്ചിരുന്നപ്പോള്‍ തീവണ്ടി യാത്രക്കിടെ കയറി കുശലം പറയുന്ന പതിവുണ്ടായിരുന്നു അദ്ദേഹത്തിന്. ജന്മഭൂമിക്കു വാരാദ്യപ്പതിപ്പു തുടങ്ങിയപ്പോള്‍ അതിലേക്ക് ഉപദേശരൂപേണയുള്ള കുറിപ്പ് പതിവായി അയച്ചുതരണമെന്ന അഭിപ്രായം അദ്ദേഹം സ്വീകരിച്ചു. പ്രബോധനം എന്ന പേരില്‍ സ്വാമിജി എഴുതി എത്തിച്ചുവന്നു. 150 ലേറെ ലഘുഖണ്ഡികകള് അങ്ങനെ ലഭിച്ചിരുന്നു. ശ്രീരാമകൃഷ്ണ ദേവന്റെ വചനാമൃതത്തില്‍ നിന്ന് ആശയം സ്വീകരിച്ച് എഴുതിയ ഖണ്ഡികകള്‍ ശ്രദ്ധേയമായി. 1997 ല്‍ അവ സമാഹരിച്ചു പുസ്തകമാക്കി തൃശ്ശിവപേരൂരിലെ പൂങ്കുന്നം വിവേകാനന്ദ വിജ്ഞാന ഭവനില്‍ വെച്ച് അദ്ദേഹത്തെക്കൊണ്ടു തന്നെ പ്രസാധനം ചെയ്യിച്ചു. സ്വാമിജിയുടെ പേരില്‍ നടത്തപ്പെട്ട ഹൈന്ദവ സമ്മേളനത്തില്‍ത്തന്നെ പുരസൂതനാവാന് എനിക്കും ഭാഗ്യം സിദ്ധിച്ചു.
ആറാട്ടുപുഴയ്ക്കടുത്തു തന്നെ ഊരകത്ത് പ്രവര്‍ത്തിച്ചുവരുന്ന സഞ്ജീവനി ബാലികാ സദനം സന്ദര്‍ശിക്കാന്‍ അതിനിടെ അവസരം ലഭിച്ചു. നാലുപതിറ്റാണ്ടുകളായി നടന്നുവരുന്ന പ്രശസ്തമായ ബാലികാശ്രമമാണത്. രാഷ്ട്ര സേവികാസമിതിയുടെ ശിക്ഷണ ശിബിരത്തിലേക്കു അന്തേവാസിനികള്‍ പോയതിനാല്‍ അവിടം ഏതാണ്ട് ശൂന്യമായിരുന്നു. നടത്തിപ്പുകാരെ കണ്ടു കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞു. ബാലികാസദനം മാത്രമല്ല വൃദ്ധസദനം കൂടി അവിടെ പ്രവര്‍ത്തിക്കുന്നു. കേരളത്തില്‍നിന്നു മാത്രമല്ല പുറത്തുനിന്നുള്ള അന്തേവാസികളും അവിടെയുണ്ടത്രേ. ഹൈറേഞ്ച്, വയനാട്, കാസര്‍കോട്, അട്ടപ്പാടി എന്നിവിടങ്ങളില്‍ നിന്നുള്ളവരും അന്തേവാസികളായുണ്ടത്രേ. തൊടുപുഴയിലെ പഴക്കംചെന്ന ഒരു സംഘകുടുംബത്തിലെ അംഗമായ സിനിയാണ് ഊരകത്തെ ഈ സ്ഥാപനത്തെ കൈകാര്യം ചെയ്യുന്നത്. വിദ്യാഭ്യാസത്തിനു പുറമേ തൊഴില്‍ പരിശീലനത്തിനും ഉന്നതവിദ്യാഭ്യാസത്തിനും സഞ്ജീവനി സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിക്കൊടുക്കുന്നുണ്ട്.
കേരളത്തിലെ ഹിന്ദു സമൂഹത്തിന് ആധ്യാത്മികമായ ഉത്തേജനം നല്‍കിവരുന്ന കോഴിക്കോട് കൊളത്തൂര്‍ ആശ്രമാധിപതി സ്വാമി ചിദാനന്ദപുരി മഹാരാജിന്റെ കൈകളില്‍നിന്നാണ് പുരസ്കാരം സ്വീകരിക്കാന്‍ ഭാഗ്യമുണ്ടായത്. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ കേള്‍ക്കാന്‍ പലപ്പോഴും അവസരമുണ്ടായിട്ടുണ്ട്. അടുത്തിരുന്ന് ആ വചനങ്ങള്‍ കേള്‍ക്കുന്നതു ആദ്യമായിരുന്നു. ആശ്രമ പരിസരത്തു തന്നെ താമസിക്കുന്ന മുതിര്‍ന്ന സ്വയംസേവകന് പി. വാസുദേവനെക്കുറിച്ചും അദ്ദേഹവുമായി സംസാരിച്ചു. ഞങ്ങള്‍ തമ്മിലുള്ള ഏഴുപതിറ്റാണ്ടുകാലത്തെ ബന്ധം അറിഞ്ഞപ്പോള്‍ സ്വാമിജിക്കു വളരെ സന്തോഷമായി.
പ്രസ്തുത പരിപാടിയില്‍ ഉച്ചയ്ക്ക് മുന്‍പത്തെ ഖണ്ഡത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ നഷ്ടബോധമുണ്ട്. 1960 കള്‍ മുതല്‍ പരിചയവും അടുപ്പവുമുണ്ടായിരുന്ന ഡോ. പുത്തേഴത്തു രാമചന്ദ്രനെ മുഖദാവില്‍ കാണാന്‍ അവസരമുണ്ടായില്ല. അദ്ദേഹം ചങ്ങനാശ്ശേരി കോളജില്‍ അധ്യാപകനായിരുന്നപ്പോഴും, വിദ്യാര്‍ത്ഥി പരിഷത്തിന്റെ സംസ്ഥാനാധ്യക്ഷനായിരുന്നപ്പോഴും, വിശ്വഹിന്ദു പരിഷത്തിന്റെ ദേശീയചുമതലയുണ്ടായിരുന്നപ്പോഴും നല്ല അടുപ്പമുണ്ടായിരുന്നു. കുറെ വര്‍ഷങ്ങളായി കണ്ടിട്ട്.
കൊടുങ്ങല്ലൂരിലെ വിവേകാനന്ദ വിശ്വപ്രതിഷ്ഠാനത്തിന്റെ അധ്യക്ഷ ഡോ. ലക്ഷ്മികുമാരിയുമായി സംസാരിക്കാന്‍ കിട്ടിയ അവസരം പ്രയോജനകരമായി. കൊടുങ്ങല്ലൂരിലെ ആ സ്ഥാപനം സന്ദര്‍ശിക്കാന്‍ ഇതുവരെ എനിക്കവസരമുണ്ടായില്ല. അതൊരു നഷ്ടബോധം സൃഷ്ടിക്കുന്നുവെന്നു സൂചിപ്പിക്കാതെ വയ്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: